
മനാമ: ബഹ്റൈൻ ഇന്ത്യൻ സ്കൂളിൽ ചേർന്ന അസാധാരണ പൊതുയോഗത്തിൽ സി.ആർ. (ലൈസൻസ്) എടുക്കുന്നതും ഭരണഘടനാ ഭേദഗതിയും സംബന്ധിച്ച് തർക്കമുണ്ടായതായി ഇൻഡക്സ് ബഹ്റൈൻ ആരോപിച്ചു.
അജണ്ടയിലെ മൂന്നാമത്തെ ഇനം ചർച്ച ചെയ്യുന്നതിനിടെ ഇടവേള പ്രഖ്യാപിക്കുകയും, യോഗം പുനരാരംഭിച്ചപ്പോൾ അജണ്ട പൂർത്തിയാക്കി പാസാക്കിയതായി ചെയർമാൻ അറിയിക്കുകയും ചെയ്തെന്നാണ് ആരോപണം. ഇതിനെ രക്ഷിതാക്കൾ ചോദ്യം ചെയ്തതോടെ വിഷയം വീണ്ടും ചർച്ചയ്ക്കെടുത്തതായും ഇൻഡക്സ് ബഹ്റൈൻ പറഞ്ഞു.
വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ നിർദേശപ്രകാരമുള്ള സി.ആർ. നടപടിയെ ആരും എതിർത്തില്ലെങ്കിലും, തിരഞ്ഞെടുപ്പ് അടുത്തിരിക്കെ ധൃതിപിടിച്ച് തീരുമാനം എടുക്കുന്നതിൽ രക്ഷിതാക്കൾ ആശങ്ക പ്രകടിപ്പിച്ചു. സ്കൂളിന്റെ സി.ആർ. ഏതെങ്കിലും കമ്മിറ്റി അംഗത്തിന്റെയോ വ്യക്തിയുടെയോ പേരിൽ എടുക്കരുതെന്നും, രക്ഷിതാക്കൾ ഉടമസ്ഥരായ സ്ഥാപനമായി നിലവിലെ ഭരണസമിതി അംഗങ്ങൾ ഗവർണിംഗ് കമ്മിറ്റിയാകുന്ന രീതിയിൽ നടപടി വേണമെന്നും യോഗത്തിൽ ആവശ്യമുയർന്നതായി സംഘടന അറിയിച്ചു.
75 വർഷം പഴക്കമുള്ള സ്കൂൾ ഭരണഘടന കാര്യമായ ചർച്ചകളില്ലാതെ പാസാക്കിയതായി ചെയർമാൻ പ്രഖ്യാപിച്ചെന്നും, തുടർന്ന് വാക്കുതർക്കത്തെ തുടർന്ന് യോഗം അവസാനിപ്പിച്ചതായി അറിയിച്ചെന്നും ഇൻഡക്സ് ബഹ്റൈൻ ആരോപിച്ചു. രക്ഷിതാക്കളുടെ സമ്മർദ്ദത്തെ തുടർന്ന് യോഗം വീണ്ടും ആരംഭിച്ചെങ്കിലും ഭേദഗതികളിൽ വോട്ടെടുപ്പ് നടത്താൻ അധികൃതർ തയ്യാറായില്ലെന്നും സംഘടന പറഞ്ഞു.
വ്യത്യസ്ത അഭിപ്രായങ്ങൾ ഉണ്ടായപ്പോൾ ജനാധിപത്യപരമായി വോട്ടെടുപ്പ് നടത്തേണ്ടിയിരുന്നുവെന്ന് ഇൻഡക്സ് ബഹ്റൈൻ പ്രസിഡന്റ് റഫീഖ് അബ്ദുള്ള പറഞ്ഞു. സ്കൂൾ എക്സിക്യൂട്ടീവ് കമ്മിറ്റിയിലെ മുഴുവൻ അംഗങ്ങളുടെയും അറിവില്ലാതെ ചില തീരുമാനങ്ങൾ എടുത്തതായും, രണ്ട് കമ്മിറ്റി അംഗങ്ങൾ യോഗത്തിൽ പ്രതിഷേധം രേഖപ്പെടുത്തിയതായും അദ്ദേഹം ആരോപിച്ചു.
സി.ആർ. വിഷയത്തിലും ഭരണഘടനാ ഭേദഗതിയിലും രക്ഷിതാക്കളുമായി വിശദമായ ചർച്ച നടത്തി, ആവശ്യമായാൽ പ്രത്യേകമായി മറ്റൊരു ഇജിഎം വിളിച്ച് ജനാധിപത്യപരമായ തീരുമാനമെടുക്കണമെന്ന് ഇൻഡക്സ് ബഹ്റൈൻ ആവശ്യപ്പെട്ടു.


