മലപ്പുറം: ട്രെയിനിൽ യുവതിയെ പീഡിപ്പിക്കാൻ ശ്രമിച്ചെന്ന പരാതി അന്വേഷിക്കാനെത്തിയ തിരൂർ ആർപിഎഫ് എഎസ്ഐക്ക് മർദ്ദനം. സംഭവത്തിൽ അസം സ്വദേശിയായ യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. അസം സ്വദേശി പങ്കജ് ദൊളായിയാണ് അറസ്റ്റിലായത്. തിരൂരിൽ ഇന്നലെയായിരുന്നു സംഭവം.
യുവതിയെ ട്രെയിനിലെ ശുചിമുറിയിലേക്ക് കൊണ്ടുപോയി പീഡിപ്പിക്കാൻ ശ്രമിച്ചെന്നാണ് സഹയാത്രികർ ആർപിഎഫ് ഉദ്യോഗസ്ഥരെ അറിയിച്ചത്. ഇതിനിടെ യുവതിയെ ആക്രമണത്തിൽ നിന്ന് രക്ഷപ്പെട്ടുവെന്നും സഹയാത്രികർ പറഞ്ഞു. പരാതി അന്വേഷിക്കാനെത്തിയ ആർപിഎഫ് എഎസ്ഐയെയാണ് പിന്നീട് യുവാവ് ആക്രമിച്ചത്.
അതേസമയം, പീഡനശ്രമവുമായി ബന്ധപ്പെട്ട് യുവതി പൊലീസിൽ പരാതി നൽകിയിട്ടില്ലെന്നാണ് വിവരം. സംഭവത്തിൽ അറസ്റ്റിലായ യുവാവിന് മാനസിക അസ്വാസ്ഥ്യമുണ്ടോയെന്നും പൊലീസ് പരിശോധിക്കുന്നുണ്ട്.
ഉദ്യോഗസ്ഥന്റെ കൃത്യനിർവഹണം തടസ്സപ്പെടുത്തിയതിനും മാരകായുധം ഉപയോഗിച്ച് പരിക്കേൽപ്പിച്ചതിനും മനപ്പൂർവം മർദ്ദിച്ചതിനുമുള്ള വകുപ്പുകൾ ചുമത്തിയാണ് യുവാവിനെതിരെ കേസെടുത്തിരിക്കുന്നത്.

