കൊച്ചി: ചേറാനല്ലൂരിൽ വാഹനാപകടത്തിൽ മരിച്ച ജയബാലകൃഷ്ണന്റെ കുടുംബത്തിന് നീതി ലഭിച്ചില്ലെന്ന് ബന്ധു ജയലക്ഷ്മി. കേസിൽനിന്ന് ഒഴിവാകാനുള്ള എല്ലാ തന്ത്രങ്ങളും ജഡ്ജി പയറ്റുകയാണെന്നും തങ്ങളുടെ വാദം കേൾക്കാൻ ഹൈക്കോടതി തയ്യാറായില്ലെന്നും അവർ മാധ്യമങ്ങളോട് പറഞ്ഞു.
“ഇപ്പോൾ മുൻകൂർ ജാമ്യം കിട്ടല്ലേ ഭഗവാനേ എന്നാണ് ഞങ്ങളുടെ പ്രാർഥന. ഇനിയുള്ളതെല്ലാം ഈശ്വരന്റെ കൈയിലാണ്,” ജയലക്ഷ്മി പറഞ്ഞു. സാധാരണക്കാരനാണെങ്കിൽ മുൻകൂർ ജാമ്യത്തിന് ജില്ലാ കോടതിയെയാണ് സമീപിക്കേണ്ടതെന്ന വാദം കോടതിയിൽ ഉന്നയിച്ചിരുന്നതായും അവർ പറഞ്ഞു. എന്നാൽ ഗസറ്റഡ് റാങ്കിന് മുകളിലുള്ള വ്യക്തി പ്രതിയായതിനാൽ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതിയിൽ മാത്രമേ പരിഗണിക്കാനാകൂവെന്നാണ് ജഡ്ജി പറഞ്ഞതെന്നും ജയലക്ഷ്മി ആരോപിച്ചു.
അപകടം നടന്ന ദിവസം പുലർച്ചെ 2.47ന് 17കാരൻ പിതാവായ അഡീഷണൽ ജഡ്ജിയെ ഫോണിൽ വിളിച്ചെന്ന വാദം ശരിയല്ലെന്നും അവർ പറഞ്ഞു. അതേസമയം, ചേറാനല്ലൂരിൽ 17കാരൻ ഓടിച്ച ആഡംബര കാർ സ്കൂട്ടറിലിടിച്ച് യാത്രക്കാരൻ മരിച്ച കേസിൽ, ജഡ്ജിയുടെ അറസ്റ്റ് ഹൈക്കോടതി തടഞ്ഞു. അറസ്റ്റിനെതിരെ ജഡ്ജി നൽകിയ മുൻകൂർ ജാമ്യാപേക്ഷ പരിഗണിച്ച സിംഗിൾ ബെഞ്ചാണ് ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചത്.
“പൊതുബോധത്തിന് കീഴടങ്ങാനാകില്ല. നിയമം അനുസരിച്ചേ മുന്നോട്ടുപോകാൻ കഴിയൂ,” എന്ന് കോടതി വ്യക്തമാക്കി. ജഡ്ജി അന്വേഷണവുമായി സഹകരിക്കുന്നുണ്ടെന്നും ചോദ്യം ചെയ്യലിന് ഹാജരായതാണെന്നും ചൂണ്ടിക്കാട്ടിയ കോടതി, അറസ്റ്റ് എന്തിനാണെന്നും ചോദിച്ചു. നാലുമണിക്കൂറോളം ചോദ്യം ചെയ്തെന്ന് ജഡ്ജി പറഞ്ഞപ്പോൾ, അത്രയും സമയം ചോദ്യം ചെയ്യേണ്ട കാര്യമെന്തെന്നും കോടതി ആരാഞ്ഞു.

