
തിരുവനന്തപുരം: സർക്കാർ പ്ലീഡർമാരുടെ നിയമനവുമായി ബന്ധപ്പെട്ട വിവാദത്തിൽ കെഎസ്യു സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യറിന് പറയാനുള്ളത് സശ്രദ്ധം കേട്ടതായി മുഖ്യമന്ത്രി വി.ഡി. സതീശൻ. നൂറിലധികം സർക്കാർ പ്ലീഡർമാരെ നിയമിച്ചതിൽ രണ്ട് നിയമനങ്ങൾക്കെതിരെ മാത്രമാണ് ആക്ഷേപം ഉയർന്നതെന്നും മുൻ സർക്കാരുകളുടെ കാലത്തെ നിയമനങ്ങൾ കൂടി പരിശോധിക്കണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു.
അലോഷ്യസ് സേവ്യറിന് മുഖ്യമന്ത്രിയെ കാണാൻ അനുമതി നിഷേധിച്ചെന്ന മാധ്യമവാർത്തകൾ തെറ്റാണെന്ന് അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രിയുടെ ഓഫീസ് ആർക്കും സന്ദർശനാനുമതി നിഷേധിക്കാറില്ല. സാധാരണക്കാർ മുതൽ വ്യവസായികളും രാഷ്ട്രീയ നേതാക്കളും ഉൾപ്പെടെ നിരവധി പേർ തന്നെ കാണാറുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
തേവര കോളജിലെ പരിപാടിക്കിടെ അലോഷ്യസിനെ കണ്ടിട്ടും സംസാരിക്കാതെ പോയെന്ന ആരോപണവും മുഖ്യമന്ത്രി നിഷേധിച്ചു. പരിപാടി കഴിഞ്ഞ് ഉച്ചയ്ക്ക് 2.50ന് മടങ്ങിയെന്നും മൂന്നുമണിക്ക് പ്രധാനമന്ത്രിയുടെ ഓൺലൈൻ പരിപാടിയിൽ പങ്കെടുക്കേണ്ടതിനാൽ തിരക്കിട്ട് പോകുകയായിരുന്നുവെന്നും അദ്ദേഹം വിശദീകരിച്ചു. അന്ന് രാവിലെ മുതൽ ഉച്ചവരെ എറണാകുളം ഗസ്റ്റ് ഹൗസിലുണ്ടായിരുന്ന വിവരം അലോഷ്യസിനെ അറിയിച്ചിരുന്നതായും മുഖ്യമന്ത്രി പറഞ്ഞു.
പ്ലീഡർ നിയമനവുമായി ബന്ധപ്പെട്ട് കെഎസ്യുവിനെതിരെ ഒന്നും പറഞ്ഞിട്ടില്ല. തിരുവനന്തപുരം ലോ കോളജ് കെഎസ്യു യൂണിറ്റിന് നിയമനത്തിൽ എതിർപ്പുണ്ടെന്ന് മാധ്യമപ്രവർത്തകർ ചൂണ്ടിക്കാട്ടിയപ്പോൾ, ലോ കോളജ് യൂണിറ്റിനോട് ചോദിച്ചാണോ പ്ലീഡറെ നിയമിക്കുന്നതെന്ന് മാത്രമാണ് ചോദിച്ചതെന്നും അദ്ദേഹം വ്യക്തമാക്കി.


