
ന്യൂഡൽഹി: പശ്ചിമേഷ്യയിലെ സംഘർഷം രൂക്ഷമാകുന്ന സാഹചര്യത്തിൽ യുഎഇ ഉൾപ്പെടെയുള്ള ഉയർന്ന അപകടസാധ്യതയുള്ള ഗൾഫ് രാജ്യങ്ങളിലേക്കുള്ള വിമാന സർവീസുകൾ താത്കാലികമായി നിർത്തിവയ്ക്കണമെന്ന് എയർലൈൻ പൈലറ്റ്സ് അസോസിയേഷൻ ഓഫ് ഇന്ത്യ ആവശ്യപ്പെട്ടു. സമഗ്രമായ സുരക്ഷാ അവലോകനം പൂർത്തിയാകുന്നതുവരെ ഇന്ത്യൻ വിമാനക്കമ്പനികൾ ഈ മേഖലയിലേക്കുള്ള സർവീസുകൾ ഒഴിവാക്കണമെന്നാണ് സംഘടന കേന്ദ്രസർക്കാരിനോട് അഭ്യർഥിച്ചത്.
അമേരിക്ക–ഇറാൻ സംഘർഷം സിവിൽ വ്യോമയാന മേഖലയ്ക്ക് ഗുരുതരമായ സുരക്ഷാഭീഷണി ഉയർത്തുന്നതായി സംഘടന ചൂണ്ടിക്കാട്ടി. ഇതുസംബന്ധിച്ച് കേന്ദ്ര വ്യോമയാനമന്ത്രി റാംമോഹൻ നായിഡുവിനും ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ മേധാവിക്കും കത്ത് നൽകിയിട്ടുണ്ട്.
ദുബൈ, അബുദാബി എന്നിവിടങ്ങൾക്കെതിരായ ഭീഷണികളും മേഖലയിലെ സൈനിക നീക്കങ്ങളും വിമാന സർവീസുകളുടെ അപകടസാധ്യത വർധിപ്പിക്കുന്നതായി കത്തിൽ പറയുന്നു. സംഘർഷബാധിത പ്രദേശങ്ങളിലൂടെയോ സമീപ വ്യോമപാതകളിലൂടെയോ സഞ്ചരിക്കുന്ന വിമാനങ്ങൾ നിരവധി വെല്ലുവിളികൾ നേരിടേണ്ടിവരുന്നുണ്ടെന്നും സംഘടന വ്യക്തമാക്കി.
വിമാന ജീവനക്കാർക്ക് കൃത്യസമയത്ത് വിവരങ്ങൾ ലഭിക്കുന്നതിലെ പരിമിതി, ജിപിഎസ് തടസ്സങ്ങൾ, പെട്ടെന്ന് മാറുന്ന വ്യോമപാത നിയന്ത്രണങ്ങൾ, മിസൈൽ ആക്രമണസാധ്യത, ഇലക്ട്രോണിക് യുദ്ധമുറകൾ തുടങ്ങിയവയാണ് പ്രധാന ഭീഷണികളായി ചൂണ്ടിക്കാട്ടുന്നത്.
ഇത്തരമൊരു സാഹചര്യത്തിൽ ചെറിയൊരു ആശയക്കുഴപ്പംപോലും വലിയ ദുരന്തത്തിലേക്ക് നയിച്ചേക്കാമെന്ന് പൈലറ്റുമാരുടെ സംഘടന മുന്നറിയിപ്പ് നൽകി. വ്യോമയാന വിദഗ്ധരും സുരക്ഷാ ഏജൻസികളും സംയുക്തമായി സ്ഥിതിഗതികൾ വിലയിരുത്തി സർവീസുകൾ സുരക്ഷിതമായി നടത്താമെന്ന് സ്ഥിരീകരിക്കുന്നതുവരെ ഗൾഫ് മേഖലയിലേക്കുള്ള വിമാന സർവീസുകൾ താത്കാലികമായി നിർത്തണമെന്നാണ് ആവശ്യം.
അമേരിക്കയും ഇറാനും തമ്മിലുള്ള സംഘർഷം വീണ്ടും രൂക്ഷമായതോടെയാണ് പൈലറ്റുമാരുടെ സംഘടന സുരക്ഷാ ആശങ്കകൾ ഉന്നയിച്ചിരിക്കുന്നത്. മേഖലയിൽ സമാധാനാന്തരീക്ഷം നിലനിന്നതിന് പിന്നാലെയാണ് ഇരുരാജ്യങ്ങളും വീണ്ടും നേർക്കുനേർ വന്നത്.


