കൊച്ചി: ചേരാനെല്ലൂരിൽ സ്കൂട്ടർ യാത്രക്കാരനായ തട്ടുകടയുടമയെ കാറിടിച്ച് കൊലപ്പെടുത്തിയ കേസിൽ പ്രായപൂർത്തിയാകാത്ത പ്രതിക്ക് ജാമ്യം അനുവദിച്ചതിനെതിരായ ഹർജിയിൽ ഹൈക്കോടതി നോട്ടീസ് അയച്ചു. കൊല്ലപ്പെട്ടയാളുടെ കുടുംബം നൽകിയ ഹർജിയിൽ സർക്കാരിന്റെ നിലപാട് അറിയിക്കാൻ പബ്ലിക് പ്രോസിക്യൂട്ടർക്ക് ജസ്റ്റിസ് സി. ജയചന്ദ്രൻ നിർദേശം നൽകി. പ്രതിക്ക് സ്റ്റേഷൻ ഹൗസ് ഓഫീസർ മുഖേന നോട്ടീസ് അയച്ചിട്ടുണ്ട്. കേസ് നവംബർ 19-ന് വീണ്ടും പരിഗണിക്കും.
ഒക്ടോബർ 25-ന് പുലർച്ചെയായിരുന്നു അപകടം. കാറോടിച്ചിരുന്ന 17കാരന് തൊട്ടടുത്ത ദിവസം എറണാകുളം ജുവനൈൽ ജസ്റ്റിസ് ബോർഡ് ജാമ്യം അനുവദിച്ചിരുന്നു. ഇതിനെതിരെ സംസ്ഥാന സർക്കാരും കൊല്ലപ്പെട്ടയാളുടെ കുടുംബവും നൽകിയ അപ്പീലുകൾ കുട്ടികളുടെ കോടതി നേരത്തെ തള്ളിയിരുന്നു. ജുവനൈൽ ജസ്റ്റിസ് ആക്ട് പ്രകാരം കുറഞ്ഞത് പത്തുവർഷം തടവ് ലഭിക്കാവുന്ന കുറ്റമല്ലാത്തതിനാൽ പ്രതിക്കെതിരെ എഫ്.ഐ.ആർ. രജിസ്റ്റർ ചെയ്യേണ്ടതില്ലെന്നായിരുന്നു കോടതിയുടെ നിരീക്ഷണം.
തുടർന്നാണ് ജുവനൈൽ ജസ്റ്റിസ് ബോർഡിന്റെയും കുട്ടികളുടെ കോടതിയുടെയും ഉത്തരവുകൾ ചോദ്യം ചെയ്ത് കുടുംബം ഹൈക്കോടതിയെ സമീപിച്ചത്. പ്രതി സ്വാധീനമുള്ള കുടുംബത്തിൽ നിന്നുള്ളയാളാണെന്നും തെളിവുകൾ നശിപ്പിക്കാനും സാക്ഷികളെ സ്വാധീനിക്കാനും സാധ്യതയുണ്ടെന്നും ഹർജിയിൽ പറയുന്നു. ജാമ്യം അനുവദിക്കുന്നത് നീതിന്യായ നടപടികൾക്ക് തടസ്സമാകുമെന്നോ കുട്ടിയെ ധാർമ്മികമോ ശാരീരികമോ ആയ അപകടത്തിലേക്ക് നയിക്കുമെന്നോ കണ്ടാൽ ജാമ്യം നിഷേധിക്കണമെന്ന് ജുവനൈൽ ജസ്റ്റിസ് ആക്ടിലെ സെക്ഷൻ 12 വ്യക്തമാക്കുന്നുണ്ടെന്നും ഹർജിയിൽ ചൂണ്ടിക്കാട്ടുന്നു.
അഡീഷണൽ ജില്ലാ ജഡ്ജിയുടെ മകനായ 17കാരൻ അമിതവേഗത്തിൽ ഓടിച്ച ബെൻസ് കാർ ഇടിച്ചാണ് മാഞ്ഞാലി പുത്തൻപറമ്പിൽ ജയബാലകൃഷ്ണൻ (55) മരിച്ചത്. സ്കൂട്ടറിൽ യാത്ര ചെയ്യുകയായിരുന്ന ജയബാലകൃഷ്ണൻ തട്ടുകടയുടമയായിരുന്നു. കാറിന്റെ ഉടമയും പ്രതിയുടെ പിതാവുമായ ജില്ലാ ജഡ്ജിയും കേസിൽ പ്രതിയാണ്. അദ്ദേഹത്തിന് ഹൈക്കോടതി നേരത്തെ മുൻകൂർ ജാമ്യം അനുവദിച്ചിരുന്നു.

