
മനാമ: ബഹ്റൈൻ കായികരംഗത്തിന് പുതിയ അധ്യായം കുറിച്ച് രാജ്യത്തെ ആദ്യ പൊതുസ്കേറ്റിംഗ് കേന്ദ്രം ഉദ്ഘാടനം ചെയ്തു. ഷൈഖ് ഹമദ് ബിൻ നാസർ ബിൻ ഹമദ് അൽ ഖലീഫയും, ഷൈഖ് മുഹമ്മദ് ബിൻ നാസർ ബിൻ ഹമദ് അൽ ഖലീഫയും ചേർന്നാണ് കേന്ദ്രം ഉദ്ഘാടനം നിർവഹിച്ചത്.

രാജാവിൻറെ മാനവിക പ്രവർത്തന-യുവജനകാര്യ പ്രതിനിധിയും സുപ്രീം കൗൺസിൽ ഫോർ യൂത്ത് ആൻഡ് സ്പോർട്സിന്റെ ചെയർമാനുമായ ഷൈഖ് നാസർ ബിൻ ഹമദ് അൽ ഖലീഫയുടെ നിർദേശപ്രകാരമാണ് പദ്ധതി നടപ്പാക്കിയത്.

യുവാക്കൾക്കായി ആധുനിക കായിക സൗകര്യങ്ങൾ ഒരുക്കുക, കഴിവുകൾ കണ്ടെത്തി വളർത്തുക, കായിക മേഖലയുടെ വികസനത്തിന് പിന്തുണ നൽകുക എന്നീ ലക്ഷ്യങ്ങളോടെയാണ് ഈ സംരംഭം യാഥാർഥ്യമായത്.

ഉദ്ഘാടന ചടങ്ങിൽ യുവജനകാര്യ മന്ത്രി റവാൻ ബിന്റ് നജീബ് തൗഫീഖി, ജനറൽ സ്പോർട്സ് അതോറിറ്റി ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ ഡോ. അബ്ദുൽറഹ്മാൻ സാദിഖ് അസ്കർ എന്നിവരടക്കമുള്ള നിരവധി ഉന്നത ഉദ്യോഗസ്ഥർ പങ്കെടുത്തു.

സ്കേറ്റിംഗ് കായിക ഇനം ഒളിമ്പിക്സിൽ ഉൾപ്പെട്ടതിനെ തുടർന്ന് ലോകമെമ്പാടും ഇതിന് വലിയ സ്വീകാര്യത ലഭിച്ച സാഹചര്യത്തിലാണ് ബഹ്റൈനിൽ പ്രത്യേക പൊതുസൗകര്യം ഒരുക്കിയത്. സ്കേറ്റിംഗ് പ്രേമികൾക്ക് സുരക്ഷിതവും ആധുനികവുമായ പരിശീലന-വിനോദ അന്തരീക്ഷം കേന്ദ്രം നൽകും.

കായിക വിനോദത്തിനൊപ്പം സൃഷ്ടിപരതയും സാമൂഹിക ഇടപെടലുകളും പ്രോത്സാഹിപ്പിക്കുന്ന ഒരു കമ്മ്യൂണിറ്റി സ്പേസായും ഈ കേന്ദ്രം പ്രവർത്തിക്കും.

യുവാക്കൾക്ക് ആരോഗ്യകരമായ ജീവിതശൈലി പിന്തുടരാനും വിവിധ കായിക പ്രവർത്തനങ്ങളിൽ സജീവമായി പങ്കെടുക്കാനും ഇത് പ്രചോദനമാകുമെന്ന് അധികൃതർ അറിയിച്ചു.

സുപ്രീം കൗൺസിൽ ഫോർ യൂത്ത് ആൻഡ് സ്പോർട്സ്, ജനറൽ സ്പോർട്സ് അതോറിറ്റി, ഇൻഫ്രാകോർപ്പ്, പ്രീമിയർ ക്യൂ എന്നിവയുടെ സഹകരണത്തോടെയാണ് പദ്ധതി നടപ്പാക്കിയത്.

ബഹ്റൈനിലെ കായിക അടിസ്ഥാനസൗകര്യ വികസനത്തിൽ സുപ്രധാന നാഴികക്കല്ലായ ഈ പദ്ധതി, യുവപ്രതിഭകൾക്ക് പുതിയ അവസരങ്ങൾ തുറന്ന് നൽകുകയും രാജ്യത്തിന്റെ കായിക പുരോഗതിക്ക് കൂടുതൽ കരുത്തേകുകയും ചെയ്യുമെന്ന് വിലയിരുത്തപ്പെടുന്നു.


