Author: News Desk

ഡ്യൂറണ്ട് കപ്പിന്റെ സെമിഫൈനൽ ഉറപ്പിച്ച് ഹൈദരാബാദ് എഫ്സി. ഞായറാഴ്ച നടന്ന ക്വാർട്ടർ ഫൈനലിൽ ഐ ലീഗ് ക്ലബ്ബായ രാജസ്ഥാൻ യുണൈറ്റഡിനെ പരാജയപ്പെടുത്തിയാണ് ഹൈദരാബാദ് അവസാന നാലിൽ കടന്നത്. ഒന്നിനെതിരെ മൂന്ന് ഗോളുകൾക്കാണ് ഹൈദരാബാദ് വിജയിച്ചത്. ആറാം മിനിറ്റിൽ നൈജീരിയൻ സൂപ്പർ താരം ബർത്തലോമിയോ ഒഗ്ബെച്ചെയിലൂടെ ഹൈദരാബാദ് ലീഡ് നേടി. എന്നാൽ 29-ാം മിനിറ്റിൽ ഉറുഗ്വേ സ്ട്രൈക്കർ മാർട്ടിൻ ഷാവേസ് പെനാൽറ്റിയിലൂടെ രാജസ്ഥാന്റെ ഗോൾ നേടി. ആദ്യപകുതി അവസാനിക്കുന്നതിന് തൊട്ടുമുമ്പ് ആകാശ് മിശ്രയിലൂടെ ഹൈദരാബാദ് ലീഡ് നേടി. 68-ാം മിനിറ്റിൽ സ്പാനിഷ് സ്ട്രൈക്കർ ജാവിയർ സെവറിയോയിലൂടെ ലീഡുയർത്തി വിജയമുറപ്പിച്ചു. സെമിയിൽ ഐഎസ്എൽ ക്ലബ്ബ് ബെംഗളൂരു എഫ്സിയെ ഹൈദരാബാദ് നേരിടും. ഐഎസ്എൽ ക്ലബ് മുംബൈ സിറ്റി, ഐ ലീഗ് വമ്പൻമാരായ മൊഹമ്മദൻസ് എന്നിവരാണ് സെമിയിലെത്തിയ മറ്റ് ടീമുകൾ.

Read More

ന്യൂഡൽഹി: ആറ് എയർബാഗുകളുള്ള സുരക്ഷിതമായ കാറുകൾ പ്രോത്സാഹിപ്പിക്കുന്നതിനായി കേന്ദ്ര ഗതാഗത മന്ത്രി നിതിൻ ഗഡ്കരി ട്വീറ്റ് ചെയ്ത നടൻ അക്ഷയ് കുമാറിന്‍റെ പരസ്യം സ്ത്രീധനത്തെ പ്രോത്സാഹിപ്പിക്കുന്നുവെന്ന് വിമർശനം. വിവാഹത്തിന് ശേഷം രണ്ട് എയർബാഗുകൾ മാത്രമുള്ള കാറിൽ മകളെ വരനൊപ്പം അയച്ചതിന് അക്ഷയ് കുമാർ വധുവിന്‍റെ പിതാവിനെ ശകാരിക്കുന്നതായി പരസ്യത്തിൽ കാണാം. “6 എയർബാഗുകളുള്ള ഒരു വാഹനത്തിൽ യാത്ര ചെയ്യുക, നിങ്ങളുടെ ജീവിതം സുരക്ഷിതമാക്കുക” എന്ന അടിക്കുറിപ്പോടെയാണ് നിതിൻ ഗഡ്കരി വീഡിയോ ട്വീറ്റ് ചെയ്തത്. എന്നാൽ വധുവിന്‍റെ പിതാവ് കാർ സമ്മാനിച്ചത് സ്ത്രീധനത്തെ പ്രോത്സാഹിപ്പിക്കുന്നുവെന്ന് വിമർശിക്കപ്പെട്ടു. ഗഡ്കരിയുടെ ട്വീറ്റിനെ വിമർശിച്ച് നിരവധി പേരാണ് രംഗത്തെത്തിയത്. “ഇത് സ്ത്രീധനത്തിന്‍റെ പരസ്യമാണോ? നികുതിദായകരുടെ പണം സ്ത്രീധനം പ്രോത്സാഹിപ്പിക്കുന്നതിനായി ഉപയോഗിക്കുന്നു,” എന്ന് കർണാടക കോൺഗ്രസ് വക്താവ് ലാവണ്യ ബല്ലാൾ ആരോപിച്ചു. “സ്ത്രീധനത്തെ കേന്ദ്ര സർക്കാർ ഔദ്യോഗികമായി പ്രോത്സാഹിപ്പിക്കുന്നത് കാണുമ്പോൾ വെറുപ്പുളവാക്കുന്നു” എന്ന് തൃണമൂൽ കോൺഗ്രസ് ദേശീയ വക്താവ് സാകേത് ഗോഖലെ ട്വീറ്റ് ചെയ്തു.

Read More

ന്യൂഡല്‍ഹി: അടുത്ത മാസം നടക്കാനിരിക്കുന്ന ടി20 ലോകകപ്പിനുള്ള ഇന്ത്യൻ ടീമിൽ സഞ്ജു സാംസണെ ഉൾപ്പെടുത്താത്തതിൽ ആരാധകർ പ്രതിഷേധവുമായി രംഗത്തെത്തി. ടി20 ലോകകപ്പ് ടീമിനെ പ്രഖ്യാപിച്ചയുടൻ തന്നെ ആരാധകർ ബിസിസിഐക്കെതിരെ രംഗത്തെത്തിയിരുന്നു. മുഹമ്മദ് ഷമിയെ സ്റ്റാൻഡ് ബൈ പ്ലെയറാക്കിയതിനെതിരെയും പ്രതിഷേധം ശക്തമാണ്. സമീപകാലത്തായി മികച്ച ഫോമിലുള്ള സഞ്ജുവിന് പകരം റിഷഭ് പന്തിനെയും ദിനേശ് കാർത്തികിനെയും ഇന്ത്യൻ ടീമിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. നിലവിൽ ഇന്ത്യയുടെ ഏറ്റവും മികച്ച വിക്കറ്റ് കീപ്പർ ബാറ്റ്സ്മാനാണ് സഞ്ജു എന്നാണ് ആരാധകർ പറയുന്നത്. അതിനുള്ള തെളിവുകളാണ് അവർ നിരത്തുന്നത്. നിലവിൽ ഇന്ത്യയുടെ വിക്കറ്റ് കീപ്പർമാരുടെ പ്രകടനം പരിശോധിച്ചാൽ ടി20യിൽ ഏറ്റവും ഉയർന്ന ബാറ്റിങ് ശരാശരി സഞ്ജുവാണെന്ന് ആരാധകർ പറയുന്നു. 44.75 ആണ് സഞ്ജുവിന്‍റെ ശരാശരി. എന്നാൽ പന്തിന്‍റെയും കാർത്തികിന്‍റെയും ശരാശരി യഥാക്രമം 24.25 ഉം 21.44 ഉം ആണ്. സ്ട്രൈക്ക് റേറ്റിലും സഞ്ജു മുന്നിലാണ്.

Read More

പട്ന: ആർജെഡി ദേശീയ അധ്യക്ഷ തിരഞ്ഞെടുപ്പ് ഒക്ടോബർ 10നു ഡൽഹിയിൽ വച്ച് നടക്കും. ലാലു പ്രസാദ് യാദവ് ദേശീയ അധ്യക്ഷ സ്ഥാനത്തു തുടരുമെന്നാണു റിപ്പോർട്ട്. നേരത്തേ അനാരോഗ്യം കാരണം ലാലു മാറി നിൽക്കാനും മകൻ തേജസ്വി യാദവിനെ നിയോഗിക്കാനായിരുന്നു നീക്കം. ഇതിനിടെയാണു ബിഹാറിലെ രാഷ്ട്രീയ മാറ്റത്തിലൂടെ തേജസ്വി യാദവിനു ഉപമുഖ്യമന്ത്രി പദം കൈവന്നത്. തേജസ്വിക്കു ഭരണത്തിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കേണ്ടി വരുമെന്നതിനാൽ പാർട്ടി ദേശീയ അധ്യക്ഷ സ്ഥാനത്തേക്ക് അദ്ദേഹം തൽക്കാലമുണ്ടാകില്ല. 1997ൽ ആർജെഡി രൂപീകരിച്ചതു മുതൽ ലാലുവാണ് ദേശീയ അധ്യക്ഷൻ. തേജസ്വിയെ ദേശീയ അധ്യക്ഷനാക്കാനുള്ള ലാലുവിന്റെ നീക്കത്തിന് മക്കളായ മിസ ഭാരതിയും തേജ് പ്രതാപ് യാദവും എതിർപ്പ് പ്രകടിപ്പിച്ചിരുന്നു. തേജസ്വി ദേശീയ അധ്യക്ഷനായാൽ സംസ്ഥാന അധ്യക്ഷ സ്ഥാനം തനിക്കാകണമെന്ന തേജ് പ്രതാപിന്റെ അവകാശവാദം ലാലുവും അംഗീകരിച്ചിരുന്നില്ല.

Read More

പാലക്കാട്: അട്ടപ്പാടിയിൽ മൂന്നുവയസ്സുകാരനെ കടിച്ച തെരുവു നായയ്ക്ക് പേ വിഷബാധ സ്ഥിരീകരിച്ചു. ഇന്നലെ ചത്ത നായയുടെ സാമ്പിൾ പരിശോധനയിലാണ് പേ വിഷബാധ സ്ഥിരീകരിച്ചത്. പാലക്കാട് ഡിസീസ് ഡയ​ഗ്നോസിസ് ലാബിലാണ് പരിശോധന നടത്തിയത്. തിരുവോണ നാളിലാണ് കുട്ടിയെ നായ കടിച്ചത്. തിരുവോണ ദിവസം വീട്ടുമുറ്റത്ത് കളിക്കുകയായിരുന്ന ആദിവാസി ബാലനെ നായ ആക്രമിക്കുകയായിരുന്നു. ഷോളയൂർ സ്വർണപിരിവിൽ മണികണ്ഠന്‍റെയും പാർവ്വതിയുടെയും മകൻ ആകാശിനാണ് (3) എട്ടാം തീയതി വൈകിട്ട് ആറ് മണിയോടെ നായയുടെ കടിയേറ്റത്. കണ്ണിന് ചുറ്റും ഒന്നിലധികം മുറിവുകൾ ഉണ്ടായിട്ടുണ്ട്. കുട്ടി കോട്ടത്തറ ഗവ.ട്രൈബൽ സ്പെഷ്യാലിറ്റി ആശുപത്രിയിലാണ്. മുറിവ് കാറ്റഗറി 3ൽ പെടുന്നതിനാൽ കുട്ടിക്ക് പേവിഷ ബാധക്കെതിരെ സീറവും വാക്സീനും നൽകി. വീട്ടിൽ തിരിച്ചെത്തിയ കുട്ടിയെ പിറ്റേന്ന് വീണ്ടും ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. വാക്സിന്‍റെ രണ്ടാം ഡോസ് എടുത്ത ശേഷം ഇന്നലെയാണ് കുട്ടിയെ ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ് ചെയ്തത്.

Read More

തിരുവനന്തപുരം: കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ നടക്കുന്ന ഭാരത് ജോഡോ യാത്രയിൽ പോക്കറ്റടി സംഘം കടന്നുകൂടിയതിനെ പരിഹസിച്ച് മന്ത്രി വി ശിവൻകുട്ടി. ‘യാത്രക്കാരുടെ ശ്രദ്ധയ്ക്ക്, പോക്കറ്റടിക്കാരുണ്ട് സൂക്ഷിക്കുക’ എന്ന് അദ്ദേഹം ഫെയ്സ്ബുക്കിൽ കുറിച്ചു. തമിഴ്നാട്ടിൽ നിന്നുള്ള സംഘമാണ് ഭാരത് ജോഡോ യാത്രയിൽ കടന്നുകൂടിയത്. സിസിടിവി ദൃശ്യങ്ങളിൽ നിന്നാണ് ഇവരെ തിരിച്ചറിഞ്ഞത്. നേമം വെള്ളായണി ജംഗ്ഷനിൽ നിന്ന് പട്ടം വരെയായിരുന്നു ഇന്ന് രാവിലെ ജോഡോ യാത്ര. ഇതിനിടയിൽ യാത്രയിൽ പങ്കെടുത്ത രണ്ടുപേർ തങ്ങളുടെ പോക്കറ്റ് ഇടിച്ചതായി പോലീസിൽ പരാതി നൽകി. ഇതേതുടർന്ന് സിസിടിവി കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ പോക്കറ്റടി സംഘത്തിന്‍റെ സാന്നിദ്ധ്യം കണ്ടെത്തിയിരുന്നു. സംഘത്തെ ഉടൻ അറസ്റ്റ് ചെയ്യുമെന്ന് തിരുവനന്തപുരം പൊലീസ് കമ്മീഷണർ അറിയിച്ചു. കന്യാകുമാരിയിൽ നിന്ന് തന്നെയാണോ സംഘം യാത്രയിൽ പ്രവേശിച്ചതെന്നും അന്വേഷിക്കുന്നുണ്ട്.

Read More

ദുബായ്: ഏഷ്യാ കപ്പ് കിരീടം നേടിയ ശ്രീലങ്ക ഇപ്പോൾ കായിക പ്രേമികളുടെ സംസാരവിഷയമാണ്. ഇന്ത്യയെയും പാകിസ്താനെയും പോലുള്ള വൻ ശക്തികളെ പരാജയപ്പെടുത്തി ശ്രീലങ്ക ഒരു യുവനിരയെ അണിനിരത്തി ഏഷ്യാ കപ്പ് നേടി. സാമ്പത്തിക പ്രതിസന്ധിയിലായ ശ്രീലങ്കക്കാർക്ക് വലിയ ആശ്വാസമാണ് ക്രിക്കറ്റ് ടീം നൽകുന്നത്. ഒപ്പം കടക്കെണിയിലായ ശ്രീലങ്കൻ ക്രിക്കറ്റ് ബോർഡിന് സഹായം നൽകുകയും ചെയ്തു. ഏഷ്യാ കപ്പ് ജേതാക്കൾക്ക് 1.59 കോടി രൂപയാണ് സമ്മാനത്തുകയായി ലഭിച്ചത്. ഈ തുക ശ്രീലങ്കൻ ക്രിക്കറ്റ് ബോർഡിന് വലിയ ആശ്വാസമായി. ഏഷ്യാ കപ്പ് ക്രിക്കറ്റിലൂടെ സമ്പാദിച്ച പണത്തിലൂടെ ഒരു പരിധി വരെ കടബാധ്യതയിൽ നിന്ന് മുക്തി നേടാൻ ശ്രീലങ്കൻ ക്രിക്കറ്റിന് കഴിയും. ഫൈനലിൽ തോറ്റാലും പാകിസ്താന് ഏകദേശം 80 ലക്ഷത്തോളം രൂപ ലഭിക്കും. പ്രളയത്തിൽ തകർന്ന പാകിസ്ഥാന്‍റെ സമ്പദ്‌വ്യവസ്ഥയ്ക്ക് ഒരു ചെറിയ സഹായമായാണ് ഈ തുക വന്നിരിക്കുന്നത്.

Read More

ഉണ്ണി മുകുന്ദനെ നായകനാക്കി നവാഗതനായ വിഷ്ണു ശശിശങ്കർ സംവിധാനം ചെയ്യുന്ന ‘മാളികപ്പുറം’ ചിത്രീകരണം ആരംഭിച്ചു. എരുമേലി ശ്രീധർമ്മ ശാസ്താ ക്ഷേത്രത്തിലാണ് പൂജ നടന്നത്. കാവ്യ ഫിലിം കമ്പനിയുടെയും ആൻ മെഗാ മീഡിയയുടെയും ബാനറിൽ പ്രിയ വേണുവും നീത പിന്റോയും ചേർന്ന് നിർമ്മിക്കുന്ന ചിത്രത്തിന്റെ ടൈറ്റിൽ പോസ്റ്റർ മമ്മൂട്ടിയുടെ ഫേസ്ബുക്ക് പേജിലൂടെയാണ് പുറത്തുവിട്ടത്. അഭിലാഷ് പിള്ളയാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. സൈജു കുറുപ്പ്, ഇന്ദ്രൻസ്, മനോജ് കെ ജയൻ, രമേഷ് പിഷാരടി, സമ്പത്ത് റാം, ദേവനന്ദ, ശ്രീപദ് തുടങ്ങിയവരും ചിത്രത്തിലുണ്ട്. സംവിധായകൻ തന്നെ എഡിറ്റിംഗ് ചെയ്യും. ഛായാഗ്രഹണം വിഷ്ണു നാരായണൻ, സംഗീതം, പശ്ചാത്തലസംഗീതം രഞ്ജിൻ രാജ്, പ്രൊഡക്ഷൻ കൺട്രോളർ സഞ്ജയ് പടിയൂർ, ഗാനരചന സന്തോഷ് വർമ്മ, ബി.കെ.ഹരിനാരായണൻ, കലാസംവിധാനം സുരേഷ് കൊല്ലം, മേക്കപ്പ് ജിത്ത് പയ്യന്നൂർ, വസ്ത്രാലങ്കാരം അനിൽ ചെമ്പൂർ, ആക്ഷൻ കൊറിയോഗ്രഫി കനൽ കണ്ണൻ, ചീഫ് അസോസിയേറ്റ് ഡയറക്ടർ റെജിസ് ആന്റണി, ക്രിയേറ്റീവ് ഡയറക്ടർ ഷംസു സൈബ.

Read More

ലണ്ടന്‍: ദക്ഷിണാഫ്രിക്കയ്ക്കെതിരായ മൂന്നാമത്തെയും അവസാനത്തെയും ടെസ്റ്റ് ഒമ്പത് വിക്കറ്റിന് ജയിച്ച് ഇംഗ്ലണ്ട് പരമ്പര സ്വന്തമാക്കി. ദക്ഷിണാഫ്രിക്ക ഉയർത്തിയ 130 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ഇംഗ്ലണ്ട് രണ്ടാം ഇന്നിംഗ്സിൽ ഒരു വിക്കറ്റ് നഷ്ടത്തിൽ ലക്ഷ്യം മറികടന്നു. സ്കോർ ചുരുക്കത്തിൽ: ദക്ഷിണാഫ്രിക്ക 118-10, 169-10. ഇംഗ്ലണ്ട് 158, 130-1. ആദ്യ ടെസ്റ്റിൽ തോറ്റ ഇംഗ്ലണ്ട് അടുത്ത രണ്ട് ടെസ്റ്റുകളും ജയിച്ച് പരമ്പരയിൽ 2-1ന് മുന്നിലെത്തി. ഇംഗ്ലണ്ടിന്‍റെ ഒല്ലി റോബിൻസൺ പ്ലെയർ ഓഫ് ദി മാച്ചായും ദക്ഷിണാഫ്രിക്കയുടെ കഗിസോ റബാഡയെ പ്ലെയർ ഓഫ് ദി സീരീസായും തിരഞ്ഞെടുത്തു. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ദക്ഷിണാഫ്രിക്ക ആദ്യ ഇന്നിംഗ്സിൽ വെറും 118 റൺസിന് ഓൾ ഔട്ടാവുകയായിരുന്നു. റോബിൻസൺ അഞ്ച് വിക്കറ്റ് വീഴ്ത്തിയാണ് ഇംഗ്ലണ്ടിനെ വിജയത്തിലേക്ക് നയിച്ചത്. 30 റൺസെടുത്ത മാർക്കോ ജാൻസനാണ് സന്ദർശകരുടെ ടോപ് സ്കോറർ.

Read More

ന്യൂഡല്‍ഹി: രാജ്യത്ത് ഇലക്ട്രിക് ഹൈവേകൾ വികസിപ്പിക്കാൻ പദ്ധതിയുമായി സർക്കാർ. സൗരോർജത്തിൽ പ്രവർത്തിക്കുന്ന ഇലക്ട്രിക് ഹൈവേകളാണ് ഉടൻ വരുക. ട്രക്കുകളും ബസുകളും ഉൾപ്പെടെ വലിയ വാഹനങ്ങൾ ചാർജ് ചെയ്യാനുള്ള സൗകര്യവും ഉണ്ടാകും. കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയാണ് ഇക്കാര്യം അറിയിച്ചത്. ഇൻഡോ-അമേരിക്കൻ ചേംബർ ഓഫ് കൊമേഴ്സ് സംഘടിപ്പിച്ച പരിപാടിയിൽ സംസാരിക്കുകയായിരുന്നു ഗഡ്കരി. രാജ്യത്തെ പൊതുഗതാഗത സംവിധാനം പൂർണമായും വൈദ്യുതീകരിക്കണമെന്നാണ് സർക്കാർ ആഗ്രഹിക്കുന്നതെന്ന് അദ്ദേഹം ആവർത്തിച്ചു. സൂര്യപ്രകാശത്തിൽ നിന്നും കാറ്റിൽ നിന്നും ഉൽപാദിപ്പിക്കുന്ന വൈദ്യുതി ഗതാഗത മേഖലയിൽ പരമാവധി ഉപയോഗിക്കുന്നത് സർക്കാർ പ്രോത്സാഹിപ്പിക്കുകയാണെന്നും ഗഡ്കരി പറഞ്ഞു. വൈദ്യുത ദേശീയ പാതകൾ വികസിപ്പിക്കാനുള്ള പദ്ധതികൾ പരിഗണനയിലാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സൗരോർജത്തിൽ പ്രവർത്തിക്കുന്ന ടോൾ പ്ലാസകളും സർക്കാർ പ്രോത്സാഹിപ്പിക്കുന്നുണ്ടെന്ന് ഗഡ്കരി പറഞ്ഞു.

Read More