
മനാമ: ശ്രീനാരായണ ഗുരുദേവ ജയന്തിയുടെ ഭാഗമായി ബഹ്റൈൻ ശ്രീനാരായണ കൾച്ചറൽ സൊസൈറ്റിയും ബഹ്റൈൻ ബില്ലവാസും സംയുക്തമായി സംഘടിപ്പിക്കുന്ന ‘ട്രിബ്യൂട്ട് ടു ബഹ്റൈൻ’ എഡിഷൻ-III ഒക്ടോബർ 9 വെള്ളിയാഴ്ച വൈകുന്നേരം 6 മണിക്ക് സമാജം ഹാളിൽ നടക്കും.
‘സംസ്കാരങ്ങളുടെ സംഗമവും മാനവികതയുടെ ആത്മാവും’ എന്ന ശീർഷകത്തിൽ സംഘടിപ്പിക്കുന്ന പരിപാടി ബഹ്റൈൻ ഭരണാധികാരി ഹിസ് മജസ്റ്റി കിംഗ് ഹമദ് ബിൻ ഈസ അൽ ഖലീഫയ്ക്കും ക്രൗൺ പ്രിൻസും പ്രധാനമന്ത്രിയുമായ ഹിസ് റോയൽ ഹൈനസ് പ്രിൻസ് സൽമാൻ ബിൻ ഹമദ് അൽ ഖലീഫയ്ക്കുമുള്ള ആദരവും നന്ദിയും പ്രകടിപ്പിക്കുന്നതായിരിക്കുമെന്ന് സംഘാടകർ അറിയിച്ചു.
ശിവഗിരി മഠം മുൻ അധ്യക്ഷനും പത്മശ്രീ പുരസ്കാര ജേതാവുമായ ബ്രഹ്മശ്രീ വിശുദ്ധാനന്ദ സ്വാമികൾ ഭദ്രദീപം കൊളുത്തി ആഘോഷങ്ങൾക്ക് തുടക്കം കുറിക്കും. കേരള ഗവർണർ രാജേന്ദ്ര വിശ്വനാഥ ആർലേക്കർ മുഖ്യാതിഥിയായി പങ്കെടുക്കും. കർണാടക പ്രദേശ് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് ബി.കെ. ഹരിപ്രസാദ്, കേരള നിയമസഭാംഗം ചാണ്ടി ഉമ്മൻ എന്നിവരും ചടങ്ങിൽ പങ്കെടുക്കും.
ഗോകുലം ഗ്രൂപ്പ് ചെയർമാൻ ഗോകുലം ഗോപാലൻ, ബി.കെ.ജി ഗ്രൂപ്പ് മേധാവി ഡോ. കെ.ജി. ബാബുരാജൻ, അമാദ് ഗ്രൂപ്പ് മാനേജിങ് ഡയറക്ടർ പമ്പാവാസൻ നായർ, എസ്.എഫ്.സി ഗ്രൂപ്പ് പ്രതിനിധി കെ. മുരളീധരൻ, യു.എ.ഇ എസ്.എൻ.ഡി.പി യൂണിയൻ ചെയർമാൻ അമ്പലത്തറ രാജൻ, യുണീകോ ബഹ്റൈൻ പ്രതിനിധി ജയശങ്കർ വിശ്വനാഥൻ, ദേവ്ജി ഗ്രൂപ്പ് പ്രതിനിധി മഹേഷ് ദേവ്ജി, ബി.കെ.എസ് പ്രസിഡന്റ് രാധാകൃഷ്ണ പിള്ള, സൈം മെക്കാനിക്കൽ കോൺട്രാക്റ്റിങ് മാനേജിങ് ഡയറക്ടർ അശോക് കുമാർ, ചന്ദേലിയ ഇന്റർനാഷണൽ ചെയർമാൻ ഫത്താറാം ചന്ദേലിയ, ബഹ്റൈൻ ഷിപ്പിങ് ആൻഡ് ഓഡിറ്റ് അസോസിയേഷൻ വൈസ് ചെയർമാൻ ബിശ്വാസ് കൃഷ്ണ നാരായണൻ എന്നിവർ വിശിഷ്ടാതിഥികളാകും.
സമൂഹത്തിന്റെ വിവിധ മേഖലകളിൽ ശ്രദ്ധേയ സംഭാവനകൾ നൽകിയ വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനായി എസ്.എൻ.സി.എസ് ഏർപ്പെടുത്തിയ പുരസ്കാരങ്ങളും ചടങ്ങിൽ വിതരണം ചെയ്യും. ശ്രീനാരായണ ഗുരു എക്സലൻസ് അവാർഡ് ഗോകുലം ഗോപാലന്, ശ്രീനാരായണ ഗുരു കർമ്മശ്രേഷ്ഠ അവാർഡ് ഡോ. കെ.ജി. ബാബുരാജന്, ശ്രീനാരായണ ഗുരു ഹ്യൂമാനിറ്റേറിയൻ അവാർഡ് പമ്പാവാസൻ നായര്, ശ്രീനാരായണ ഗുരു സേവാ അവാർഡ് അശോക് കുമാർ എന്നിവര്ക്ക് സമ്മാനിക്കും. ക്രോസ് ബോർഡർ ലീഡർഷിപ്പ് ബിസിനസ് എക്സലൻസ് അവാർഡുകൾ ഫത്താറാം ചന്ദേലിയയ്ക്കും ബിശ്വാസ് കൃഷ്ണ നാരായണനും നൽകും.
ചടങ്ങിനോടനുബന്ധിച്ച് സരിഗമപ ഫെയിം ലിബിൻ സക്കറിയയും കീർത്തനയും ചേർന്ന് അവതരിപ്പിക്കുന്ന സംഗീതനിശയും അരങ്ങേറും. ആഘോഷ പരിപാടികളിലേക്ക് ഏവരെയും സ്വാഗതം ചെയ്യുന്നതായി എസ്.എൻ.സി.എസ് ചെയർമാൻ സുനീഷ് സുശീലൻ, ജനറൽ സെക്രട്ടറി പ്രകാശ് കെ.പി., ബഹ്റൈൻ ബില്ലവാസ് പ്രസിഡന്റ് രാജ് സുവർണ, ജനറൽ സെക്രട്ടറി കുൽദീപ് അമീൻ, പ്രോഗ്രാം ജനറൽ കൺവീനർമാരായ ദേവരാജ് കെ.ജി., ഹരീഷ് പൂജാരി എന്നിവർ അറിയിച്ചു.


