ന്യൂഡൽഹി: ചീഫ് ഇലക്ഷൻ കമ്മീഷണർ ഗ്യാനേഷ് കുമാറിനെ പദവിയിൽ നിന്ന് നീക്കണമെന്നാവശ്യപ്പെട്ട് പാർലമെന്റിൽ പ്രമേയം കൊണ്ടുവരുന്നതിനുള്ള നീക്കങ്ങൾ ചർച്ച ചെയ്യാൻ ‘ഇന്ത്യ’ മുന്നണി സെപ്റ്റംബർ 30ന് യോഗം ചേരുമെന്ന് റിപ്പോർട്ട്. ന്യൂഡൽഹിയിലെ കോൺസ്റ്റിറ്റ്യൂഷൻ ക്ലബ്ബിലാണ് യോഗം.
പ്രമേയത്തെ പിന്തുണയ്ക്കുന്ന എംപിമാരുടെ ഒപ്പുകൾ ശേഖരിക്കുന്നതും യോഗത്തിൽ പരിഗണിച്ചേക്കും. യോഗത്തിന് മുന്നോടിയായി തൃണമൂൽ കോൺഗ്രസ് നേതാവ് മമത ബാനർജി, ലോക്സഭയിലെ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി, സി.പി.എം. ജനറൽ സെക്രട്ടറി എം.എ. ബേബി തുടങ്ങിയവരുമായി ചർച്ചകൾ നടന്നതായും റിപ്പോർട്ടുണ്ട്.
കോൺഗ്രസ് നേതാക്കളായ സോണിയ ഗാന്ധി, മല്ലികാർജുൻ ഖാർഗെ, രാഹുൽ ഗാന്ധി, തൃണമൂൽ കോൺഗ്രസ് നേതാക്കളായ മമത ബാനർജി, അഭിഷേക് ബാനർജി, സമാജ്വാദി പാർട്ടി നേതാവ് അഖിലേഷ് യാദവ്, ശിവസേന നേതാവ് ഉദ്ധവ് താക്കറെ തുടങ്ങിയവർ യോഗത്തിൽ പങ്കെടുക്കുമെന്നാണ് സൂചന.
ഗ്യാനേഷ് കുമാറിനെതിരെ പ്രമേയം കൊണ്ടുവരാനുള്ള പ്രതിപക്ഷത്തിന്റെ മൂന്നാമത്തെ ശ്രമമാണിതെന്നാണ് റിപ്പോർട്ട്. തെരഞ്ഞെടുപ്പ് കമ്മീഷന്റെ തീരുമാനങ്ങളിൽ നിഷ്പക്ഷ അന്വേഷണം ആവശ്യപ്പെടുക, തുടർ പ്രതിഷേധങ്ങൾ സംഘടിപ്പിക്കുക, പഞ്ചാബ്, ഉത്തർപ്രദേശ്, ഉത്തരാഖണ്ഡ് തുടങ്ങിയ തിരഞ്ഞെടുപ്പ് സംസ്ഥാനങ്ങളെ കേന്ദ്രീകരിച്ച് രാജ്യവ്യാപക പ്രക്ഷോഭങ്ങൾക്ക് രൂപം നൽകുക എന്നിവയാണ് യോഗത്തിലെ പ്രധാന അജണ്ടകളെന്നാണ് വിവരം.
ഇക്കാര്യത്തിൽ കോൺഗ്രസിന്റെ നിലപാട് തീരുമാനിക്കാൻ സെപ്റ്റംബർ 29ന് കോൺഗ്രസ് പ്രവർത്തക സമിതി യോഗം ചേരും.

