
മനാമ: രാജ്യത്തെ ആരാധനാലയങ്ങളിൽ മതപ്രഭാഷണങ്ങളും അനുബന്ധ ചടങ്ങുകളും സംഘടിപ്പിക്കുന്നതിനുള്ള ലൈസൻസിംഗ് വ്യവസ്ഥകൾ ബഹ്റൈൻ പുതുക്കി. മതബോധവത്കരണ പരിപാടികൾ, ഖുതുബകൾ, മതപരമായ ഗാനാലാപനങ്ങൾ, വിവിധ മതചടങ്ങുകൾ എന്നിവ നടത്തുന്നതിന് ഔദ്യോഗിക ലൈസൻസ് നിർബന്ധമാക്കിയാണ് പുതിയ ഉത്തരവ്.
ജസ്റ്റിസ്, ഇസ്ലാമിക് അഫയേഴ്സ് ആൻഡ് ഔഖാഫ് മന്ത്രി നവാഫ് ബിൻ മുഹമ്മദ് അൽ മആവ്ദ പുറപ്പെടുവിച്ച 2026ലെ 74-ാം നമ്പർ ഉത്തരവിലൂടെയാണ് പരിഷ്കരിച്ച നിബന്ധനകൾ പ്രാബല്യത്തിൽ വന്നത്.
മതപരമായ സന്ദേശങ്ങളിൽ മിതത്വവും ഇസ്ലാമിക മൂല്യങ്ങളും പ്രവാചകചര്യയുടെ അധ്യാപനങ്ങളും ഉറപ്പാക്കുകയാണ് നടപടിയുടെ പ്രധാന ലക്ഷ്യം. ആരാധനാലയങ്ങളും മാത്തമുകളും അനുവദിക്കപ്പെട്ട ആവശ്യങ്ങൾക്കല്ലാതെ ഉപയോഗിക്കുന്നതും നിയമവിരുദ്ധ പ്രവർത്തനങ്ങൾക്കായി ദുരുപയോഗം ചെയ്യുന്നതും തടയും.
ലൈസൻസ് അപേക്ഷകൾ പരിശോധിക്കുന്നതിനായി ശരീഅത്ത്, ഭരണനിർവഹണം, സാങ്കേതിക മേഖലകളിലെ വിദഗ്ധരെ ഉൾപ്പെടുത്തി പ്രത്യേക സമിതികൾ രൂപീകരിക്കും. അപേക്ഷകർ ഗുഡ് കണ്ടക്ട് സർട്ടിഫിക്കറ്റ് ഉൾപ്പെടെ ആവശ്യമായ രേഖകൾ സമർപ്പിക്കണം.
ലൈസൻസ് ലഭിക്കുന്നവർ മതപ്രഭാഷണങ്ങൾ സംബന്ധിച്ച പെരുമാറ്റച്ചട്ടങ്ങളും സർക്കാർ നിർദേശങ്ങളും കർശനമായി പാലിക്കണം. ആരാധനാലയങ്ങളും അനുബന്ധ സൗകര്യങ്ങളും അനുമതി ലഭിച്ച ആവശ്യങ്ങൾക്കു മാത്രമേ ഉപയോഗിക്കാവൂ.
നിലവിൽ ഇത്തരം പ്രവർത്തനങ്ങൾ നടത്തുന്നവർ ഉത്തരവ് പ്രാബല്യത്തിൽ വന്നതുമുതൽ ഒരു മാസത്തിനകം പുതിയ വ്യവസ്ഥകൾ പാലിച്ച് ലൈസൻസ് ക്രമപ്പെടുത്തണമെന്നും അധികൃതർ നിർദേശിച്ചു.


