ന്യൂഡൽഹി: വിമാനയാത്ര മൂലമുള്ള കാർബൺ പുറന്തള്ളൽ കുറയ്ക്കുന്നതിനായി സുസ്ഥിര വ്യോമയാന ഇന്ധനം (SAF) നിർബന്ധമാക്കാൻ കേന്ദ്ര സർക്കാർ. ഇതിനായുള്ള കരട് നയം ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ (ഡിജിസിഎ) തയ്യാറാക്കി. വ്യോമയാന മന്ത്രാലയത്തിന്റെ അന്തിമ അംഗീകാരം ലഭിച്ചിട്ടില്ലാത്തതിനാൽ നിർദേശങ്ങൾ ഔദ്യോഗികമായി നിലവിൽ വന്നിട്ടില്ല.
കരട് പ്രകാരം, 2027 മുതൽ അന്താരാഷ്ട്ര വിമാന സർവീസുകൾക്കുള്ള ഏവിയേഷൻ ടർബൈൻ ഫ്യൂവലിൽ (ATF) ഒരു ശതമാനം SAF കലർത്തണം. 2028ൽ ഇത് രണ്ട് ശതമാനമായും 2030ൽ അഞ്ച് ശതമാനമായും ഉയർത്തും. 2031–2040 കാലയളവിൽ ഉപയോഗം കൂടുതൽ വർധിപ്പിച്ച് 2040ഓടെ 20 ശതമാനത്തിലെത്തിക്കാനാണ് ലക്ഷ്യം. ഇന്ത്യയിൽ ഉത്പാദിപ്പിക്കുന്ന SAF മാത്രമേ പരമ്പരാഗത വിമാന ഇന്ധനത്തിൽ കലർത്താൻ അനുവദിക്കൂ.
ഇന്റർനാഷണൽ സിവിൽ ഏവിയേഷൻ ഓർഗനൈസേഷന്റെ (ICAO) അന്താരാഷ്ട്ര വ്യോമയാന കാർബൺ ഓഫ്സെറ്റിങ് ആൻഡ് റിഡക്ഷൻ പദ്ധതി—കോർസിയയിൽ—2027 മുതൽ ഇന്ത്യ പങ്കാളിയാകുന്നതിന്റെ ഭാഗമായാണ് ലക്ഷ്യങ്ങൾ നിശ്ചയിക്കുന്നത്. SAF ഉത്പാദന കേന്ദ്രങ്ങളിലോ റിഫൈനറികളിലോ ഇടക്കാല സംഭരണ കേന്ദ്രങ്ങളിലോ ഇന്ധനം കലർത്തി വിമാനത്താവളങ്ങളിലേക്ക് എത്തിക്കാനാണ് നിർദേശം.
പരമ്പരാഗത ജെറ്റ് ഇന്ധനത്തേക്കാൾ രണ്ടുമുതൽ മൂന്നുമടങ്ങ് വരെ വില SAF-ന് ഉണ്ടാകുമെന്നാണ് വിലയിരുത്തൽ. അതിനാൽ ആദ്യഘട്ടത്തിൽ ഇന്ധന വിതരണക്കാർക്ക് പ്രോത്സാഹനങ്ങൾ നൽകാനും, നിർദേശങ്ങൾ പാലിക്കാത്ത വിതരണക്കാർക്കും വിമാന കമ്പനികൾക്കും പിഴ ചുമത്താനും കരടിൽ വ്യവസ്ഥയുണ്ട്. SAF സംഭരിക്കാനും കൈകാര്യം ചെയ്യാനും വിതരണം ചെയ്യാനുമുള്ള സൗകര്യങ്ങൾ വിമാനത്താവള അധികൃതർ ഒരുക്കണം.
ആഭ്യന്തര വിമാന സർവീസുകൾക്കും നിശ്ചിത സമയക്രമമില്ലാത്ത അന്താരാഷ്ട്ര സർവീസുകൾക്കും നിബന്ധനകളിൽ ഇളവുണ്ടാകും. മാനുഷിക സഹായം, മെഡിക്കൽ, അടിയന്തര ആവശ്യങ്ങൾക്കുള്ള വിമാനങ്ങൾക്കും യാത്രക്കാരെയോ ചരക്കുകളെയോ കൊണ്ടുപോകാത്ത അറ്റകുറ്റപ്പണി സർവീസുകൾക്കും ഇളവ് അനുവദിക്കും.
SAF-ന്റെ ഉത്പാദനം, വിതരണം, ഉപയോഗം, ഇടപാടുകൾ, കാർബൺ പുറന്തള്ളലിലെ കുറവ് എന്നിവ നിരീക്ഷിക്കാൻ ഡിജിസിഎയുടെ കീഴിൽ ഡിജിറ്റൽ രജിസ്ട്രി ആരംഭിക്കാനും കരട് നിർദേശിക്കുന്നു. നയം നടപ്പാക്കാനും ഏകോപിപ്പിക്കാനും നിരീക്ഷിക്കാനും പെട്രോളിയം-പ്രകൃതിവാതക മന്ത്രാലയത്തിലെയും വ്യോമയാന മന്ത്രാലയത്തിലെയും സെക്രട്ടറിമാർ നേതൃത്വം നൽകുന്ന സമിതി രൂപീകരിക്കാനും ശുപാർശയുണ്ട്. 2018ലെ ദേശീയ ജൈവ ഇന്ധന നയത്തിന്റെ ഭാഗമായാണ് SAF നയം നടപ്പാക്കാൻ ഉദ്ദേശിക്കുന്നത്.

