കൽപറ്റ: പതാക വിവാദത്തിൽ കോൺഗ്രസിനെതിരെ രൂക്ഷ പരിഹാസവുമായി ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. ഞങ്ങൾ ഞങ്ങളുടെ താമര ചിഹ്നമുള്ള പതാകയേന്തുന്നത് അഭിമാനമായാണ് കാണുന്നതെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു കോൺഗ്രസിനുനേരെ സുരേന്ദ്രന്റെ ഒളിയമ്പ്. ആർക്കും തങ്ങളുടെ അതിൽ നിന്ന് തടയാനാകില്ലെന്നും കെ സുരേന്ദ്രൻ എക്സിലെ പോസ്റ്റിലൂടെ പറഞ്ഞു. വയനാട്ടിൽ കെ സുരേന്ദ്രനും സ്മൃതി ഇറാനിയ്ക്കും ബിജെപി കൊടിയേന്തിയ പ്രവർത്തകർ അഭിവാദ്യമർപ്പിക്കുന്ന ദൃശ്യങ്ങൾ പങ്കുവച്ചുകൊണ്ടായിരുന്നു കെ സുരേന്ദ്രന്റെ എക്സ് പോസ്റ്റ്. ഞങ്ങളുടെ പതാക ഉയർത്തിപ്പിടിക്കുന്നതിൽ ഞങ്ങൾ അഭിമാനിക്കുന്നു. ഞങ്ങൾ ഭാരത മാതാ കി ജയ് വിളിക്കും. അതിൽ നിന്നും ഞങ്ങളെ തടയാൻ ആർക്കും സാധിക്കില്ലെന്നും കെ സുരേന്ദ്രൻ എക്സിൽ കുറിച്ചു.
തീവ്രവാദികളുടെ പിന്തുണയോടെയാണ് രാഹുൽ ഗാന്ധി മത്സരിക്കുന്നത് എന്നും അത് മറച്ചു വെക്കാനാണ് കൊടി പിടിക്കാത്ത തന്ത്രം എന്നും കെ സുരേന്ദ്രൻ ആരോപിച്ചു. പിന്നാലെ കേന്ദ്ര മന്ത്രി സ്മൃതി ഇറാനിയും കടുത്ത വിമർശനവുമായി എത്തി. നിരോധിച്ച പിഎഫ്ഐയുടെ പിന്തുണ ആണ് രാഹുൽ ഗാന്ധിക്ക് എന്നായിരുന്നു വിമർശനം. കഴിഞ്ഞ തവണ വയനാട്ടിൽ ലീഗ് കൊടി പിടിച്ചത് വിവാദമായതെങ്കിൽ ഇക്കുറി കൊടി ഒഴിവാക്കിയത് കോൺഗ്രസിനെ ശരിക്കും പ്രതിരോധത്തിൽ ആകുകയാണ്.