
മുഹറഖ്: 2026ലെ സ്കൈട്രാക്സ് വേൾഡ് എയർപോർട്ട് അവാർഡ്സിൽ മൂന്ന് പുരസ്കാരങ്ങൾ സ്വന്തമാക്കി ബഹ്റൈൻ അന്താരാഷ്ട്ര വിമാനത്താവളം. യാത്രക്കാരുടെ എണ്ണം സാധാരണ നിലയിലേക്ക് തിരിച്ചെത്തുന്നതിനിടയിലും സേവനനിലവാരത്തിലും പ്രവർത്തനക്ഷമതയിലും മികവ് നിലനിർത്തിയാണ് നേട്ടമെന്ന് വിമാനത്താവളത്തിന്റെ നടത്തിപ്പുകാരായ ബഹ്റൈൻ എയർപോർട്ട് കമ്പനി അറിയിച്ചു.

പ്രതിവർഷം 50 ലക്ഷം മുതൽ ഒരു കോടി വരെ യാത്രക്കാരെ കൈകാര്യം ചെയ്യുന്ന വിഭാഗത്തിൽ ലോകത്തിലെ മികച്ച വിമാനത്താവളമായി തുടർച്ചയായ രണ്ടാം വർഷവും ബഹ്റൈൻ തിരഞ്ഞെടുക്കപ്പെട്ടു. മിഡിൽ ഈസ്റ്റിലെ മികച്ച വിമാനത്താവള ജീവനക്കാർക്കുള്ള പുരസ്കാരവും ലഭിച്ചു. 2013, 2023, 2024 വർഷങ്ങളിലെ നേട്ടങ്ങൾക്ക് പിന്നാലെ നാലാം തവണയാണ് ഈ അംഗീകാരം. മിഡിൽ ഈസ്റ്റിലെ ഏറ്റവും വൃത്തിയുള്ള വിമാനത്താവളമെന്ന പുരസ്കാരവും തുടർച്ചയായ രണ്ടാം വർഷം സ്വന്തമാക്കി.
ലോകത്തിലെ മികച്ച 100 വിമാനത്താവളങ്ങളുടെ സ്കൈട്രാക്സ് പട്ടികയിൽ ബഹ്റൈൻ 20ാം സ്ഥാനത്തെത്തി. ഇതോടെ മിഡിൽ ഈസ്റ്റിൽ ഏറ്റവും ഉയർന്ന റാങ്കുള്ള മൂന്ന് വിമാനത്താവളങ്ങളിൽ ഒന്നായി ബഹ്റൈൻ മാറി. പ്രതിവർഷം മൂന്ന് കോടി വരെ യാത്രക്കാരെ കൈകാര്യം ചെയ്യുന്ന വിമാനത്താവളങ്ങളുടെ ശുചിത്വ റാങ്കിങ്ങിൽ ആഗോളതലത്തിൽ നാലാം സ്ഥാനവും നേടി.
യാത്രക്കാരുടെ ആവശ്യങ്ങൾക്ക് മുൻഗണന നൽകുന്ന അന്താരാഷ്ട്ര പ്രവേശനകവാടമായി ബഹ്റൈൻ വിമാനത്താവളത്തെ വളർത്താനുള്ള ശ്രമങ്ങൾക്കുള്ള അംഗീകാരമാണ് നേട്ടമെന്ന് ഗൾഫ് എയർ ഗ്രൂപ്പ് ചെയർമാൻ ഖാലിദ് ഹുസൈൻ തഖി പറഞ്ഞു. സേവനമികവും പ്രവർത്തനക്ഷമതയും ജീവനക്കാരുടെ വികസനത്തിനുള്ള നിക്ഷേപവും വിമാനത്താവളത്തിന്റെ മത്സരശേഷി വർധിപ്പിക്കുന്നതായി അദ്ദേഹം വ്യക്തമാക്കി.

ജീവനക്കാരുടെയും പങ്കാളികളുടെയും കൂട്ടായ പരിശ്രമമാണ് നേട്ടത്തിന് പിന്നിലെന്ന് ബഹ്റൈൻ എയർപോർട്ട് കമ്പനി ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ അഹമ്മദ് മുഹമ്മദ് ജനാഹി പറഞ്ഞു. യാത്രക്കാരുടെ ആവശ്യങ്ങൾക്കനുസരിച്ച് സേവനങ്ങളും സൗകര്യങ്ങളും മെച്ചപ്പെടുത്തുന്നതിനും ജീവനക്കാരുടെ കഴിവുകൾ വികസിപ്പിക്കുന്നതിനും നിക്ഷേപം തുടരുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ചെക്ക്-ഇൻ, ആഗമനം, വിമാനമാറ്റം, സുരക്ഷാ പരിശോധന, ഇമിഗ്രേഷൻ, ഷോപ്പിങ്, ഭക്ഷണസൗകര്യങ്ങൾ, പുറപ്പെടൽ നടപടികൾ തുടങ്ങിയവയിലെ യാത്രാനുഭവം വിലയിരുത്തുന്ന വാർഷിക ആഗോള ഉപഭോക്തൃ സംതൃപ്തി സർവേയുടെ അടിസ്ഥാനത്തിലാണ് സ്കൈട്രാക്സ് പുരസ്കാരങ്ങൾ നിർണയിക്കുന്നത്.


