- സതീശനെ സ്വാഗതം ചെയ്ത് മുസ്ലിം ലീഗ്; ലക്ഷ്യം ‘ടീം യുഡിഎഫ്’ ഭരണം : സാദിഖ് അലി ശിഹാബ് തങ്ങൾ
- ‘ലീഗിന് വേണ്ടത് ചൊൽപ്പടിക്ക് നിൽക്കുന്ന ഒരു പാവയെ, അത് നേടി’; ബിജെപി
- ഒടുവിൽ ജനവികാരം ജയിച്ചു: വിഡി സതീശന് കേരള മുഖ്യമന്ത്രി
- പശ്ചിമേഷ്യൻ സംഘർഷം; ഇന്ധന വില കൂടും, സാമ്പത്തിക പ്രതിസന്ധി മറികടക്കാൻ വേറെ വഴിയില്ല
- ഹോർമുസ് കടലിടുക്കിലെ സുരക്ഷാ ദൗത്യം: ബഹുരാഷ്ട്ര പ്രതിരോധ മന്ത്രിമാരുടെ യോഗത്തിൽ ഷെയ്ഖ് നാസർ പങ്കെടുത്തു
- സിബിഎസ്ഇ 12-ാം ക്ലാസ് പരീക്ഷാഫലം: ഇന്ത്യൻ സ്കൂളിന് തിളക്കമാർന്ന വിജയം
- ഇറാൻ അനുകൂല പ്രവർത്തനങ്ങൾക്കെതിരെ കടുത്ത മുന്നറിയിപ്പുമായി ബഹ്റൈൻ ആഭ്യന്തരമന്ത്രി
- “ഇന്നാണ് ..ഇന്നാണ്.. ഇന്നാണ് നറുക്കെടുപ്പ്”, ഇനി കൂടുതൽ ചർച്ചയില്ല; കേരളമുഖ്യമന്ത്രിയെ ഇന്ന് പ്രഖ്യാപിക്കും
Author: News Desk
കാസർകോട്: യെമനിലേക്ക് പോയ തൃക്കരിപ്പൂർ സ്വദേശി മുഹമ്മദ് ഷബീറിന്‍റെ വീഡിയോ സന്ദേശം പുറത്ത്. യെമനിലെ തരീമിലെ ദാറുൽ മുസ്തഫ ക്യാമ്പസിലാണ് തങ്ങളിപ്പോൾ ഉള്ളതെന്ന് ഷബീർ വീഡിയോ സന്ദേശത്തിൽ പറയുന്നു. യെമനിലെ പണ്ഡിതനായ ഹബീബ് ഉമറിന്‍റെ ശിക്ഷണത്തിൽ സൂഫിസവും അറബിയും പഠിക്കാൻ വന്നതാണെന്നും വേറെ ഉദ്ദേശ്യങ്ങളൊന്നുമില്ലെന്നും എല്ലാ വിസ നടപടിക്രമങ്ങളും പൂർത്തിയാക്കിയ ശേഷമാണ് യെമനിലെത്തിയതെന്നും വീഡിയോയിൽ പറയുന്നു. കുടുംബാംഗങ്ങളുമായി നിരന്തരം ബന്ധപ്പെടാറുണ്ടെന്നും ഷബീർ വീഡിയോ സന്ദേശത്തിൽ പറഞ്ഞു. അന്വേഷണവുമായി സഹകരിക്കുമെന്നും ഷബീറിന്‍റെ കുടുംബം പ്രതികരിച്ചു. ഷബീറും ഭാര്യ റിസ്വാനയും നാല് മക്കളും കഴിഞ്ഞ 12 വർഷമായി യുഎഇയിലാണ് താമസം. കഴിഞ്ഞ നാല് മാസമായി ഇവരെ കുറിച്ച് യാതൊരു വിവരവുമില്ലെന്ന് കാണിച്ച് ബന്ധുക്കൾ ഇന്നലെ ചന്തേര പൊലീസിൽ പരാതി നൽകിയതിന്‍റെ അടിസ്ഥാനത്തിലാണ് കേസെടുത്തത്. പിന്നാലെ കുടുംബം യെമനിലാണെന്ന് പൊലീസ് സ്ഥിരീകരിച്ചു. ഒരാഴ്ച മുമ്പ് ഷബീറും ഭാര്യയും വാട്സ്ആപ്പ് വഴി ചിലരെ ബന്ധപ്പെട്ടിരുന്നു. സംഭവത്തിൽ ഇതുവരെ തീവ്രവാദ ബന്ധം സ്ഥിരീകരിച്ചിട്ടില്ല.
അർജന്റീന: ലോകകപ്പ് വിജയത്തിന് പിന്നാലെ അർജന്‍റീനയുടെ കറൻസികളിൽ ലയണൽ മെസി ഇടം പിടിച്ചേക്കുമെന്ന് റിപ്പോർട്ട്. ഏറ്റവും കൂടുതൽ ഫോളോവേഴ്സുള്ള സ്പോർട്സ് താരമായ മെസിയുടെ ഫൈനല്‍ മത്സരത്തിലെ നിര്‍ണായക പങ്കിനുള്ള ബഹുമതിയെന്നാണ് റിപ്പോർട്ടുകൾ. 36 വർഷങ്ങൾക്ക് ശേഷം നേടിയ ലോകകപ്പ് വിജയം ആഘോഷിക്കുകയാണ് അർജന്‍റീനയും ആരാധകരും. ബാങ്ക് ഓഫ് അർജന്‍റീനയുടെ റെഗുലേറ്ററുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ മെസ്സിയുടെ ചിത്രം കറൻസിയിൽ ഉൾപ്പെടുത്തുന്ന കാര്യം ചർച്ച ചെയ്തതായാണ് വിവരം. തുടക്കത്തിൽ ഒരു തമാശയുടെ രൂപത്തിലാണ് നിർദ്ദേശം മുന്നോട്ട് വെച്ചതെങ്കിലും, യോഗത്തിൽ പങ്കെടുത്ത മറ്റുള്ളവർ ഈ നിർദ്ദേശത്തെ പിന്തുണക്കുകയായിരുന്നു എന്നാണ് റിപ്പോർട്ട്. അർജന്‍റീനയുടെ കറൻസിയായ പെസോയിൽ മെസിയുടെ മുഖമുള്ള ഡമ്മി ചിത്രങ്ങൾ ഇതിനോടകം തന്നെ സോഷ്യൽ മീഡിയയിൽ വൈറലായിക്കഴിഞ്ഞു.
തിരുവനന്തപുരം: ബഫര്‍സോണ്‍ വിഷയത്തില്‍ സംസ്ഥാന സര്‍ക്കാരിനെതിരെ നിലപാടെടുത്ത കോണ്‍ഗ്രസിനെ പ്രതിരോധത്തിലാഴ്ത്തി യുഡിഎഫ് ഭരണകാലത്തെ രേഖ പുറത്ത്. ഉമ്മൻചാണ്ടി മുഖ്യമന്ത്രിയായിരിക്കെ വന്യജീവി സങ്കേതങ്ങൾക്ക് ചുറ്റുമുള്ള ബഫർ സോൺ 12 കിലോമീറ്ററായി ഉയർത്താനുള്ള മന്ത്രിസഭാ തീരുമാനവുമായി ബന്ധപ്പെട്ട രേഖയാണ് പുറത്ത് വന്നത്. 2013 മെയ് 8 ന് ചേർന്ന മന്ത്രിസഭാ യോഗത്തിൽ, സംരക്ഷിത വനമേഖലകൾക്ക് ചുറ്റുമുള്ള പൂജ്യം മുതൽ 12 കിലോമീറ്റർ വരെ ബഫർ സോണായി പ്രഖ്യാപിക്കാനാണ് തീരുമാനമെടുത്തത്. യുഡിഎഫ് സര്‍ക്കാര്‍ 12 കിലോമീറ്ററാക്കിയത് ഒരു കിലോമീറ്ററാക്കി കുറയ്ക്കുകയാണ് തങ്ങള്‍ ചെയ്തതെന്നാണ് സര്‍ക്കാര്‍ വാദം. എന്നാൽ, ഈ വിഷയത്തിൽ കോൺഗ്രസ് സർക്കാരിൻ്റെ അവകാശവാദങ്ങളെ പ്രതിരോധിച്ച് രംഗത്തെത്തിയിട്ടുണ്ട്. ജനവാസ മേഖലകളെ ഒഴിവാക്കാനാണ് 2013ൽ തീരുമാനിച്ചതെന്നും 2015ലെ കരട് നിർദേശത്തിൽ കേന്ദ്രത്തോട് ഇക്കാര്യം ആവശ്യപ്പെട്ടിട്ടുണ്ടായിരുന്നെന്നും യു.ഡി.എഫ് വാദിച്ചു.
കശ്മീർ: കശ്മീരിൽ 40 ദിവസം നീണ്ടുനിൽക്കുന്ന ശൈത്യകാലമായ ‘ചില്ലൈ കലന്’ ആരംഭം. ദാൽ തടാകം ഉൾപ്പെടെയുള്ള ജലാശയങ്ങളിലെ വെള്ളം തണുത്തുറഞ്ഞു. ശ്രീനഗറിൽ രാത്രിയിലെ താപനില മൈനസ് 4.2 ഡിഗ്രി സെൽഷ്യസിലെത്തി. ക്രിസ്മസിനോട് അടുക്കുന്തോറും നേരിയ മഴയ്ക്കും മഞ്ഞുവീഴ്ചയ്ക്കും സാധ്യതയുണ്ട്. അതോടെ തണുപ്പ് വീണ്ടും രൂക്ഷമാകും. ജനുവരി 30ഓടെ ചില്ലൈ കലന് അവസാനമാകും.
കുവൈറ്റ്: ക്രിസ്തുമസ് പ്രമാണിച്ച് ഡിസംബർ 25 ഞായറാഴ്ച കുവൈറ്റിലെ ഇന്ത്യൻ എംബസിക്ക് അവധിയായിരിക്കുമെന്നറിയിച്ച് എംബസി വൃത്തങ്ങൾ. എന്നാൽ എമർജൻസി കൗൺസിലർ സേവനങ്ങൾ ഈ ദിവസവും തുടരും. പാസ്പോർട്ട്, വിസ സേവനങ്ങൾക്കുള്ള ബിഎൽഎസ് ഔട്ട്സോഴ്സ് കേന്ദ്രങ്ങളും അന്നേ ദിവസം തുറന്ന് പ്രവർത്തിക്കുമെന്ന് എംബസി അറിയിച്ചു.
കൊച്ചി: മെഡിക്കൽ കോളേജ് വനിതാ ഹോസ്റ്റലുകളുടെ സമയക്രമം സംബന്ധിച്ച് വിദ്യാർത്ഥികൾ നൽകിയ ഹർജി തീർപ്പാക്കി ഹൈക്കോടതി. രാത്രി 9.30ന് ശേഷം ഹോസ്റ്റൽ വിട്ട് ക്യാമ്പസിനകത്ത് തന്നെ പോകാൻ വാർഡന്‍റെ അനുമതി മതിയാകും. എന്നാൽ, മറ്റ് ആവശ്യങ്ങൾക്കായി രാത്രി 9.30 ന് ശേഷം ഹോസ്റ്റലിൽ നിന്ന് പുറത്തിറങ്ങാൻ രക്ഷിതാക്കളുടെ അനുമതി വേണമെന്ന് കോടതി ഉത്തരവിട്ടു. സർക്കാർ നിലപാട് രേഖപ്പെടുത്തിയ ശേഷമാണ് കോടതി ഹർജി തീർപ്പാക്കിയത്. ഒരു പുതിയ ചിന്താഗതിക്ക് പ്രചോദനമായതിൽ ഹർജിക്കാരെ കോടതി അഭിനന്ദിക്കുകയും ചെയ്തു.
ബോളിവുഡ് പ്രേക്ഷകരുടെ പ്രിയ നടിമാരിൽ ഒരാളാണ് ആലിയ ഭട്ട്. 2022 ൽ, ആലിയ ഭട്ട് ഒട്ടനവധി മികച്ച ചിത്രങ്ങളുടെ ഭാഗമായിരുന്നു. മികച്ച പ്രകടനത്തിലൂടെ ബ്രിട്ടീഷ് ഫിലിം മാഗസിനായ സ്ക്രീൻ ഡെയ്‌ലിയുടെ പട്ടികയിലും ഇടം പിടിച്ചിരിക്കുകയാണ് ആലിയ. ‘ഗംഗുബായ് കത്തിയവാഡി’യിലെ പ്രകടനമാണ് ആലിയയെ സ്ക്രീനിൻ്റെ പ്രശംസക്കർഹയാക്കിയത്. സഞ്ജയ് ലീല ബൻസാലിയായിരുന്നു ഗംഗുബായ് കത്തിയവാഡിയുടെ സംവിധായകൻ. ‘ഗംഗുബായ്’ എന്ന ചിത്രത്തിലെ ടൈറ്റിൽ കഥാപാത്രത്തെ അവതരിപ്പിച്ച ആലിയ ഭട്ടിനെ നിരൂപകരും പ്രേക്ഷകരും ഒരുപോലെ പ്രശംസിച്ചിരുന്നു. സുദീപ് ചാറ്റർജിയായിരുന്നു ചിത്രത്തിന്‍റെ ഛായാഗ്രാഹകൻ. ഹുസൈൻ സെയ്ദിയുടെ ‘മാഫിയ ക്വീൻസ് ഓഫ് മുംബൈ’ എന്ന പുസ്തകത്തിലെ ‘ഗംഗുബായ് കൊത്തേവാലി’ എന്ന സ്ത്രീയുടെ ജീവിതകഥയിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് ചിത്രം വെള്ളിത്തിരയിലെത്തിയത്.
ദോഹ: ഒരു മാസം നീണ്ട ഫിഫ ലോകകപ്പിനിടെ നവംബർ 18 മുതൽ ഡിസംബർ 18 വരെ ഖത്തറിൽ പബ്ലിക് ട്രാൻസിറ്റ് സംവിധാനങ്ങളിൽ യാത്ര ചെയ്തത് 2.68 കോടി യാത്രക്കാർ. ഗതാഗത മന്ത്രാലയമാണ് കണക്കുകൾ പുറത്ത് വിട്ടത്. ഖത്തർ റെയിലിന്‍റെ ദോഹ മെട്രോയും, ട്രാമുകളും പൊതുഗതാഗത കമ്പനിയായ മൗസലത്തിന്‍റെ കർവ ബസുകളുമാണ് സുഗമമായ യാത്ര ക്രമീകരിച്ചത്. ഹമദ്, ദോഹ അന്താരാഷ്ട്ര വിമാനത്താവളങ്ങളിൽ 26,425 വിമാനങ്ങളാണ് ആരാധകരുമായി എത്തിയത്. ഭിന്നശേഷിക്കാർക്കായി 70 പ്രത്യേക വാഹനങ്ങളുടെ സർവീസും മൗസലത്ത് നടത്തിയിരുന്നു. കർവ ബസുകളിൽ 938 എണ്ണവും വീൽചെയർ പ്രവേശിപ്പിക്കാൻ പാകത്തിന് സജ്ജമാക്കിയതായിരുന്നു. ലോകകപ്പ് ആരാധകരിൽ ഹയ കാർഡുള്ളവർക്ക് ദോഹ മെട്രോ, ട്രാം, കർവ ബസ് എന്നിവയിൽ യാത്ര സൗജന്യമായിരുന്നു. സ്റ്റേഡിയങ്ങളിലേക്കും തിരിച്ച് താമസ സ്ഥലത്തേക്കും തടസ്സമില്ലാത്ത ഷട്ടിൽ സർവീസുകളും ഉറപ്പാക്കിയിരുന്നു.
ന്യൂഡൽഹി: തൃണമൂൽ കോൺഗ്രസ് നേതാവും മുൻ ക്രിക്കറ്റ് താരവുമായ കീർത്തി ആസാദ് പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ നടത്തിയ പരാമർശം വിവാദത്തിൽ. പ്രധാനമന്ത്രിയുടെ വസ്ത്രധാരണത്തെ പരിഹസിച്ചുകൊണ്ടുള്ള ട്വീറ്റ് വിവാദമായതിന് പിന്നാലെ കീർത്തി ആസാദ് ട്വീറ്റ് ഡിലീറ്റ് ചെയ്തിരുന്നു. മേഘാലയയിൽ നടന്ന ഒരു പൊതുപരിപാടിയിൽ പരമ്പരാഗത വസ്ത്രം ധരിച്ച് മോദി എത്തിയതിനെതിരെയായിരുന്നു ആസാദിന്‍റെ പരാമർശം. “സ്ത്രീയുമല്ല പുരുഷനുമല്ല, അദ്ദേഹം ഒരു ഫാഷൻ പുരോഹിതൻ മാത്രമാണ്,” എന്നാണ് പ്രധാനമന്ത്രിയുടെ ചിത്രം പങ്കുവച്ചുകൊണ്ട് ആസാദ് ട്വീറ്റ് ചെയ്തത്. പരാമർശം ചർച്ചാവിഷയമായതോടെ ട്വീറ്റ് ഡിലീറ്റ് ചെയ്തെങ്കിലും സോഷ്യൽ മീഡിയയിൽ ഇതിനെ വിമർശിച്ച് നിരവധി പേരാണ് രംഗത്തെത്തിയിരിക്കുന്നത്. ആസാദ് പ്രധാനമന്ത്രിയെ പരിഹസിക്കുക മാത്രമല്ല, മേഘാലയയുടെ സംസ്കാരത്തെയും ഗോത്ര വസ്ത്രധാരണത്തെയും അവഹേളിക്കുകയുമാണ് ചെയ്തതെന്ന് അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മ പറഞ്ഞു. തൃണമൂൽ കോൺഗ്രസ് അദ്ദേഹത്തിന്‍റെ കാഴ്ചപ്പാടുകൾ അംഗീകരിക്കുന്നുണ്ടോ ഇല്ലയോ എന്ന് വ്യക്തമാക്കേണ്ടതുണ്ടെന്നും അദ്ദേഹം ട്വീറ്റ് ചെയ്തു.
ന്യൂഡല്‍ഹി: വിവിധ രാജ്യങ്ങളിൽ കോവിഡ് -19 കേസുകൾ ഉയരുന്ന സാഹചര്യത്തിൽ ജനങ്ങൾ കോവിഡ് മാനദണ്ഡങ്ങൾ കർശനമായി പാലിക്കണമെന്ന മുന്നറിയിപ്പുമായി ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ. പരിഭ്രാന്തരാകേണ്ട ആവശ്യമില്ലെന്നും ജാഗ്രത മതിയെന്നും ഐഎംഎ അറിയിച്ചു. നിലവിലെ സാഹചര്യത്തിൽ, അന്താരാഷ്ട്ര യാത്രകൾ ഒഴിവാക്കാനും കോവിഡ് -19 വാക്സിന്‍റെ ബൂസ്റ്റർ ഡോസ് എടുക്കാനും ഐഎംഎ നിർദ്ദേശം നൽകി. പൊതുസ്ഥലങ്ങളിൽ മാസ്ക് ധരിക്കണം, സാമൂഹിക അകലം പാലിക്കണം, സാനിറ്റൈസർ ഉപയോഗിക്കണം, വിവാഹങ്ങൾ, രാഷ്ട്രീയ, സാമൂഹിക ഒത്തുചേരലുകൾ തുടങ്ങിയവ ഒഴിവാക്കണം തുടങ്ങിയ നിർദ്ദേശങ്ങളും ഐഎംഎ നൽകിയിട്ടുണ്ട്. കഴിഞ്ഞ 24 മണിക്കൂറിൽ 145 പുതിയ കോവിഡ് -19 കേസുകളാണ് ഇന്ത്യയിൽ റിപ്പോർട്ട് ചെയ്തത്. ഇതിൽ നാല് കേസുകൾ പുതിയ കോവിഡ് വകഭേദമായ ബിഎഫ് 7 ആണ്. യുഎസ്എ, ജപ്പാൻ, ദക്ഷിണ കൊറിയ, ഫ്രാൻസ്, ബ്രസീൽ എന്നിവിടങ്ങളിൽ കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 5.37 ലക്ഷം പുതിയ കോവിഡ് -19 കേസുകൾ റിപ്പോർട്ട് ചെയ്തതായും ഐഎംഎ അറിയിച്ചു.
