തിരുവനന്തപുരം: സി.എം.ആർ.എൽ–എക്സാലോജിക് കേസിൽ മുഖ്യമന്ത്രി പിണറായി വിജയനെതിരെ സർക്കാർ നടപടി സ്വീകരിക്കണമെന്ന് കെ. സുധാകരൻ. ഇവിടെ ആണുങ്ങളുടെ സർക്കാരാണെങ്കിൽ നടപടിയുമായി മുന്നോട്ടുപോകണമെന്നും അതിന് എത്രപേർ നട്ടെല്ല് കാണിക്കുമെന്ന് കാത്തിരുന്ന് കാണാമെന്നും അദ്ദേഹം പറഞ്ഞു.
“ഇവിടെ ഒരു സർക്കാർ ഉണ്ടെങ്കിൽ നടപടിയിലേക്ക് പോകണം. ആണുങ്ങളുടെ സർക്കാരാണെങ്കിൽ അതുപോലെ മുന്നോട്ടുപോകണം. ഇവിടെ അങ്ങനെയൊരു സർക്കാർ ഉണ്ടോ എന്ന് എനിക്കറിയില്ല,” സുധാകരൻ പറഞ്ഞു. മുഖ്യമന്ത്രിക്കും മന്ത്രിമാർക്കും തീരുമാനമെടുക്കാനുള്ള അധികാരമുണ്ടെന്നും നടപടികൾ കുറച്ചുകൂടി കടുപ്പിക്കണമെന്നാണ് തന്റെ വ്യക്തിപരമായ അഭിപ്രായമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കേസിൽ കോൺഗ്രസിനുള്ളിൽ മാത്യു കുഴൽനാടനെ ഒറ്റപ്പെടുത്താനുള്ള ശ്രമമുണ്ടെന്ന് കരുതുന്നില്ലെന്നും സുധാകരൻ വ്യക്തമാക്കി. രാഷ്ട്രീയത്തിൽ വ്യക്തമായ നിലപാടുള്ള ആളാണ് കുഴൽനാടനെന്നും അദ്ദേഹത്തെ ആരും തൊട്ടുകളിക്കേണ്ടെന്നും സംരക്ഷിക്കാൻ തങ്ങളുണ്ടെന്നും അദ്ദേഹം പറഞ്ഞു.
സി.എം.ആർ.എൽ–എക്സാലോജിക് കേസിലെ സമൻസ് എത്തേണ്ടിടത്ത് എത്തിയെന്നും ഇക്കാര്യം തങ്ങൾ ഏറെക്കാലമായി പൊതുസമൂഹത്തിന് മുന്നിൽ ഉന്നയിക്കുന്നതാണെന്നും സുധാകരൻ കൂട്ടിച്ചേർത്തു.

