
മനാമ: മലേഷ്യയിൽ നടക്കുന്ന 2026ലെ ഫോർമുല 1 ഗൾഫ് എയർ ബഹ്റൈൻ ഗ്രാൻഡ് പ്രീയുടെ ഭാഗമായി ലോകപ്രശസ്ത ഡച്ച് ഡിജെയും സംഗീത നിർമാതാവുമായ മാർട്ടിൻ ഗാരിക്സ് തത്സമയ സംഗീതപരിപാടി അവതരിപ്പിക്കും. ഒക്ടോബർ നാലിന് സെപാങ് ഇന്റർനാഷണൽ സർക്യൂട്ടിൽ മത്സരശേഷമാണ് സംഗീതവിരുന്ന് അരങ്ങേറുക.
ബഹ്റൈൻ ഇന്റർനാഷണൽ സർക്യൂട്ടും സെപാങ് ഇന്റർനാഷണൽ സർക്യൂട്ടും സംയുക്തമായാണ് പ്രഖ്യാപനം നടത്തിയത്. ഒക്ടോബർ രണ്ട് മുതൽ നാല് വരെയാണ് ഫോർമുല 1 ഗൾഫ് എയർ ബഹ്റൈൻ ഗ്രാൻഡ് പ്രീ ഇൻ മലേഷ്യ 2026 സംഘടിപ്പിക്കുന്നത്.
സെപ്റ്റംബർ ഏഴിന് അർധരാത്രിക്ക് മുമ്പ് റേസ് വീക്കെൻഡ് ടിക്കറ്റ് വാങ്ങുന്നവർക്ക് മാത്രമാണ് സംഗീതപരിപാടിക്കുള്ള ടിക്കറ്റ് അപ്ഗ്രേഡ് ലഭിക്കുക. സെപ്റ്റംബർ എട്ടുമുതൽ ഒരാൾക്ക് 100 അമേരിക്കൻ ഡോളർ നിരക്കിൽ അപ്ഗ്രേഡ് ചെയ്യാം.

വേദിയുടെ പരിമിതമായ ശേഷി പരിഗണിച്ച് ആദ്യം അപേക്ഷിക്കുന്നവർക്ക് മുൻഗണന നൽകിയായിരിക്കും ടിക്കറ്റുകൾ അനുവദിക്കുക. അപ്ഗ്രേഡ് ചെയ്യുന്നതിനുള്ള നിർദേശങ്ങൾ ടിക്കറ്റ് ഉടമകൾക്ക് ഇ-മെയിലിലൂടെ നേരിട്ട് അയയ്ക്കുമെന്ന് അധികൃതർ അറിയിച്ചു.
സംഗീതപരിപാടിയിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ സെപ്റ്റംബർ ഏഴിനകം റേസ് വീക്കെൻഡ് ടിക്കറ്റ് സ്വന്തമാക്കണമെന്ന് സംഘാടകർ അഭ്യർഥിച്ചു. ടിക്കറ്റുകൾ Bahraingp.com എന്ന വെബ്സൈറ്റിലൂടെയോ +973 17450000 എന്ന ബിഐസി ഹോട്ട്ലൈൻ നമ്പറിലൂടെയോ വാങ്ങാം.
പോപ്പ്, ഇലക്ട്രോണിക് സംഗീതരംഗത്തെ ഏറ്റവും വിജയകരമായ ഡിജെമാരിലും നിർമാതാക്കളിലും ഒരാളാണ് മാർട്ടിൻ ഗാരിക്സ്. ഡിജെ മാഗിന്റെ ‘ടോപ് 100 ഡിജെ’ പട്ടികയിൽ നിരവധി തവണ ഒന്നാംസ്ഥാനം നേടിയ അദ്ദേഹത്തിന്റെ ഗാനങ്ങൾ വിവിധ പ്ലാറ്റ്ഫോമുകളിലായി നൂറുകോടിയിലധികം തവണ സ്ട്രീം ചെയ്യപ്പെട്ടിട്ടുണ്ട്.
ദുവ ലിപ, എഡ് ഷീരൻ, യു2, ബെബി റെക്സ, ഖാലിദ്, മാക്ക്ലെമോർ, അവീചി, മഡോണ തുടങ്ങിയ പ്രമുഖർക്കൊപ്പം ഗാരിക്സ് പ്രവർത്തിച്ചിട്ടുണ്ട്. 2013ൽ പുറത്തിറങ്ങിയ ‘ആനിമൽസ്’ എന്ന ഗാനത്തിലൂടെയാണ് അദ്ദേഹം ആഗോളതലത്തിൽ ശ്രദ്ധേയനായത്.
വിന്റർ ഒളിമ്പിക്സ്, കോച്ചെല്ല, ലോലപലൂസ, അൾട്ര മ്യൂസിക് ഫെസ്റ്റിവൽ, ടുമാറോലാൻഡ് തുടങ്ങിയ ലോകപ്രശസ്ത വേദികളിലും ഗാരിക്സ് സംഗീതപരിപാടികൾ അവതരിപ്പിച്ചിട്ടുണ്ട്.
കൂടുതൽ വിവരങ്ങൾക്ക് Bahraingp.com, Sepangcircuit.com എന്നീ വെബ്സൈറ്റുകൾ സന്ദർശിക്കുകയോ ബിഐസി ഹോട്ട്ലൈനായ +973 17450000 എന്ന നമ്പറിൽ ബന്ധപ്പെടുകയോ ചെയ്യാം.


