കൊച്ചി: ഷുഹൈബ് വധക്കേസിന്റെ വിചാരണ തലശ്ശേരി അഡീഷണൽ സെഷൻസ് കോടതിയിൽ നിന്ന് മറ്റൊരു കോടതിയിലേക്ക് മാറ്റണമെന്ന പ്രതികളുടെ ആവശ്യം ഹൈക്കോടതി തള്ളി. നിലവിലെ കോടതിയിൽ നിഷ്പക്ഷവും നീതിയുക്തവുമായ വിചാരണ ലഭിക്കില്ലെന്ന ആശങ്ക ചൂണ്ടിക്കാട്ടിയാണ് പ്രതികൾ ഹൈക്കോടതിയെ സമീപിച്ചത്.
ജസ്റ്റിസ് സി.എസ്. ഡയസ് ഹർജി തള്ളിക്കൊണ്ട് വിചാരണ നിലവിലെ കോടതിയിൽ തന്നെ തുടരാൻ നിർദേശിച്ചു. സാക്ഷികളെ ക്രോസ് വിസ്താരം ചെയ്യാൻ പ്രതിഭാഗത്തിന് പൂർണ സ്വാതന്ത്ര്യവും ന്യായമായ അവസരവും ഉറപ്പാക്കണമെന്നും കോടതി വ്യക്തമാക്കി.
ഇരുവിഭാഗങ്ങൾക്കും വിചാരണയിൽ ഫലപ്രദമായി പങ്കെടുക്കാൻ അവസരമൊരുക്കണമെന്ന് സെഷൻസ് ജഡ്ജിയോട് ഹൈക്കോടതി നിർദേശിച്ചു. ആവശ്യമെങ്കിൽ സ്വമേധയാ തെളിവെടുപ്പ് പുനരാരംഭിക്കാനും പ്രതിഭാഗം അഭിഭാഷകർക്ക് സാക്ഷികളെ വിസ്തരിക്കാൻ അനുമതി നൽകാനും കോടതിക്ക് കഴിയുമെന്ന് ഉത്തരവിൽ പറയുന്നു.
അതേസമയം, പ്രതിഭാഗം വിചാരണക്കോടതിയുമായി പൂർണമായി സഹകരിക്കണമെന്നും അനാവശ്യ തടസ്സവാദങ്ങളിലൂടെയോ വിചാരണ നീട്ടിവെക്കലിലൂടെയോ നടപടികൾ വൈകിപ്പിക്കരുതെന്നും ഹൈക്കോടതി വ്യക്തമാക്കി. 2018-ലെ കേസായതിനാലും നിരവധി സാക്ഷികളെ വിസ്തരിക്കാനുള്ളതിനാലും വിചാരണ വേഗത്തിൽ പൂർത്തിയാക്കണമെന്നും നിർദേശിച്ചു.
2018 ഫെബ്രുവരി 12-ന് കണ്ണൂർ മട്ടന്നൂരിൽ യൂത്ത് കോൺഗ്രസ് മട്ടന്നൂർ മണ്ഡലം പ്രസിഡന്റായിരുന്ന ഷുഹൈബിനെ വെട്ടിക്കൊലപ്പെടുത്തിയ കേസിലാണ് വിചാരണ നടക്കുന്നത്.

