
മനാമ: കേരള കാത്തലിക് അസോസിയേഷൻ കുട്ടികൾക്കായി സംഘടിപ്പിക്കുന്ന കലാ-സാഹിത്യ-സാംസ്കാരിക മാമാങ്കമായ കെസിഎ-ബിഎഫ്സി ദി ഇന്ത്യൻ ടാലന്റ് സ്കാൻ 2026 26-ാം വർഷത്തിലേക്ക്. ബഹ്റൈനിൽ താമസിക്കുന്ന ഇന്ത്യൻ കുട്ടികൾക്ക് പങ്കെടുക്കാവുന്ന മത്സരങ്ങൾ 2026 ഒക്ടോബർ മൂന്നാം വാരം മുതൽ ഡിസംബർ ആദ്യവാരം വരെ വിവിധ ഘട്ടങ്ങളിലായി നടക്കും.
പരിപാടിയുടെ സുഗമമായ നടത്തിപ്പിനായി ലിയോ ജോസഫ് ചെയർമാനായി വിപുലമായ സംഘാടക സമിതി രൂപീകരിച്ചതായി കെസിഎ പ്രസിഡന്റ് ജെയിംസ് ജോൺ അറിയിച്ചു. സിമി ലിയോ ചീഫ് കോർഡിനേറ്ററായും ജോഷി വിതയത്തിൽ വൈസ് ചെയർമാനായും സിമി അശോക്, പ്രെറ്റി റോയ് എന്നിവർ വൈസ് ചെയർപേഴ്സൺമാരായും പ്രവർത്തിക്കും.
മുൻ വർഷങ്ങളിലെ ടാലന്റ് സ്കാൻ മത്സരങ്ങൾക്ക് രക്ഷിതാക്കളിലും കുട്ടികളിലും നിന്ന് ലഭിച്ച മികച്ച പ്രതികരണത്തിന് കെസിഎ ജനറൽ സെക്രട്ടറി വിനു ക്രിസ്റ്റി നന്ദി അറിയിച്ചു. ഈ വർഷവും മികച്ച പങ്കാളിത്തമാണ് പ്രതീക്ഷിക്കുന്നതെന്ന് സംഘാടകർ വ്യക്തമാക്കി.
മത്സരങ്ങൾക്ക് രജിസ്ട്രേഷൻ സെപ്റ്റംബർ 17ന് ആരംഭിച്ചു. ഒക്ടോബർ 8 ആണ് അവസാന തീയതി. മത്സരങ്ങൾ ഒക്ടോബർ 20ന് ആരംഭിച്ച് ഡിസംബർ ആദ്യവാരം വരെ തുടരുമെന്ന് ഐടിഎസ് പ്രോഗ്രാം ചെയർമാൻ ലിയോ ജോസഫ് അറിയിച്ചു. അപേക്ഷകൾ ഓൺലൈനായി മാത്രമേ സ്വീകരിക്കൂ.
ബഹ്റൈനിൽ താമസിക്കുന്ന ഇന്ത്യക്കാരുടെ മക്കളും 2008 ഒക്ടോബർ 1നും 2021 സെപ്റ്റംബർ 30നും ഇടയിൽ ജനിച്ചവരുമായ കുട്ടികൾക്ക് പങ്കെടുക്കാം. മത്സരാർത്ഥികളെ അഞ്ച് പ്രായ ഗ്രൂപ്പുകളായി തിരിക്കും. അഞ്ച് ഗ്രൂപ്പുകളിലായി 180-ലധികം വ്യക്തിഗത ഇനങ്ങളും നിരവധി ടീം ഇനങ്ങളും ഈ വർഷം ഉൾപ്പെടുത്തിയിട്ടുണ്ട്. ഒരു കുട്ടിക്ക് പരമാവധി 12 വ്യക്തിഗത ഇനങ്ങളിൽ പങ്കെടുക്കാം. ടീം ഇനങ്ങളിൽ പങ്കെടുക്കുന്നതിന് പരിധിയില്ല.
നൃത്തം, സംഗീതം, കല, സാഹിത്യം, ആഡ്-ഓൺ മത്സരങ്ങൾ, ടീം ഇനങ്ങൾ എന്നിങ്ങനെ ആറ് പ്രധാന വിഭാഗങ്ങളിലായാണ് മത്സരങ്ങൾ നടക്കുക. ഭരതനാട്യം, സിനിമാറ്റിക് ഡാൻസ്, നാടോടി നൃത്തം, വെസ്റ്റേൺ ഡാൻസ്, കർണാടക സംഗീതം, ചലച്ചിത്രഗാനം, ഡ്രോയിംഗ്, പെയിന്റിംഗ്, പ്രസംഗം, കഥപറച്ചിൽ, ഫാൻസി ഡ്രസ്, പൊതുവിജ്ഞാനം, മോണോ ആക്ട്, സ്പെല്ലിംഗ് ബീ, ഫാഷൻ ഷോ തുടങ്ങി നിരവധി ഇനങ്ങൾ ഉൾപ്പെടുത്തിയിട്ടുണ്ട്.
കലാതിലകം, കലാപ്രതിഭ, ഗ്രൂപ്പ് ചാമ്പ്യൻഷിപ്പ്, കെസിഎ സ്പെഷ്യൽ അവാർഡുകൾ, നാട്യരത്ന, സംഗീതരത്ന, കലാരത്ന, സാഹിത്യരത്ന പുരസ്കാരങ്ങൾ എന്നിവയും വിതരണം ചെയ്യും. മികച്ച നൃത്താധ്യാപകൻ, മികച്ച സംഗീതാധ്യാപകൻ, സ്കൂളുകൾക്കുള്ള പങ്കാളിത്ത-പ്രകടന മികവ് പുരസ്കാരങ്ങളും നൽകും. എല്ലാ പങ്കാളികൾക്കും സർട്ടിഫിക്കറ്റുകളും വിജയികൾക്ക് ട്രോഫികളും സർട്ടിഫിക്കറ്റുകളും നൽകും.
മത്സരങ്ങളുടെ വിധിന്യായ മാനദണ്ഡങ്ങൾ കെസിഎ ഓഫീസിലും www.kcabah.com വെബ്സൈറ്റിലും ലഭ്യമാണ്. ജഡ്ജിമാരുടെ തീരുമാനം അന്തിമമായിരിക്കും. കൂടുതൽ വിവരങ്ങൾക്ക് സംഘാടക സമിതിയെ ബന്ധപ്പെടാം: ലിയോ ജോസഫ് – 39207951, സിമി ലിയോ – 36268208, ജോഷി വിതയത്തിൽ – 37373466, സിമി അശോക് – 39042017, പ്രെറ്റി റോയ് – 39838514.


