തിരുവനന്തപുരം: കേരളത്തിന്റെ ഭാവിവികസനത്തിനും സമ്പദ്വ്യവസ്ഥയുടെ പുരോഗതിക്കും വൻകിട നിക്ഷേപങ്ങൾ അനിവാര്യമാണെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ പറഞ്ഞു. ‘കേരള മോഡൽ’ വികസനം ചില തടസ്സങ്ങൾ നേരിടുന്നുണ്ടെന്നും കാലാനുസൃതമായ മാറ്റങ്ങളിലൂടെ സംസ്ഥാനത്തെ കൂടുതൽ മുന്നോട്ട് നയിക്കണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
കേരളത്തെ എല്ലാ മേഖലകളിലും ഒന്നാം സ്ഥാനത്തെത്തിക്കുകയാണ് സർക്കാരിന്റെ ലക്ഷ്യം. എന്നാൽ ഉയർന്ന ജനസാന്ദ്രതയും ഭൂമിയുടെ ലഭ്യതക്കുറവും വികസനത്തിന് വെല്ലുവിളിയാണ്. ഈ പരിമിതികൾക്കുള്ളിൽ നിന്നുകൊണ്ട് പുതിയ സാധ്യതകൾ കണ്ടെത്തണം. നിരവധി വ്യവസായികളും നിക്ഷേപകരും കേരളത്തിൽ നിക്ഷേപിക്കാൻ സർക്കാരിനെ സമീപിക്കുന്നുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.
കേരളത്തിന്റെ ഭൂമിശാസ്ത്രപരമായ പ്രത്യേകതകൾ പ്രയോജനപ്പെടുത്തി സംസ്ഥാനത്തെ പ്രധാന തുറമുഖ നഗരമാക്കും. വ്യോമയാന മേഖലയിലെ സാധ്യതകൾ ഉപയോഗപ്പെടുത്തി കേരളത്തെ പ്രമുഖ ഏവിയേഷൻ ഹബ്ബാക്കി മാറ്റാനും ലക്ഷ്യമിടുന്നു. പുതിയ നിക്ഷേപങ്ങളിലൂടെ ഖജനാവിലേക്ക് വരുമാനം എത്തുകയും സാമ്പത്തിക ഭദ്രത ഉറപ്പാക്കുകയും ചെയ്യുന്നതിനാൽ നിക്ഷേപസൗഹൃദ അന്തരീക്ഷം ശക്തിപ്പെടുത്തേണ്ടത് അനിവാര്യമാണെന്നും അദ്ദേഹം വ്യക്തമാക്കി.
ലോകമെമ്പാടും പ്രശസ്തമായ കേരളത്തിന്റെ മാനവവിഭവശേഷിയും കഴിവുള്ള യുവാക്കളും സംസ്ഥാനത്തിന്റെ വളർച്ചയ്ക്കായി ഫലപ്രദമായി പ്രയോജനപ്പെടുത്തണം. എല്ലാ മേഖലകളിലും സംസ്ഥാനത്തിന് വലിയ മുന്നേറ്റം ആവശ്യമാണെന്നും സമഗ്ര വികസനത്തിനായി രാഷ്ട്രീയഭേദമന്യേ എല്ലാവരും ഒരുമിച്ച് നിൽക്കണമെന്നും മുഖ്യമന്ത്രി ആഹ്വാനം ചെയ്തു.

