മനാമ: ബഹ്റൈനിലെ സൽമാൻ ഇൻഡസ്ട്രിയൽ സിറ്റിയിൽ വാഹനമിടിച്ച് ഇന്ത്യൻ യുവാവിനെ കൊലപ്പെടുത്തിയ കേസിൽ 40കാരനായ ഇന്ത്യൻ പൗരൻ അറസ്റ്റിൽ. കൊല്ലപ്പെട്ടത് 33 വയസ്സുള്ള സഹപ്രവർത്തകനായ ഇന്ത്യൻ പൗരനാണ്.
2026 ഒക്ടോബർ എട്ടിനാണ് സംഭവം നടന്നത്. മുൻകൂട്ടി ആസൂത്രണം ചെയ്ത് തയ്യാറെടുപ്പുകൾ നടത്തിയ ശേഷം പ്രതി മറ്റുള്ളവരുടെ സഹായത്തോടെ യുവാവ് സഞ്ചരിച്ചിരുന്ന വാഹനം തടയുകയും, ഇയാളെ വാഹനത്തിൽനിന്ന് പുറത്തേക്ക് ഇറക്കിയ ശേഷം ദേഹത്തുകൂടി വാഹനം ഓടിച്ചുകയറ്റുകയുമായിരുന്നു എന്നാണ് അന്വേഷണത്തിൽ കണ്ടെത്തിയത്. സംഭവസ്ഥലത്തുവെച്ചുതന്നെ യുവാവ് മരിച്ചു. കേസുമായി ബന്ധപ്പെട്ട് സംഭവത്തിൽ പങ്കുണ്ടെന്ന് സംശയിക്കുന്ന മറ്റു ചിലരെയും പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.
കേസിന്റെ വിവരങ്ങൾ ലഭിച്ചയുടൻ ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ ആൻഡ് ഫോറൻസിക് സയൻസ് ജനറൽ ഡയറക്ടറേറ്റും മുഹറഖ് ഗവർണറേറ്റ് പൊലീസ് ഡയറക്ടറേറ്റും സംയുക്തമായി അന്വേഷണം ആരംഭിച്ചു. തുടർന്ന് വിവരങ്ങളും ശാസ്ത്രീയ തെളിവുകളും ശേഖരിച്ചാണ് പ്രധാന പ്രതിയെ തിരിച്ചറിഞ്ഞ് അറസ്റ്റ് ചെയ്തത്. കേസിൽ തുടർ നിയമനടപടികൾ പുരോഗമിക്കുകയാണെന്നും പ്രതിയെ പബ്ലിക് പ്രോസിക്യൂഷന് കൈമാറുന്നതിനുള്ള നടപടികൾ സ്വീകരിച്ചുവരികയാണെന്നും അധികൃതർ അറിയിച്ചു.

