ന്യൂഡൽഹി: പെട്രോളിന് പകരം 100 ശതമാനം എഥനോൾ ഉപയോഗിച്ച് ഓടുന്ന വാഹനങ്ങളിലേക്ക് മാറിയാൽ ഇന്ധനച്ചെലവ് ഗണ്യമായി കുറയ്ക്കാനാകുമെന്ന് കേന്ദ്ര റോഡ് ഗതാഗത–ഹൈവേ മന്ത്രി നിതിൻ ഗഡ്കരി. ഇത്തരം വാഹനങ്ങളുടെ പ്രവർത്തനച്ചെലവ് ലിറ്ററിന് ഏകദേശം 25 രൂപയായി കുറയുമെന്നാണ് മന്ത്രിയുടെ അവകാശവാദം.
100 ശതമാനം എഥനോളിൽ പ്രവർത്തിക്കുന്ന കാർ ഒക്ടോബറിൽ ഇന്ത്യയിൽ അവതരിപ്പിക്കുമെന്നും ഗഡ്കരി അറിയിച്ചു. ടൊയോട്ടയുടെ എഥനോൾ ഫ്ലെക്സ്-ഫ്യൂവൽ ഇന്നോവയാണ് വിപണിയിലെത്തുക. എഥനോൾ എൻജിനോടൊപ്പം ഇലക്ട്രിഫൈഡ് പവർട്രെയിനും വാഹനത്തിലുണ്ടാകും. ഓട്ടത്തിനിടെ കാർ 60 ശതമാനം വൈദ്യുതി ഉൽപ്പാദിപ്പിക്കുമെന്നും മന്ത്രി പറഞ്ഞു.
ക്രൂഡ് ഓയിൽ ഇറക്കുമതി കുറയ്ക്കുക, ഫോസിൽ ഇന്ധനങ്ങളുടെ ഉപയോഗം കുറയ്ക്കുക, കർഷകർക്ക് അധിക വരുമാനം ഉറപ്പാക്കുക എന്നിവയാണ് എഥനോൾ ഇന്ധനമായി പ്രോത്സാഹിപ്പിക്കുന്നതിന്റെ ലക്ഷ്യങ്ങൾ. ചോളം ഉൾപ്പെടെയുള്ള കാർഷിക ഉൽപ്പന്നങ്ങളിൽനിന്ന് എഥനോൾ നിർമ്മിക്കുന്നത് കർഷകർക്ക് സാമ്പത്തിക നേട്ടമുണ്ടാക്കുമെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം, പെട്രോളിൽ 20 ശതമാനം എഥനോൾ കലർത്തുന്ന ഇ–20 നയത്തെക്കുറിച്ചുള്ള ചർച്ചകൾ തുടരുന്നതിനിടെയാണ് മന്ത്രിയുടെ പുതിയ പ്രഖ്യാപനം. ഇ–20 ഇന്ധനം വാഹനങ്ങളുടെ മൈലേജ്, എൻജിൻ പ്രകടനം, പരിപാലനച്ചെലവ് എന്നിവയെ ബാധിക്കുമോ എന്ന ആശങ്കയാണ് വാഹന ഉടമകൾക്കുള്ളത്. എന്നാൽ ഇതുസംബന്ധിച്ച് വ്യാപകമായ പരാതികൾ ലഭിച്ചിട്ടില്ലെന്നാണ് കേന്ദ്ര സർക്കാരിന്റെ നിലപാട്.

