
സഖീർ: മിഡിൽ ഈസ്റ്റിലെ മോട്ടോർസ്പോർട്സിന്റെ കേന്ദ്രമായ ബഹ്റൈൻ ഇന്റർനാഷണൽ സർക്യൂട്ട് (BIC) സ്ഥാപനത്തിന്റെ പുതിയ ഡയറക്ടർ ഓഫ് ഫസിലിറ്റീസ് ആയി അഹമ്മദ് സാമി അൽതാജറിനെ നിയമിച്ചു.
അടിസ്ഥാന സൗകര്യ വികസനം, തന്ത്രപരമായ ആസൂത്രണം, പദ്ധതിനിർവഹണം എന്നീ മേഖലകളിൽ 15 വർഷത്തിലേറെ പരിചയസമ്പത്തുമായാണ് അൽതാജർ ബിഐസിയിൽ ചുമതലയേൽക്കുന്നത്.

അഹമ്മദ് അൽതാജറിന്റെ നിയമനം ബിഐസിയുടെ വികസന പ്രവർത്തനങ്ങൾക്കും ഭാവി പദ്ധതികൾക്കും കൂടുതൽ കരുത്തേകുമെന്ന് ബഹ്റൈൻ ഇന്റർനാഷണൽ സർക്യൂട്ട് ചീഫ് എക്സിക്യൂട്ടീവ് ഷെയ്ഖ് സൽമാൻ ബിൻ ഈസ അൽ ഖലീഫ പറഞ്ഞു. ബഹ്റൈൻ പ്രതിഭകളെ വളർത്തുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യാനുള്ള ബിഐസിയുടെ പ്രതിബദ്ധതയുടെ ഭാഗമാണ് ഈ നിയമനമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ബിഐസിയിൽ ചേരുന്നതിന് മുമ്പ് പൊതുമരാമത്ത് മന്ത്രാലയത്തിൽ റോഡ്സ് വിഭാഗം അസിസ്റ്റന്റ് അണ്ടർസെക്രട്ടറിയായി അൽതാജർ സേവനമനുഷ്ഠിച്ചിരുന്നു. നയരൂപീകരണം, തന്ത്രപരമായ പദ്ധതികൾ, വിവിധ വികസന പദ്ധതികളുടെ മേൽനോട്ടം എന്നിവയുടെ ചുമതല അദ്ദേഹം വഹിച്ചിരുന്നു.

അതിന് മുൻപ് പ്രധാനമന്ത്രിയുടെ ഓഫീസിൽ പ്രോജക്ട്സ് ഡയറക്ടറായും പിന്നീട് ഓപ്പറേഷൻസ് ഡയറക്ടറായും പ്രവർത്തിച്ച അദ്ദേഹം നിരവധി സർക്കാർ പദ്ധതികളുടെ മേൽനോട്ടം വഹിച്ചിട്ടുണ്ട്. ഭവന മന്ത്രാലയത്തിലും വിവിധ ചുമതലകൾ നിർവഹിച്ചിട്ടുള്ള അൽതാജർ പ്രധാന ഭവന, അടിസ്ഥാന സൗകര്യ വികസന പദ്ധതികളിൽ നിർണായക പങ്കുവഹിച്ചിട്ടുണ്ട്.

യുഎഇയിലെ ഹെരിയറ്റ്-വാട്ട് സർവകലാശാലയിൽ നിന്ന് കൺസ്ട്രക്ഷൻ പ്രോജക്ട് മാനേജ്മെന്റിൽ മാസ്റ്റർ ബിരുദവും, ബഹ്റൈൻ സർവകലാശാലയിൽ നിന്ന് സിവിൽ എൻജിനീയറിംഗിൽ ബിരുദവും നേടിയിട്ടുണ്ട്. കൂടാതെ പ്രോജക്ട് മാനേജ്മെന്റ് ഇൻസ്റ്റിറ്റ്യൂട്ടിന്റെ PMP സർട്ടിഫിക്കേഷനും ഇൻസ്റ്റിറ്റ്യൂഷൻ ഓഫ് സിവിൽ എൻജിനീയേഴ്സിന്റെ അംഗത്വവും അദ്ദേഹത്തിനുണ്ട്.


