മനാമ: ബഹ്റൈനിൽ വീട്ടിലെ ബാത്ത്ടബ്ബിൽ വീണ് ഗുരുതരാവസ്ഥയിൽ ചികിത്സയിലായിരുന്ന മൂന്നുവയസ്സുകാരൻ മരിച്ചു. കോട്ടയം പാലാ സ്വദേശിനി മേഘയുടെ ഏകമകൻ ധ്യാൻ സൂര്യയാണ് സൽമാനിയ മെഡിക്കൽ കോംപ്ലക്സിൽ ചികിത്സയിലിരിക്കെ മരണത്തിന് കീഴടങ്ങിയത്.
ബാത്ത്ടബ്ബിൽ നിറച്ചുവെച്ചിരുന്ന വെള്ളത്തിൽ അബദ്ധത്തിൽ വീണ കുട്ടിയെ ഉടൻ സൽമാനിയ മെഡിക്കൽ കോംപ്ലക്സിലെ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചിരുന്നു. ആരോഗ്യനില അതീവ ഗുരുതരമായി തുടരുന്നതിനിടെ ജീവൻ രക്ഷിക്കാനുള്ള ശ്രമങ്ങൾ വിജയിച്ചില്ല.
ബഹ്റൈനിലെ ഓണാഘോഷ വേദികളിൽ സജീവ സാന്നിധ്യമായിരുന്ന ധ്യാൻ സൂര്യയുടെ അപ്രതീക്ഷിത വേർപാട് കുടുംബാംഗങ്ങളെയും പ്രവാസി സമൂഹത്തെയും കടുത്ത ദുഃഖത്തിലാഴ്ത്തി.


