
മനാമ: ഫ്രൻഡ്സ് സോഷ്യൽ അസോസിയേഷൻ വനിതാ വിഭാഗം സിഞ്ചിലെ ഫ്രൻഡ്സ് സെന്ററിൽ സൗഹൃദ സംഗമം സംഘടിപ്പിച്ചു. അസോസിയേഷൻ ജനറൽ സെക്രട്ടറി ശൈമില നൗഫൽ സൗഹൃദ സന്ദേശം നൽകി.
വ്യത്യസ്ത സാമൂഹിക വിഭാഗങ്ങളിൽപ്പെട്ടവർ ഒന്നിച്ചിരുന്ന് സന്തോഷവും സ്നേഹവും പങ്കുവെക്കുകയും സഹവർത്തിത്വം ശക്തിപ്പെടുത്തുകയും ചെയ്യേണ്ടത് ഇന്നത്തെ സാഹചര്യത്തിൽ അനിവാര്യമാണെന്ന് ശൈമില നൗഫൽ പറഞ്ഞു. ഒറ്റയ്ക്കു നിൽക്കുമ്പോഴല്ല, ഒന്നിച്ചു നിൽക്കുമ്പോഴാണ് എല്ലാവരും ശക്തരാകുന്നതെന്നും അവർ കൂട്ടിച്ചേർത്തു.
വനിതാ വിഭാഗം പ്രസിഡന്റ് ഷബീഹ ഫൈസൽ അധ്യക്ഷത വഹിച്ചു. എഴുത്തുകാരിയും സാമൂഹിക പ്രവർത്തകയുമായ ഹേമ വിശ്വം, അഭിഭാഷകയും ഗായികയുമായ അഡ്വ. ഇന്ദു, ഏഷ്യ ബഹ്റൈൻ പ്രതിനിധിയും മാധ്യമപ്രവർത്തകയുമായ ശുഭ പ്രേം, എഴുത്തുകാരി ഉമ്മു അമ്മാർ എന്നിവർ ആശംസകൾ നേർന്നു. സ്ത്രീകൾക്കിടയിലെ ഇത്തരം കൂട്ടായ്മകൾ മാനസിക സമ്മർദം കുറയ്ക്കാൻ സഹായകമാണെന്ന് അവർ അഭിപ്രായപ്പെട്ടു.
ജമീല അബ്ദുറഹ്മാൻ, മെഹ്റ മൊയ്തീൻ, റഷീദ ബദർ, സക്കിയ ആൻഡ് ടീം എന്നിവർ വിവിധ പരിപാടികൾ അവതരിപ്പിച്ചു. ഹേബ നജീബിന്റെ പ്രാർഥനയോടെ ആരംഭിച്ച സംഗമത്തിന് മുഹറഖ് ഏരിയ ഓർഗനൈസർ സുബൈദ മുഹമ്മദലി നന്ദി പറഞ്ഞു. മനാമ ഏരിയ സെക്രട്ടറി ഷഹീന നൗമൽ പരിപാടി നിയന്ത്രിച്ചു. നദീറ ഷാജി, ലുലു അബ്ദുൽ ഹഖ്, ഷാനി സക്കീർ എന്നിവർ നേതൃത്വം നൽകി.


