തിരുവനന്തപുരം: കേസുമായി ബന്ധപ്പെട്ട ചിത്രങ്ങളും വീഡിയോകളും പുറത്തുവിടുമെന്ന് ഭീഷണിപ്പെടുത്തി യുവതിയിൽനിന്ന് 14.5 ലക്ഷത്തിലധികം രൂപയും ഐഫോണും തട്ടിയെടുത്തെന്ന പരാതിയിൽ പൊലീസ് ഉദ്യോഗസ്ഥൻ അറസ്റ്റിൽ. ഗുരുവായൂർ പൊലീസ് സ്റ്റേഷനിലെ സിവിൽ പൊലീസ് ഓഫീസറും അതിയന്നൂർ സ്വദേശിയുമായ ധനീഷ് കുമാറിനെയാണ് (39) മ്യൂസിയം പൊലീസ് അറസ്റ്റ് ചെയ്തത്. സംഭവത്തെ തുടർന്ന് ഇയാളെ സർവീസിൽനിന്ന് സസ്പെൻഡ് ചെയ്തു.
പൊലീസ് ആസ്ഥാനത്ത് ജോലി ചെയ്തിരുന്ന 2026 ജനുവരി മുതൽ ഓഗസ്റ്റ് വരെയുള്ള കാലയളവിലാണ് തട്ടിപ്പ് നടന്നതെന്നാണ് പരാതി. എറണാകുളം സ്വദേശിനിയായ യുവതിയെ ഭീഷണിപ്പെടുത്തി പലപ്പോഴായി പണവും 82,590 രൂപ വിലവരുന്ന പുതിയ ഐഫോണും കൈപ്പറ്റിയെന്നാണ് ആരോപണം.
കേസിലെ നിർണായക തെളിവുകളായ ചിത്രങ്ങളും വീഡിയോകളും പുറത്തുവിടുമെന്നായിരുന്നു ഭീഷണി. ധനീഷ് കുമാർ നേരിട്ടും പണം കൈപ്പറ്റിയതായി യുവതി പരാതിയിൽ വ്യക്തമാക്കിയിട്ടുണ്ട്.
യുവതി മുഖ്യമന്ത്രിയുടെ പരാതി പരിഹാര സെല്ലിൽ നൽകിയ പരാതി മ്യൂസിയം പൊലീസിന് കൈമാറുകയായിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ധനീഷ് കുമാറിനെ അറസ്റ്റ് ചെയ്തത്.

