ഷാർജ: രണ്ട് വർഷത്തിന് ശേഷം പാകിസ്ഥാൻ ദേശീയ ടീമിലേക്ക് മടങ്ങിയെത്തിയ അബ്ദുള്ള ഷഫീഖിന് നാണക്കേടിന്റെ റെക്കോർഡ്. അഫ്ഗാനിസ്ഥാനെതിരായ പരമ്പരയിലെ ആദ്യ രണ്ട് ടി 20 മത്സരങ്ങളിലും ഒരു റൺസ് പോലും നേടാതെ താരം പുറത്തായി. തുടർച്ചയായ നാല് ടി 20 മത്സരങ്ങളിൽ ഒരു റൺസ് പോലും നേടാതെ പുറത്തായ കളിക്കാരനായി ഷഫീഖ് മാറി. അഫ്ഗാനിസ്ഥാനെതിരായ ഇന്നലത്തെ മത്സരത്തിലും പൂജ്യത്തിന് പുറത്തായതോടെയാണ് നാണക്കേടിന്റെ റെക്കോർഡ് ഷെഫീക്കിന്റെ പേരിലായത്.
2020 ലെ രണ്ട് മത്സരങ്ങളിലും 2023ൽ കളിച്ച രണ്ട് മത്സരങ്ങളിലും പൂജ്യത്തിനാണ് താരം പുറത്തായത്. 2020ൽ ന്യൂസീലൻഡിനെതിരെ ഓക്ലൻഡിൽ നടന്ന ട്വന്റി20യിൽ നേരിട്ട രണ്ടാം പന്തിൽ ഷെഫീക്ക് പുറത്തായിരുന്നു. ഹാമിൽട്ടനിൽ നടന്ന രണ്ടാം മത്സരത്തിന്റെ രണ്ടാം പന്തിലും അദ്ദേഹം പുറത്തായിരുന്നു. അതിന് ശേഷം ഈ വർഷമാണ് താരത്തിന് ട്വന്റി20യിൽ ദേശീയ ടീമിൽ അവസരം ലഭിച്ചത്. അപ്പോഴും ഫലം നിരാശ തന്നെ.
അഫ്ഗാനിസ്ഥാനെതിരായ ആദ്യ ടി20 യിൽ അസ്മത്തുല്ല ഒമർസായിയുടെ പന്തിലും രണ്ടാം മത്സരത്തിൽ ഫസൽഹഖ് ഫറൂഖിയുടെ പന്തിലും താരം എല്‍ബിഡബ്ല്യു ആയി പുറത്താകുകയായിരുന്നു. മൂന്നാം ടി20 യിൽ അദ്ദേഹത്തെ കളിക്കാൻ അനുവദിക്കുമോ എന്ന് ഉറപ്പില്ല.