മനാമ: ബഹ്റിനിലെ ഇന്ത്യൻ കുടുംബാംഗങ്ങളുടെ ദീപാവലി ആഘോഷങ്ങളിൽ കഴിഞ്ഞ കുറേ വർഷങ്ങളായി ബഹറിൻ കുടുംബാംഗങ്ങൾ എത്തുക പതിവാണ്. തലമുറകളായി ബഹറിനിൽ താമസമാക്കിയ പ്രമുഖ ഇന്ത്യൻ കുടുംബാംഗങ്ങളുടെ വീടുകളിലാണ് സന്ദർശനം നടത്തുന്നത്. കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിൻസ് സൽമാൻ ബിൻ ഹമദ് അൽ ഖലീഫയെ പ്രതിനിധീകരിച്ച് ഷെയ്ഖ് മുഹമ്മദ് ബിൻ സൽമാൻ അൽ ഖലീഫയാണ് വീടുകളിൽ അതിഥിയായി എത്തിയത്.
അസർപോട്ട, ഭാട്ടിയ, കേവൽറാം, വൈദ്യ, താക്കൂർ, കവലാനി, മുൽജിമൽ എന്നിവരുടെ വീടുകളിലാണ് ഷെയ്ഖ് മുഹമ്മദ് ബിൻ സൽമാൻ സന്ദർശനം നടത്തിയത്. ദീപാവലി ദിനത്തിൽ കിരീടാവകാശിയുടെ ആശംസകൾ അദ്ദേഹം അറിയിച്ചു.
രാജാവിന്റെ കാഴ്ചപ്പാടിന് അനുസൃതമായി സഹവർത്തിത്വത്തിനും സാംസ്കാരിക വൈവിധ്യത്തിനും ഒരു മാതൃകയായി ബഹറിൻ അതിൻറെ സ്ഥാനം തുടർച്ചയായി ശക്തിപ്പെടുത്തിയിട്ടുണ്ടെന്നും ഷെയ്ഖ് മുഹമ്മദ് ബിൻ സൽമാൻ വ്യക്തമാക്കി.
രാജ്യത്തിന്റെ തുറന്ന മനസ്സ് വിവിധ സമുദായങ്ങൾക്ക് അവരുടെ മതങ്ങൾ ആചരിക്കുന്നതിന് സുരക്ഷിതമായ ഒരു സാഹചര്യം പ്രദാനം ചെയ്തിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
രാജ്യത്തെ സാമൂഹികവും സാമ്പത്തികവുമായ വികസനത്തിന് പിന്തുണ നൽകുന്നതിൽ താക്കൂർ, വൈദ്യ, അസർപോട്ട ഭാട്ടിയ, കേവൽറാം കുടുംബാംഗങ്ങൾ വഹിച്ച പങ്കിനെ അദ്ദേഹം പ്രശംസിച്ചു.
സഹവർത്തിത്വത്തിന്റെയും വൈവിധ്യത്തിന്റെയും മൂല്യങ്ങളോടുള്ള രാജ്യത്തിൻറെ പ്രതിബദ്ധതയെ പ്രശംസിച്ചുകൊണ്ട് കിരീടാവകാശിയുടെ ആശംസകൾക്കും ഷെയ്ഖ് മുഹമ്മദ് ബിൻ സൽമാന്റെ സന്ദർശനത്തിനും കുടുംബങ്ങൾ നന്ദി അറിയിച്ചു. ഷെയ്ഖ് മുഹമ്മദിനൊപ്പം ധനകാര്യ മന്ത്രി ശൈഖ് സൽമാൻ ബിൻ ഖലീഫ അൽ ഖലീഫയും നിരവധി മുതിർന്ന ഉദ്യോഗസ്ഥരും സന്ദർശനത്തിൽ പങ്കെടുത്തു.