ന്യൂഡൽഹി: അടുത്ത തലമുറ മൊബൈൽ ആശയവിനിമയ സാങ്കേതികവിദ്യയായ 6ജിക്കായുള്ള തയ്യാറെടുപ്പുകൾ മുന്നോട്ടുകൊണ്ടുപോയി റിലയൻസ് ജിയോ. കമ്പനി വികസിപ്പിച്ച പ്രീ-6ജി സാങ്കേതിക സംവിധാനവും ഗിഗാ മിമോ റേഡിയോയും ന്യൂഡൽഹിയിലെ ഇന്ത്യ മൊബൈൽ കോൺഗ്രസ് 2026ൽ പ്രദർശിപ്പിച്ചു.
2030ഓടെ ആഗോള സാങ്കേതിക മാനദണ്ഡങ്ങൾ അന്തിമമാകുമ്പോൾ, 6ജി സേവനം അവതരിപ്പിക്കുന്ന ആദ്യ രാജ്യങ്ങളുടെ കൂട്ടത്തിൽ ഇന്ത്യയെയും എത്തിക്കുകയാണ് ലക്ഷ്യം. ഇതിന് ആവശ്യമായ സാങ്കേതികവിദ്യകളുടെ വികസനത്തിലാണ് കമ്പനി ശ്രദ്ധ കേന്ദ്രീകരിക്കുന്നത്.
നിലവിലെ 5ജി നെറ്റ്വർക്കുകളെ അപേക്ഷിച്ച് അഞ്ചിരട്ടി വരെ ശേഷിയും പ്രതികരണത്തിലെ കാലതാമസം പത്തിലൊന്നായി കുറയ്ക്കുന്നതുമാണ് ജിയോ ലക്ഷ്യമിടുന്നത്. ഒരേസമയം കൂടുതൽ ഉപയോക്താക്കൾക്ക് സേവനം നൽകാനും വലിയ അളവിലുള്ള ഡാറ്റ കൈകാര്യം ചെയ്യാനും ഇതിലൂടെ കഴിയുമെന്നാണ് പ്രതീക്ഷ.
തത്സമയ നിർമിതബുദ്ധി സേവനങ്ങൾ, ഹോളോഗ്രാഫിക് വീഡിയോ, ആരോഗ്യപരിചരണം, വിദ്യാഭ്യാസം തുടങ്ങിയ മേഖലകളിൽ പുതിയ സാധ്യതകൾ തുറക്കുന്നതാണ് ഈ മുന്നേറ്റം. നെറ്റ്വർക്കിന്റെ പ്രതികരണസമയം കുറയുന്നത് അതിവേഗ ആശയവിനിമയം ആവശ്യമായ സേവനങ്ങൾക്ക് സഹായകരമാകുമെന്നാണ് വിലയിരുത്തൽ.
5ജിയും 6ജിയും പിന്തുണയ്ക്കുന്ന പൊതുവായ ബേസ്ബാൻഡ് യൂണിറ്റും ജിയോ പ്രദർശിപ്പിച്ചിട്ടുണ്ട്. ഹാർഡ്വെയർ, സോഫ്റ്റ്വെയർ, പേറ്റന്റുകൾ, ആഗോള മാനദണ്ഡരൂപീകരണം എന്നീ മേഖലകളെ കേന്ദ്രീകരിച്ചാണ് കമ്പനിയുടെ പ്രവർത്തനം. നിർമിതബുദ്ധി അടിസ്ഥാനമാക്കിയുള്ളതും ഭാവിയിലെ സുരക്ഷാ ആവശ്യങ്ങൾ പരിഗണിക്കുന്നതുമായ നെറ്റ്വർക്കുകൾ വികസിപ്പിക്കുന്നതിനും ജിയോ ശ്രമിക്കുന്നതായി റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.

