തിരുവനന്തപുരം: പിണറായി വിജയൻ സർക്കാരിന്റെ ഭരണത്തിൽ ഗുരുതരമായ വീഴ്ചകൾ സംഭവിച്ചിട്ടുണ്ടെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. കള്ള് വ്യവസായത്തെ സംരക്ഷിക്കുന്നതിലും സർക്കാർ പരാജയപ്പെട്ടു. ബാറുകൾക്ക് 50 മീറ്റർ ദൂരപരിധി അനുവദിക്കുമ്പോൾ കള്ളുഷാപ്പുകൾക്ക് 400 മീറ്റർ നിശ്ചയിക്കുന്നത് ന്യായീകരിക്കാനാകില്ലെന്നും അദ്ദേഹം പറഞ്ഞു.
ഇടതുപക്ഷ പ്രവർത്തകരെയും അനുഭാവികളെയും വേണ്ടവിധം പരിഗണിക്കാത്തത് എൽഡിഎഫിന് തിരിച്ചടിയായി. സ്വന്തം പ്രവർത്തകർപോലും മുന്നണിക്ക് വോട്ട് ചെയ്യാത്ത സാഹചര്യം ഇതിലൂടെ ഉണ്ടായെന്നും ബിനോയ് വിശ്വം ചൂണ്ടിക്കാട്ടി.
അഞ്ചുവർഷം ഭരിച്ചശേഷം ഇനി എല്ലാം ശരിയാക്കാമെന്ന് പറഞ്ഞതുകൊണ്ടുമാത്രം കാര്യമില്ലെന്നും മാറ്റങ്ങൾ പ്രവർത്തനത്തിലൂടെ തെളിയിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. പയ്യന്നൂർ, തളിപ്പറമ്പ്, അമ്പലപ്പുഴ, വൈക്കം, കൊടുങ്ങല്ലൂർ തുടങ്ങിയ മേഖലകളിൽ എൽഡിഎഫ് പരാജയപ്പെടാൻ പാടില്ലായിരുന്നു. തോൽവി വിലയിരുത്തുമ്പോൾ സഖാക്കളെ വേണ്ടത്ര ഗൗരവത്തോടെ പരിഗണിച്ചോയെന്ന് നേതൃത്വം സ്വയം പരിശോധിക്കണമെന്നും ബിനോയ് വിശ്വം പറഞ്ഞു.

