Author: news editor

മനാമ: ബഹ്‌റൈനില്‍ ഒക്ടോബര്‍ 19 മുതല്‍ 25 വരെ ലേബര്‍ മാര്‍ക്കറ്റ് റെഗുലേറ്ററി അതോറിറ്റി (എല്‍.എം.ആര്‍.എ) നടത്തിയ പരിശോധനകളില്‍ നിയമവിരുദ്ധമായി രാജ്യത്ത് തങ്ങുന്നവരെന്ന് കണ്ടെത്തിയ 73 വിദേശ തൊഴിലാളികളെ നാടുകടത്തി.1,582 പരിശോധനകളാണ് നടത്തിയത്. 15 നിയമലംഘകരും ക്രമരഹിതരുമായ തൊഴിലാളികളെ കസ്റ്റഡിയിലെടുക്കുകയും ചെയ്തു.പരിശോധനകളില്‍ നിരവധി നിയമലംഘനങ്ങള്‍ കണ്ടെത്തി. ഇതിനെതിരെ നിയമനടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്ന് എല്‍.എം.ആര്‍.എ. അറിയിച്ചു. വിവിധ സര്‍ക്കാര്‍ വകുപ്പുകളുമായി സഹകരിച്ചാണ് പരിശോധനകള്‍ നടത്തിയത്.

Read More

മനാമ: ബഹ്‌റൈനില്‍ നവംബര്‍ 9 മുതല്‍ ബഹ്‌റൈന്‍ കണ്ടംപററി ആര്‍ട്ട് അസോസിയേഷന്‍ ഫലസ്തീന്‍ കലാപ്രദര്‍ശനം സംഘടിപ്പിക്കും.പലസ്തീന്‍ എംബസിയുമായി സഹകരിച്ച് പലസ്തീന്‍ ജനതയ്ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചുകൊണ്ടാണ് പ്രദര്‍ശനം. മനാമയിലെ അസോസിയേഷന്‍ ആസ്ഥാനത്ത് നടക്കുന്ന പ്രദര്‍ശനം പലസ്തീന്‍ അംബാസഡര്‍ ആരിഫ് യൂസഫ് സാലിഹ് ഉദ്ഘാടനം ചെയ്യും.വിവിധയിനം ദൃശ്യകലാസൃഷ്ടികള്‍ ഇവിടെ പ്രദര്‍ശിപ്പിക്കും. കലാസൃഷ്ടികള്‍ വിറ്റുകിട്ടുന്ന തുക പലസ്തീനിലെ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് സംഭാവനയായി നല്‍കും.

Read More

മനാമ: ബഹ്‌റൈനില്‍ ഒരാഴ്ച മുമ്പ് കടലില്‍ വീണ് കാണാതായ കടല്‍ യാത്രികനെ ഇതുവരെ കണ്ടെത്താനായില്ല.ഇയാള്‍ക്കു വേണ്ടി തിരച്ചില്‍ തുടരുകയാണ്. രണ്ടു ബോട്ടുകള്‍ കൂട്ടിയിടിച്ചാണ് ഒരു ബോട്ടിലുണ്ടായിരുന്ന മൂന്നു പേരിലൊരാള്‍ കടലില്‍ വീണത്. ഈ അപകടമുണ്ടായ സാഹചര്യത്തെക്കുറിച്ച് അന്വേഷണം നടക്കുന്നുണ്ടെന്ന് ആഭ്യന്തര മന്ത്രി ജനറല്‍ ഷെയ്ഖ് റാഷിദ് ബിന്‍ അബ്ദുല്ല അല്‍ ഖലീഫ പറഞ്ഞു.നിയമവിരുദ്ധമായി മീന്‍ പിടിക്കുന്നതിനിടയിലാണ് അപകടമുണ്ടായതെന്ന് റിപ്പോര്‍ട്ടുണ്ട്. ഇയാളോടൊപ്പം ബോട്ടിലുണ്ടായിരുന്ന രണ്ടു പേരെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

Read More

മനാമ: സംസ്‌കാരം, സര്‍ഗാത്മകത, സമൂഹമനസ് എന്നിവ പ്രതിഫലിപ്പിക്കുന്ന രണ്ടാമത് സഫാഹത്ത് പുസ്തകമേള സീഫ് മാളില്‍ ആരംഭിച്ചു.നവംബര്‍ 30 വരെ നീണ്ടുനില്‍ക്കുന്ന പുസ്തകമേളയില്‍ മദ്ധ്യപൗരസ്ത്യ മേഖലയിലൂടനീളമുള്ള പ്രസാധകര്‍, ലൈബ്രറികള്‍ എന്നിവര്‍ പങ്കെടുക്കുന്നുണ്ട്. വൈവിധ്യമാര്‍ന്ന അറബി, ഇംഗ്ലീഷ് ഗ്രന്ഥങ്ങള്‍ മേളയിലുണ്ട്.ബഹ്‌റൈനി, ഗള്‍ഫ് എഴുത്തുകാര്‍ അവരുടെ ഗ്രന്ഥങ്ങള്‍ ആവശ്യക്കാര്‍ക്ക് ഒപ്പുവെച്ച് നല്‍കുന്നു. കൂടാതെ കുട്ടികളുടെ കഥ പറച്ചില്‍ സെഷനുകള്‍, കരകൗശല ശില്‍പശാലകള്‍ എന്നിവയുമുണ്ട്.രണ്ടാം വര്‍ഷവും ഈ പരിപാടി സംഘടിപ്പിക്കുന്നതില്‍ അഭിമാനമുണ്ടെന്ന് സീഫ് പ്രോപ്പര്‍ട്ടീസിന്റെ ചീഫ് കോമേഴ്‌സ്യല്‍ ഓഫീസര്‍ ദുഐജ് അല്‍ റുഹൈമി പറഞ്ഞു. സീഫ് മാളിനെ ഒരു സാംസ്‌കാരിക ഒത്തുചേരല്‍ കേന്ദ്രമാക്കിമാറ്റുകയെന്ന കമ്പനിയുടെ ലക്ഷ്യത്തിന്റെ ഭാഗമായാണിതെന്നും അദ്ദേഹം പറഞ്ഞു.

Read More

മനാമ: ബഹ്‌റൈനില്‍ തൊഴില്‍ വിസ നല്‍കുന്നതില്‍ നിയന്ത്രണം വേണമെന്ന ആവശ്യവുമായി ഡോ. മുനീര്‍ സെറൂര്‍ എം.പി.സര്‍ക്കാര്‍ അനുബന്ധ സ്ഥാപനങ്ങളിലെ തസ്തികകളിലെ ഒഴിവുകളിലേക്ക് ബഹ്‌റൈനികളില്ലെങ്കില്‍ മാത്രമേ വിദേശികള്‍ക്ക് നിയമനം നല്‍കാവൂ എന്ന് അദ്ദേഹം പാര്‍ലമെന്റ് മുമ്പാകെ വെച്ച നിര്‍ദേശത്തില്‍ പറയുന്നു. നിരവധി സീനിയര്‍, മിഡ് ലെവല്‍ തസ്തികകളില്‍ ഏറെക്കാലമായി വിദേശികള്‍ ജോലി ചെയ്യുന്നുണ്ട്. ഇത് ബഹ്‌റൈനികളുടെ അവസരങ്ങള്‍ ഇല്ലാതാക്കുന്നു.ഇപ്പോള്‍ പരിശീലനം നേടിയ സ്വദേശി ഉദ്യോഗാര്‍ത്ഥികള്‍ ധാരാളമുണ്ട്. അച്ചടക്കം, അനുഭവം, വൈദഗ്ദ്ധ്യം എന്നിവ അടിസ്ഥാനമാക്കി ബഹ്‌റൈനി ഉദ്യോഗാര്‍ത്ഥികളുടെ ഡാറ്റാബേസ് തയാറാക്കണം. അതിനനുസൃതമായി വിദേശി ജീവനക്കാരുടെ വിസ പുതുക്കലിന് നിയന്ത്രണം കൊണ്ടുവരണം. സ്വദേശികള്‍ക്കായി സര്‍ക്കാര്‍ പ്രത്യേക തൊഴില്‍ പരിശീലന പരിപാടികള്‍ ആരംഭിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

Read More

മനാമ: ബഹ്‌റൈന്‍ അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ പരിസരത്തെ റോഡുകളുടെ നവീകരണ പ്രവൃത്തിയുടെ 3 എ ഘട്ടം ഉടന്‍ ആരംഭിക്കുമെന്ന് മരാമത്ത് മന്ത്രി ഇബ്രാഹിം അല്‍ ഹവാജ് അറിയിച്ചു.സുഗമമായ ഗതാഗതം ഉറപ്പാക്കുന്ന സുപ്രധാന ഘട്ടമാണിതെന്ന് അദ്ദേഹം പറഞ്ഞു. ഈ പദ്ധതി മുഹറഖിലെ അടിസ്ഥാനസൗകര്യ വികസനത്തില്‍ സുപ്രധാനവും അറാദിലെയും ഖലീഫ അല്‍ കബീര്‍ ഹൈവേയിലെയും ഗതാഗതക്കുരുക്ക് ലഘൂകരിക്കാന്‍ ഉപകാരപ്പെടുന്നതുമാണ്. ഖലീഫ അല്‍ കബീര്‍ ഹൈവേയും അറാദ് ഹൈവേയും ചേരുന്ന ജംഗ്ഷനില്‍ ഒരു ഫ്രീ ലെഫ്റ്റ് ടേണ്‍ ബ്രിഡ്ജ് നിര്‍മിക്കുന്നതും ഈ പദ്ധതിയുടെ ഭാഗമാണെന്നും അദ്ദേഹം വ്യക്തമാക്കി.

Read More

മനാമ: മനാമയില്‍ റാസ് റുമാന്‍ മുതല്‍ നായിം വരെയുള്ള സ്ഥലത്തെ വാണിജ്യ, ജനവാസ കെട്ടിടങ്ങളുടെ സമഗ്ര സുരക്ഷാ സര്‍വേ നടത്തും.ഇതിനായി ഈ കെട്ടിടങ്ങളുടെ സുരക്ഷ സംബന്ധിച്ച റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ബന്ധപ്പെട്ട സര്‍ക്കാര്‍ വകുപ്പുകളോട് കാപ്പിറ്റല്‍ ട്രസ്റ്റീസ് ബോര്‍ഡ് നിര്‍ദേശിച്ചു. കെട്ടിടങ്ങളുടെ ബലം, കാലാവധി, സുരക്ഷിതത്വം എന്നിവ ഉള്‍പ്പെടെയാണ് സര്‍വേ.മുഹറഖ് നവീകരണ പദ്ധതികള്‍ വിജയകരമായി പൂര്‍ത്തിയാക്കിയ സാഹചര്യത്തിലാണ് മനാമയിലെ കെട്ടിടങ്ങളുടെ സുരക്ഷ സംബന്ധിച്ച വിവരങ്ങള്‍ ശേഖരിക്കാന്‍ തീരുമാനിച്ചതെന്ന് ബോര്‍ഡ് ചെയര്‍മാന്‍ സാലിഹ് തറാദ് പറഞ്ഞു. കെട്ടിടങ്ങളുടെ കൃത്യമായ അവസ്ഥ കണ്ടെത്തുകയാണ് ഇതിന്റെ ലക്ഷ്യമെന്നും അദ്ദേഹം വ്യക്തമാക്കി.

Read More

മനാമ: മദ്ധ്യപൗരസ്ത്യ മേഖലയുടെ സുരക്ഷ സംബന്ധിച്ച് ഈ വാരാന്ത്യത്തില്‍ മനാമയില്‍ നടക്കുന്ന ഉച്ചകോടിയില്‍ (മനാമ ഡയലോഗ് 2025) പലസ്തീന്‍ വിദേശകാര്യ മന്ത്രി ഡോ. വാര്‍സെന്‍ അഗാബെക്കിയാന്‍ ഷാഹിന്‍ പങ്കെടുക്കും.വെള്ളിയാഴ്ച മുതല്‍ ഞായറാഴ്ച വരെ റിറ്റ്‌സ് കാള്‍ട്ടണ്‍ ബഹ്‌റൈന്‍ ഹോട്ടലില്‍ നടക്കുന്ന ഉച്ചകോടിയില്‍ വിവിധ രാജ്യങ്ങളുടെ പ്രതിനിധികള്‍ പങ്കെടുക്കും. ഇന്റര്‍നാഷണല്‍ ഇന്‍സ്റ്റിസ്റ്റ്യൂട്ട് ഓഫ് സ്ട്രാറ്റജിക് സ്റ്റഡീസ് (ഐ.ഐ.എസ്.എസ്) ആണ് ഉച്ചകോടി സംഘടിപ്പിക്കുന്നത്.

Read More

മനാമ: ബഹ്‌റൈനില്‍ മനുഷ്യക്കടത്ത് തടയുന്നതിനുള്ള പ്രാദേശിക പരിശീലന കേന്ദ്രത്തെ സഹായിക്കാനുള്ള രണ്ടാംഘട്ട കരാറില്‍ ലേബര്‍ മാര്‍ക്കറ്റ് റെഗുലേറ്ററി അതോറിറ്റിയും (എല്‍.എം.ആര്‍.എ) ഇന്റര്‍നാഷണല്‍ ഓര്‍ഗനൈസേഷന്‍ ഫോര്‍ മൈഗ്രേഷനും (ഐ.ഒ.എം) ഒപ്പുവച്ചു.എല്‍.എം.ആര്‍.എ. ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസറും മനുഷ്യക്കടത്ത് തടയുന്നതിനുള്ള ദേശീയ കമ്മിറ്റി ചെയര്‍മാനുമായ നിബ്രാസ് താലിബും ബഹ്‌റൈനിലെ (ഐ.ഒ.എം) മിഷന്‍ മേധാവി ഐഷത്ത് ഇഹ്‌മ ഷെരീഫുമാണ് കരാറില്‍ ഒപ്പുവെച്ചത്. മനുഷ്യക്കടത്തിനെതിരെ പോരാടുന്നതിനുള്ള ബഹ്‌റൈന്റെ ശ്രമങ്ങള്‍ക്ക് ആക്കം കൂട്ടുക, ദേശീയ- പ്രാദേശിക ശേഷി വര്‍ധിപ്പിക്കുക, അന്താരാഷ്ട്ര മാനദണ്ഡങ്ങള്‍ക്കനുസൃതമായി സഹകരണം ശക്തിപ്പെടുത്തുക എന്നിവയാണ് കരാറിന്റെ ലക്ഷ്യം. ആദ്യഘട്ടത്തിന്റെ വിജയത്തെ തുടര്‍ന്നാണ് രണ്ടാംഘട്ട കരാറുണ്ടാക്കിയതെന്ന് നിബ്രാസ് താലിബ് പറഞ്ഞു.

Read More

മനാമ: വിലയേറിയ ആഡംബര വാച്ചുകള്‍ നികുതി വെട്ടിച്ച് ബഹ്‌റൈനില്‍നിന്ന് കടത്താന്‍ ശ്രമിച്ച കേസില്‍ രണ്ടുപേരുടെ വിചാരണ ഒന്നാം ഹൈ ക്രിമിനല്‍ കോടതിയില്‍ ആരംഭിച്ചു.35ഉം 40ഉം വയസുള്ള ഏഷ്യക്കാരാണ് പ്രതികള്‍. 182 ഇടപാടുകളില്‍ 3,09,755 ദിനാറിന്റെ മൂല്യവര്‍ധിത നികുതി (വാറ്റ്) വെട്ടിപ്പ് നടത്തിയതിനും ഇവരുടെ പേരില്‍ കേസുണ്ട്. കോടതിയില്‍ ഇവര്‍ കുറ്റം നിഷേധിച്ചു. പ്രതിഭാഗത്തിന്റെ വാദം കേള്‍ക്കാനായി കേസ് നവംബര്‍ രണ്ടിലേക്ക് മാറ്റിവെച്ചു.വാച്ചുകള്‍ ഒളിച്ചുകടത്താന്‍ ശ്രമിക്കുകയായിരുന്ന ഇവര്‍ നാഷണല്‍ ഫിനാന്‍ഷ്യല്‍ ഇന്റലിജന്‍സ് സെന്ററില്‍നിന്ന് നികുതി വെട്ടിപ്പ് കുറ്റകൃത്യ വിഭാഗത്തിന് ലഭിച്ച റിപ്പോര്‍ട്ടിനെ തുടര്‍ന്നാണ് പിടിയിലായത്. നികുതി വെട്ടിപ്പ് കുറ്റകൃത്യ വിഭാഗം നല്‍കിയ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് നാടുവിടാന്‍ ശ്രമിക്കുകയായിരുന്ന ഇവരെ ബഹ്‌റൈന്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍വെച്ച് കസ്റ്റംസ് അധികൃതര്‍ പിടികൂടിയത്.

Read More