
മനാമ: ബഹ്റൈനിൽ കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ എണ്ണയിതര വരുമാനത്തിൽ 15 ശതമാനത്തിന്റെ വർധന രേഖപ്പെടുത്തി. 2024-ലെ യഥാർത്ഥ വരുമാന കണക്കുകളുമായി താരതമ്യം ചെയ്യുമ്പോഴാണ് ഈ നേട്ടം.
ഡിസംബർ 31ന് അവസാനിച്ച സാമ്പത്തിക വർഷത്തെ അന്തിമ കണക്കുകൾ പ്രകാരം രാജ്യത്തിന്റെ ആകെ പൊതുവരുമാനം 2.688 ശതകോടി ദീനാറും ആകെ ചെലവ് 4.454 ശതകോടി ദീനാറുമാണ്. ഇതോടെ ബജറ്റ് കമ്മി 1.766 ശതകോടി ദീനാറായി. മുൻകൂട്ടി കണക്കാക്കിയിരുന്ന 1.476 ശതകോടി ദീനാറിനെക്കാൾ 290 ദശലക്ഷം ദീനാറിന്റെ വർധനയാണ് കമ്മിയിൽ ഉണ്ടായത്.
എണ്ണയിതര വരുമാനം 1.387 ശതകോടി ദീനാറിലെത്തിയപ്പോൾ എണ്ണ വരുമാനം 1.301 ശതകോടി ദീനാറായിരുന്നു. ആകെ പൊതുവരുമാനത്തിന്റെ 52 ശതമാനവും എണ്ണയിതര മേഖലയിൽ നിന്നാണ് ലഭിച്ചത്.
ഫീസുകളും സേവനങ്ങളും വഴി 1.090 ശതകോടി ദീനാർ വരുമാനം ലഭിച്ചു. ഇത് പ്രതീക്ഷിച്ചതിനെക്കാൾ 43.764 ദശലക്ഷം ദീനാർ കൂടുതലാണ്. മൂല്യവർധിത നികുതി വഴി 627.352 ദശലക്ഷം ദീനാറും മൾട്ടിനാഷണൽ എന്റർപ്രൈസ് ഇൻകം ടാക്സ് വഴി 103.962 ദശലക്ഷം ദീനാറും സമാഹരിച്ചു.
സർക്കാർ കടത്തിന്റെ പലിശ ഒഴിവാക്കിയുള്ള പൊതുചെലവ് 3.402 ശതകോടി ദീനാറാണ്. ആവർത്തനച്ചെലവ് 4.136 ശതകോടി ദീനാറും പദ്ധതി ചെലവ് 317.932 ദശലക്ഷം ദീനാറുമാണ്.
ആവർത്തനച്ചെലവിൽ തൊഴിൽ ചെലവുകൾക്കായി 1.424 ശതകോടി ദീനാറും സാമൂഹിക സുരക്ഷാ പദ്ധതികൾക്ക് 578 ദശലക്ഷം ദീനാറും മറ്റ് പ്രവർത്തന ചെലവുകൾക്ക് 1.082 ശതകോടി ദീനാറും കടത്തിന്റെ പലിശയായി 1.052 ശതകോടി ദീനാറും ഉൾപ്പെടുന്നു. രാജ്യത്തിന്റെ ആകെ പൊതുകടം 22.166 ശതകോടി ദീനാറാണ്. ഇത് മൊത്ത ആഭ്യന്തര ഉൽപ്പാദനത്തിന്റെ ഏകദേശം 120 ശതമാനത്തോളം വരും.


