ന്യൂഡൽഹി: ബ്രിക്സ് ഉച്ചകോടിക്കിടെ എത്യോപ്യൻ പ്രധാനമന്ത്രി അബി അഹമ്മദ് അലിയുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി കൂടിക്കാഴ്ച നടത്തി. പ്രതിരോധം, വികസന പങ്കാളിത്തം, നിക്ഷേപം, നിർണായക ധാതുക്കൾ, ശുദ്ധ ഊർജം, ആരോഗ്യപരിചരണം തുടങ്ങിയ മേഖലകളിലെ സഹകരണം കൂടുതൽ ശക്തിപ്പെടുത്തുന്നതിനെക്കുറിച്ച് ഇരു നേതാക്കളും ചർച്ച ചെയ്തു.
ഇന്ത്യയും എത്യോപ്യയും തമ്മിലുള്ള ദീർഘകാല സൗഹൃദബന്ധം പുതിയ ഉയരങ്ങളിലേക്ക് കൊണ്ടുപോകാൻ കൂടിക്കാഴ്ച സഹായിക്കുമെന്ന് മോദി സമൂഹമാധ്യമത്തിൽ കുറിച്ചു. എത്യോപ്യൻ പ്രധാനമന്ത്രി അബി അഹമ്മദ് അലിയുടെ ആദ്യ ഇന്ത്യാ സന്ദർശനമാണിതെന്നും അദ്ദേഹം വ്യക്തമാക്കി.
ഇന്ത്യ–ആഫ്രിക്ക ബന്ധം കൂടുതൽ ശക്തിപ്പെടുത്തുന്നതിനും ആഗോള ദക്ഷിണ രാജ്യങ്ങളുടെ ശബ്ദം അന്താരാഷ്ട്ര വേദികളിൽ ശക്തമായി ഉയർത്തുന്നതിനും ഇന്ത്യയും എത്യോപ്യയും ഒരുമിച്ച് പ്രവർത്തിക്കുമെന്ന് മോദി പറഞ്ഞു.
അതേസമയം, ഉന്നതതല പ്രതിനിധി സംഘത്തോടൊപ്പം ഇന്ത്യയിലെത്തിയ ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ്ങിനെ കേന്ദ്ര വാണിജ്യ–വ്യവസായ സഹമന്ത്രി ജിതിൻ പ്രസാദ സ്വീകരിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഷി ജിൻപിങ്ങും തമ്മിലുള്ള ഉഭയകക്ഷി കൂടിക്കാഴ്ച ഇന്ന് നടക്കും.
ഇന്ത്യ–ചൈന ബന്ധം, വ്യാപാര സഹകരണം, പശ്ചിമേഷ്യയിലെ സംഘർഷം, വിവിധ അന്താരാഷ്ട്ര വിഷയങ്ങൾ തുടങ്ങിയവ കൂടിക്കാഴ്ചയിൽ ചർച്ചയായേക്കുമെന്നാണ് സൂചന.

