ന്യൂഡൽഹി: ജനാധിപത്യവും ഭരണഘടനയും സംരക്ഷിക്കാനുള്ള പോരാട്ടത്തിൽ പ്രതിപക്ഷം ഒറ്റക്കെട്ടാണെന്ന് ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. സമരത്തിന്റെ അടുത്ത ഘട്ടം ഇപ്പോൾ വെളിപ്പെടുത്തില്ലെന്നും അത് ‘സർപ്രൈസ്’ ആയിരിക്കുമെന്നും അദ്ദേഹം പറഞ്ഞു. വസതിയിൽ നടന്ന ചായസത്കാരത്തിനു ശേഷം ഇന്ത്യാ മുന്നണി നേതാക്കൾക്കൊപ്പം നടത്തിയ സംയുക്ത വാർത്താസമ്മേളനത്തിലാണ് പ്രതികരണം.
പ്രതിപക്ഷത്തിനിടയിൽ സമാന്തര സമരങ്ങളില്ലെന്നും ജനാധിപത്യം പുനഃസ്ഥാപിക്കുകയെന്ന ഒരേയൊരു ലക്ഷ്യത്തിനായാണ് എല്ലാവരും ഒന്നിച്ചുനിൽക്കുന്നതെന്നും രാഹുൽ വ്യക്തമാക്കി. രാജ്യത്തെ ജനാധിപത്യവും തിരഞ്ഞെടുപ്പ് സംവിധാനവും തകർക്കപ്പെട്ടതായി ആരോപിച്ച അദ്ദേഹം, ഭരണഘടന സംരക്ഷിക്കാനുള്ള പോരാട്ടം തുടരുമെന്നും പറഞ്ഞു.
കഴിഞ്ഞ നാലുദിവസമായി ഇന്ത്യാ മുന്നണി സംഘടിപ്പിച്ച പരിപാടികളിലെ ജനപങ്കാളിത്തം സമരത്തിന്റെ വിജയമാണെന്ന് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ പറഞ്ഞു. യുവാക്കളും സാധാരണക്കാരും സ്വന്തം മുൻകൈയിൽ പ്രതിഷേധങ്ങളിൽ പങ്കെടുക്കുന്നത് ശ്രദ്ധേയമാണ്. ജനങ്ങളുടെ പ്രശ്നങ്ങൾ ഗൗരവത്തോടെയും സമർപ്പണത്തോടെയുമാണ് പ്രതിപക്ഷ നേതാക്കൾ ഉന്നയിച്ചതെന്നും അദ്ദേഹം വ്യക്തമാക്കി.
മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനെതിരെ ആർജെഡി നേതാവ് തേജസ്വി യാദവ് രൂക്ഷവിമർശനം ഉന്നയിച്ചു. ജനാധിപത്യത്തെ തകർക്കാനുള്ള ശ്രമത്തിനു പിന്നിൽ ബിജെപിയുടെയും പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെയും ഗൂഢാലോചനയുണ്ടെന്നാണ് അദ്ദേഹത്തിന്റെ ആരോപണം. ജനാധിപത്യം സംരക്ഷിക്കാൻ ആവശ്യമായ ത്യാഗങ്ങൾ സഹിക്കാൻ പ്രതിപക്ഷം തയ്യാറാണെന്നും തേജസ്വി പറഞ്ഞു.
ഇഡി, സിബിഐ, ആദായനികുതി വകുപ്പ് തുടങ്ങിയ കേന്ദ്ര ഏജൻസികളെ നിയന്ത്രണത്തിലാക്കാൻ ശ്രമം നടക്കുന്നതായും അദ്ദേഹം ആരോപിച്ചു. തിരഞ്ഞെടുപ്പ് കമ്മീഷന്റെ പ്രവർത്തനങ്ങളെയും ഗ്യാനേഷ് കുമാറിന്റെ നിലപാടുകളെയും വിമർശിച്ച തേജസ്വി, ഉത്തരവാദികളായവർക്ക് നടപടികളിൽനിന്ന് രക്ഷപ്പെടാനാകില്ലെന്നും അഭിപ്രായപ്പെട്ടു.
ചരിത്രപ്രാധാന്യമുള്ള പ്രതിഷേധവേദിയായ ജന്തർ മന്തറിൽനിന്ന് സമരങ്ങളെ ഡൽഹിയുടെ അതിർത്തികളിലേക്ക് മാറ്റുന്നത് ഭരണാധികാരികളുടെ ഭയമാണ് വ്യക്തമാക്കുന്നതെന്ന് നേതാക്കൾ പറഞ്ഞു. ജന്തർ മന്തറിൽ പ്രതിഷേധിക്കാനുള്ള അവസരം തിരിച്ചുപിടിക്കാൻ സമരം നടത്തുമെന്നും അവർ അറിയിച്ചു.
സിപിഎം ജനറൽ സെക്രട്ടറി എം.എ. ബേബി, സിപിഐ ജനറൽ സെക്രട്ടറി ഡി. രാജ, എൻസിപി–എസ്സിപി എംപി സുപ്രിയ സുലെ, സമാജ്വാദി പാർട്ടി എംപി ഹരേന്ദ്ര മാലിക്, പ്രശാന്ത് ഭൂഷൺ, ഐസ പ്രസിഡന്റ് നേഹ ബോറ എന്നിവരും വാർത്താസമ്മേളനത്തിൽ സംസാരിച്ചു.

