മലപ്പുറം: കരിപ്പൂര്‍ വിമാനത്താവളത്തിലെ സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട് സി.ഐ.എസ്.എഫ്. അസി. കമാന്‍ഡന്റിന് സസ്പെന്ഷന്. കരിപ്പൂരിലെ സി.ഐ.എസ്.എഫ്. അസി. കമാന്‍ഡന്റായ ഹരിയാണ സ്വദേശി നവീന്‍കുമാറിനെയാണ് സി.ഐ.എസ്.എഫ്. ഡയറക്ടര്‍ ജനറല്‍ സസ്പെന്‍ഡ് ചെയ്തത്. സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് കഴിഞ്ഞദിവസമാണ് നവീനെ പോലീസ് കസ്റ്റഡിയിലെടുത്തത്. ഇതിനുപിന്നാലെയാണ് സസ്പെന്ഷന് നടപടി. കരിപ്പൂര്‍ വിമാനത്താവളംവഴിയുള്ള സ്വര്‍ണക്കടത്തിന് സി.ഐ.എസ്.എഫ്. ഉദ്യോഗസ്ഥനായ നവീനും രണ്ട് ഉന്നത കസ്റ്റംസ് ഉദ്യോഗസ്ഥരും കൂട്ടുനിന്നതായാണ് പോലീസിന്റെ കണ്ടെത്തല്‍. അറുപതോളം തവണയാണ് ഇവര്‍ സ്വര്‍ണക്കടത്ത് ഏകോപിപ്പിച്ചത്.
വിമാനത്താവളത്തിലെ കസ്റ്റംസ് ഉദ്യോഗസ്ഥന്റെ ഡ്യൂട്ടി ചാര്‍ട്ട് സ്വര്‍ണക്കടത്ത് സംഘത്തിന് കൈമാറിയത് നവീന്‍ ആണെന്നും പോലീസ് കണ്ടെത്തിയിരുന്നു. ഇതിനുപിന്നാലെയാണ് ഇയാളെ കസ്റ്റഡിയിലെടുത്ത് ചോദ്യംചെയ്തത്. ബുധനാഴ്ച രാവിലെ നവീന്റെ കുളത്തൂര്‍ തലേക്കരയിലുള്ള വാടകവീട്ടിലും കൊണ്ടോട്ടി ഡിവൈ.എസ്.പി. മൂസ വള്ളിക്കാടന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം പരിശോധന നടത്തിയിരുന്നു. കള്ളക്കടത്തില്‍ നവീനിനുള്ള പങ്ക് വ്യക്തമായതിനെത്തുടര്‍ന്ന് കൂടുതല്‍ തെളിവു ശേഖരിക്കാനായിരുന്നു പരിശോധന. കള്ളക്കടത്ത് സംഘങ്ങളില്‍നിന്ന് പണം കൈപ്പറ്റിയതുമായി ബന്ധപ്പെട്ട് ചില വിവരങ്ങള്‍ പോലീസിനു കിട്ടിയതായി സൂചനയുണ്ട്. ചില ബാങ്ക് രേഖകള്‍, മൊബൈല്‍ ഫോണ്‍ തുടങ്ങിയവ പോലീസ് കണ്ടെടുത്തു. പരിശോധന വൈകീട്ട് മൂന്നുവരെനീണ്ടു. കള്ളക്കടത്തില്‍ ഉള്‍പ്പെട്ട രണ്ട് ഉന്നത കസ്റ്റംസ് ഉദ്യോഗസ്ഥരെക്കുറിച്ചുള്ള വിശദാംശങ്ങളാണ് പോലീസ് ഇയാളില്‍നിന്ന് തേടുന്നത്. ജില്ലാ പോലീസ് മേധാവി സുജിത്ത് ദാസും കൊണ്ടോട്ടി സ്റ്റേഷനില്‍ നേരിട്ടെത്തി അന്വേഷണപുരോഗതി വിലയിരുത്തിയിരുന്നു.