ആലപ്പുഴ: കേരളോത്സവത്തിന്റെ ബാനറിൽ കെ.സി. വേണുഗോപാലിന്റെ ചിത്രം വലുതായും തന്റേത് ചെറുതായും നൽകിയതിനെ വിമർശിച്ച് മുൻ മന്ത്രിയും എം.എൽ.എയുമായ ജി. സുധാകരൻ. പരിപാടിയിൽ പങ്കെടുക്കുന്നത് താനാണെന്നും പങ്കെടുക്കാത്തവരുടെ ചിത്രം വലുതാക്കി നൽകിയത് എന്തിനാണെന്നും അദ്ദേഹം ചോദിച്ചു. “വൃത്തികേട് കാണിക്കരുത്” എന്ന് സംഘാടകർക്ക് മുന്നറിയിപ്പും നൽകി.
ആലപ്പുഴ മുനിസിപ്പാലിറ്റിയുടെ കേരളോത്സവം ഉദ്ഘാടനം ചെയ്ത് സംസാരിക്കുമ്പോഴായിരുന്നു സുധാകരന്റെ പ്രതികരണം. വേദിയിലെ ബാനറിൽ കെ.സി. വേണുഗോപാലിന്റെ ചിത്രം മുകളിൽ വലുതായും സുധാകരന്റെ ചിത്രം താഴെ ചെറുതായുമാണ് നൽകിയിരുന്നത്.
കേന്ദ്ര പദ്ധതികളിൽ എം.പിക്കും സംസ്ഥാന പദ്ധതികളിൽ എം.എൽ.എയ്ക്കുമാണ് പ്രോട്ടോക്കോൾ പ്രകാരം മുൻഗണനയെന്ന് സുധാകരൻ പറഞ്ഞു. ഓരോരുത്തർക്കും അവരുടേതായ സ്ഥാനവും അസ്തിത്വവുമുണ്ടെന്നും അത് ഇല്ലാതാക്കാൻ ചില സംഘാടകർ ശ്രമിച്ചിട്ട് കാര്യമില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇത്തരം ബാനറുകൾ വോട്ടിനെ ബാധിച്ചേക്കാമെന്നും അദ്ദേഹം പറഞ്ഞു.
ആലപ്പുഴ ബീച്ചിലെ നവീകരണ പ്രവർത്തനങ്ങൾക്കായി കേന്ദ്രമന്ത്രി സുരേഷ് ഗോപി എത്തിയതിനെക്കുറിച്ചും സുധാകരൻ വിമർശനം ഉന്നയിച്ചു. തന്റെ മണ്ഡലമായിട്ടും സന്ദർശനത്തെക്കുറിച്ച് തന്നെ അറിയിച്ചില്ലെന്ന് അദ്ദേഹം പറഞ്ഞു. ജില്ലാ കലക്ടർക്കൊപ്പം ബീച്ചിലെത്താൻ സുരേഷ് ഗോപിക്ക് എങ്ങനെ ധൈര്യം വന്നുവെന്നും ആരും എന്തും ചെയ്യാമെന്നതല്ല ജനാധിപത്യമെന്നും സുധാകരൻ ചോദിച്ചു.

