ന്യൂഡൽഹി: ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി ലോകത്തെ വിറങ്ങലിപ്പിച്ച് നിൽക്കുന്ന റഷ്യ – യുക്രൈൻ യുദ്ധം അവസാനിപ്പിക്കാൻ ഇടപെടും. ഇന്ന് തന്നെ നരേന്ദ്രമോദി റഷ്യൻ പ്രസിഡന്റ് വ്ലാഡിമർ പുടിനുമായി സംസാരിക്കും. റഷ്യ തന്നെയാണ് ഇന്ത്യൻ പ്രധാനമന്ത്രിയുടെ ഇടപെടൽ ആവശ്യപ്പെട്ടത് എന്നതാണ് ഇപ്പോഴത്തെ വിവരം. അതിനിടെ ഹംഗറി വഴി രക്ഷാപ്രവർത്തനം ആരംഭിക്കാനാണ് ഇന്ത്യയുടെ ശ്രമം. യുക്രൈനിൽ കുടുങ്ങിയ ഇന്ത്യാക്കാരെ ഹംഗറി വഴി തിരിച്ച് ഇന്ത്യയിലെത്തിക്കാനാണ് ശ്രമം. ഇതിനായുള്ള നടപടികൾ തുടങ്ങിയെന്ന് ഹംഗറിയിലെ ഇന്ത്യൻ എംബസി അറിയിച്ചു. ഹംഗറി അതിർത്തിയായ സോഹന്യയിലേക്ക് ഇന്ത്യൻ എംബസി അധികൃതർ എത്തും.
റഷ്യയുടേത് ജനാധിപത്യത്തിനെതിരായ ആക്രമണമാണെന്നും ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി പുടിനുമായി സംസാരിക്കണെമെന്നും യുക്രെയിനും ആവശ്യപ്പെട്ടിരുന്നു. യുക്രെയിൻ സ്ഥാനപതി ഇഗോർ പൊലിഖയാണ് ഈ ആവശ്യം മുന്നോട്ട് വച്ചത്.
‘ ലോകനേതാക്കൾ പറഞ്ഞാൽ പുടിൻ അനുസരിക്കുമോ എന്ന് എനിക്കറിയില്ല. ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ശക്തമായ പ്രതികരണത്തിൽ ഒന്ന് ചിന്തിക്കാനെങ്കിലും പുടിൻ തയാറാകുമെന്ന് വിശ്വസിക്കുന്നു. ഇന്ത്യയുടെ ഭാഗത്തുനിന്ന് അനുകൂല നിലപാട് ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു. നിലവിൽ ഞങ്ങൾ ഇന്ത്യയുടെ പിന്തുണ തേടുകയാണ്. ലോകത്തിലെ ഏറ്റവും കരുത്തുള്ള ബഹുമാനിക്കപ്പെടുന്ന നേതാക്കളിൽ ഒരാളാണ് നരേന്ദ്രമോദി. ഇന്ത്യൻ പ്രധാനമന്ത്രി പുടിനുമായി സംസാരിക്കണം.’– യുക്രെയ്ൻ സ്ഥാനപതി പറഞ്ഞു.