
മനാമ: ബഹ്റൈൻ സന്ദർശനത്തിനെത്തിയ കർണാടക പ്രദേശ് കോൺഗ്രസ് കമ്മിറ്റി (കെപിസിസി) പ്രസിഡന്റ് ബി. കെ. ഹരിപ്രസാദുമായി ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് (ഐഒസി) ബഹ്റൈൻ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങൾ കൂടിക്കാഴ്ച നടത്തി. ഊഷ്മളവും സൗഹാർദ്ദപരവുമായ അന്തരീക്ഷത്തിൽ നടന്ന കൂടിക്കാഴ്ചയിൽ വിവിധ വിഷയങ്ങളിൽ ആശയവിനിമയം നടത്തി.
ഐഒസി ബഹ്റൈൻ നടത്തിവരുന്ന മെഡിക്കൽ ക്യാമ്പുകൾ, രക്തദാന ക്യാമ്പുകൾ, തൊഴിലാളികൾക്കായുള്ള സഹായ പ്രവർത്തനങ്ങൾ, മറ്റ് ജീവകാരുണ്യ പ്രവർത്തനങ്ങൾ എന്നിവയെക്കുറിച്ച് ജനറൽ സെക്രട്ടറി ഖുർഷിദ് ആലം ഹരിപ്രസാദിനോട് വിശദീകരിച്ചു.
ബഷീർ അമ്പലായി, മുഹമ്മദ് ഗയാസ്, ഇഷ്റത്ത് സലീം, മുഹമ്മദ് നയാസ്, ചന്ദ്രശേഖർ എന്നിവരും കൂടിക്കാഴ്ചയിൽ പങ്കെടുത്തു. പരസ്പരം ആശംസകൾ കൈമാറാനും സൗഹൃദബന്ധങ്ങൾ കൂടുതൽ ദൃഢമാക്കാനും കൂടിക്കാഴ്ച അവസരമായതായി ബഷീർ അമ്പലായി പറഞ്ഞു.
ഐഒസി ബഹ്റൈൻ പ്രസിഡന്റ് മുഹമ്മദ് മൻസൂറിന്റെ ആശംസാ സന്ദേശം ഭാരവാഹികൾ ഹരിപ്രസാദിന് കൈമാറി. അദ്ദേഹത്തിന്റെ തുടർപ്രവർത്തനങ്ങൾക്ക് വിജയാശംസകളും നേർന്നു.


