
മുംബൈ: മഹാരാഷ്ട്രയിൽ അനുമതിയില്ലാതെ സർക്കാർ സ്കൂളിൽ പ്രവേശിച്ചെന്ന പരാതിയിൽ കോക്രോച്ച് ജനതാ പാർട്ടി സ്ഥാപകൻ അഭിജീത് ദീപ്കെയ്ക്കെതിരെ പൊലീസ് കേസെടുത്തു. അജിങ്ക്യ ഷിൻഡെ ഉൾപ്പെടെയുള്ള മറ്റ് സിജെപി പ്രവർത്തകരെയും പ്രതിചേർത്തിട്ടുണ്ട്. ലാത്തൂരിലെ ഔസ പൊലീസ് സ്റ്റേഷനിലാണ് എഫ്ഐആർ രജിസ്റ്റർ ചെയ്തത്.
ഔസയ്ക്ക് സമീപമുള്ള ജലവാലിയിലെ ജില്ലാ പരിഷത്ത് ഉറുദു സ്കൂളിൽ അനുമതിയില്ലാതെ പ്രവേശിച്ച് ഔദ്യോഗിക പ്രവർത്തനങ്ങൾ തടസ്സപ്പെടുത്തുകയും അധ്യാപകരെ ഭീഷണിപ്പെടുത്തുകയും ചെയ്തെന്നാണ് കേസ്. സ്കൂളിലെ അധ്യാപിക സയ്യിദ് ഷംഷാദ് ബാനോ ഖൈറത്താലി നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി.

‘സ്കൂൾ ഠീക് കരോ’ ക്യാമ്പയിന്റെ ഭാഗമായാണ് ദീപ്കെയും പ്രവർത്തകരും സ്കൂളിലെത്തിയത്. അനുമതിയില്ലാതെ സ്കൂളിൽ പ്രവേശിച്ച സംഘം വിദ്യാർഥികൾക്കൊപ്പം ഇരിക്കുകയും അവരുമായി സംസാരിക്കുകയും ചെയ്തതായി പരാതിയിൽ ആരോപിക്കുന്നു. ഇവരുടെ സന്ദർശനം ക്ലാസുകൾ തടസ്സപ്പെടാനും സ്കൂളിന്റെ ഔദ്യോഗിക പ്രവർത്തനങ്ങൾ മുടങ്ങാനും കാരണമായെന്നും പരാതിയിൽ പറയുന്നു.
സ്കൂൾ സന്ദർശനത്തിന്റെ ദൃശ്യങ്ങൾ പകർത്തി സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചതായും മറ്റൊരു സ്കൂളിലെ വിദ്യാർഥിയെ ഇവിടെ എത്തിച്ച് ക്ലാസിൽ ഇരുത്തിയതായും പരാതിയിലുണ്ട്. അധ്യാപകരെ സസ്പെൻഡ് ചെയ്യുമെന്ന് ഭീഷണിപ്പെടുത്തിയതായും അധ്യാപിക ആരോപിച്ചു. സംഭവത്തിൽ പൊലീസ് അന്വേഷണം തുടരുകയാണ്. അഭിജീത് ദീപ്കെയെ അറസ്റ്റ് ചെയ്തേക്കുമെന്നാണ് സൂചന.


