
മനാമ: രോഗീപരിചരണത്തിൽ കരുതലും സമർപ്പണവും കൈമുതലാക്കി പ്രവർത്തിക്കുന്ന ബഹ്റൈനിലെ നഴ്സിംഗ് സമൂഹത്തിന് ഈ വർഷത്തെ സിംസ് വർക്ക് ഓഫ് മേഴ്സി അവാർഡ് സമർപ്പിക്കുന്നു. സീറോ മലബാർ സൊസൈറ്റി (സിംസ്) ഏർപ്പെടുത്തിയ പുരസ്കാരം ബഹ്റൈൻ കാത്തലിക് നഴ്സസ് മിനിസ്ട്രിക്ക് സമ്മാനിക്കുമെന്ന് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു. വിവിധ ആശുപത്രികളിൽനിന്ന് തിരഞ്ഞെടുക്കപ്പെട്ട 100 നഴ്സുമാരെയും സേവനമികവിന്റെ അടിസ്ഥാനത്തിൽ പ്രത്യേകം ആദരിക്കും.
ഒക്ടോബർ 17 ശനിയാഴ്ച വൈകിട്ട് 7.30ന് അദാരി പാർക്കിലെ ന്യൂ സീസൺ ഹാളിലാണ് പുരസ്കാരദാന ചടങ്ങ്. നോർത്തേൺ അറേബ്യയുടെ അപ്പോസ്തോലിക് വികാർ ബിഷപ്പ് ആൽദോ ബറാർഡി, ഡോ. ഹസ്സൻ ഈദ് ബുഖമ്മസ് എംപി എന്നിവർ മുഖ്യാതിഥികളാകും. ബികെജി ഹോൾഡിങ് ചെയർമാനും പ്രവാസി ഭാരതീയ സമ്മാൻ ജേതാവുമായ കെ.ജി. ബാബുരാജൻ വിശിഷ്ടാതിഥിയായി പങ്കെടുക്കും.
സിംസ് പ്രസിഡന്റ് പി.ടി. ജോസഫ് അധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ ജനറൽ സെക്രട്ടറി നെൽസൺ വർഗ്ഗീസ് സ്വാഗതം പറയും. ബഹ്റൈൻ കാത്തലിക് നഴ്സസ് മിനിസ്ട്രി നാഷണൽ കോർഡിനേറ്റർമാരായ വിനി ജിമ്മി, ജിംഷി ജോസ് എന്നിവർ മുഖ്യാതിഥികളിൽനിന്ന് പുരസ്കാരം ഏറ്റുവാങ്ങും.
അവാർഡ് ജനറൽ കൺവീനർ ബെന്നി വർഗ്ഗീസ്, സിംസ് ലേഡീസ് വിങ് പ്രസിഡന്റ് സ്റ്റെഫി മരിയ അരുൺ, ബഹ്റൈനിലെ സാമൂഹിക–സാംസ്കാരിക രംഗത്തെ പ്രമുഖർ എന്നിവർ ആശംസകൾ അർപ്പിക്കും.
രോഗികൾക്ക് ചികിത്സയോടൊപ്പം ആശ്വാസവും ആത്മവിശ്വാസവും പ്രതീക്ഷയും പകരുന്നവരാണ് നഴ്സുമാരെന്ന് സിംസ് ഭാരവാഹികൾ പറഞ്ഞു. രോഗവും വേദനയും ഭയവും നിറഞ്ഞ ഘട്ടങ്ങളിൽ രോഗികൾക്കൊപ്പം നിൽക്കുന്ന അവരുടെ സേവനം സമൂഹം അംഗീകരിക്കേണ്ടതാണ്. കോവിഡ് കാലത്ത് നഴ്സിംഗ് സമൂഹം നടത്തിയ പരിചരണ–പ്രതിരോധ പ്രവർത്തനങ്ങളും ഈ ആദരവിന് പശ്ചാത്തലമാകുന്നു. ഫ്ലോറെൻസ് നൈറ്റിംഗേലിന്റെ സേവനപാരമ്പര്യം ഉയർത്തിപ്പിടിക്കുന്ന നഴ്സുമാരുടെ സംഭാവനകൾ സമൂഹത്തിന് മുന്നിലെത്തിക്കുകയാണ് പുരസ്കാരത്തിലൂടെ ലക്ഷ്യമിടുന്നതെന്നും അവർ വ്യക്തമാക്കി.
മാനവകാരുണ്യ, സാമൂഹിക സേവന മേഖലകളിലെ വ്യക്തികളെയും സംഘടനകളെയും ആദരിക്കുന്നതിനായി 2012ലാണ് സിംസ് വർക്ക് ഓഫ് മേഴ്സി അവാർഡ് ആരംഭിച്ചത്. കിഡ്നി ഫെഡറേഷൻ ഓഫ് ഇന്ത്യ ചെയർമാൻ ഫാ. ഡേവിസ് ചിറമേലായിരുന്നു ആദ്യ പുരസ്കാരജേതാവ്. ഷെയ്ഖ് ദുഐജ് അൽ ഖലീഫ, നവജീവൻ ട്രസ്റ്റ് സാരഥി പി.യു. തോമസ്, കെഎംസിസി ബഹ്റൈൻ, ഡോ. എം.എസ്. സുനിൽ, ദയാബായി, മഹർ ഫൗണ്ടേഷൻ സ്ഥാപക സിസ്റ്റർ ലൂസി കുര്യൻ എന്നിവരും മുൻവർഷങ്ങളിൽ പുരസ്കാരം ഏറ്റുവാങ്ങിയിട്ടുണ്ട്.
സിംസ് ഭരണസമിതി അംഗങ്ങളായ ജേക്കബ് വാഴപ്പിള്ളി, ജിമ്മി ജോസഫ്, ജോബി ജോസഫ്, ഷാജി സെബാസ്റ്റ്യൻ, ജെയ്സൺ മഞ്ഞളി, സിബു ജോർജ്, സോബിൻ ജോസ്, ലേഡീസ് വിങ് വൈസ് പ്രസിഡന്റ് ജിൻസി ലിയോൺസ്, സെക്രട്ടറി മേരി രഞ്ജിത്ത്, മറ്റ് കമ്മിറ്റി അംഗങ്ങൾ, മുൻ പ്രസിഡന്റുമാർ എന്നിവർ ചടങ്ങിന്റെ നടത്തിപ്പിന് നേതൃത്വം നൽകും.
വാർത്താസമ്മേളനത്തിൽ പ്രസിഡന്റ് പി.ടി. ജോസഫ്, ജനറൽ സെക്രട്ടറി നെൽസൺ വർഗ്ഗീസ്, വൈസ് പ്രസിഡന്റ് ജിമ്മി ജോസഫ്, അവാർഡ് ജനറൽ കൺവീനർ ബെന്നി വർഗ്ഗീസ്, ഭരണസമിതി അംഗങ്ങൾ, മുൻ പ്രസിഡന്റുമാരായ ഫ്രാൻസിസ് കൈതാരത്ത്, പോൾ ഉറുവത്ത് എന്നിവർ പങ്കെടുത്തു.


