ബെംഗളൂരു: യുവാവിന്റെ ഭീഷണിയും മാനസിക പീഡനവും സഹിക്കാനാകാതെ 22കാരി തടാകത്തിൽ ചാടി ജീവനൊടുക്കിയതായി പരാതി. അരോഡി സ്വദേശിനി വാണിശ്രീയാണ് മരിച്ചത്. ബെംഗളൂരുവിലെ അഗര തടാകത്തിൽനിന്നാണ് യുവതിയുടെ മൃതദേഹം കണ്ടെത്തിയത്.
പ്രദേശത്തെ ജ്വല്ലറിയി സെയിൽസ് വിഭാഗത്തിൽ ജോലി ചെയ്തുവരികയായിരുന്നു വാണിശ്രീ. അഭിഷേക് എന്ന യുവാവ് തന്നെ നിരന്തരം ഭീഷണിപ്പെടുത്തുകയും ഉപദ്രവിക്കുകയും ചെയ്യുന്നതായി യുവതി എഴുതിവെച്ച കുറിപ്പിൽ ആരോപിച്ചിരുന്നതായി പൊലീസ് അറിയിച്ചു.
ഓഗസ്റ്റ് 22ന് രാവിലെ വാണിശ്രീയുടെ മുറിയിൽ താമസിച്ചിരുന്ന സഹപ്രവർത്തകയാണ് കുറിപ്പിനെക്കുറിച്ച് സഹോദരി പൂജയെ അറിയിച്ചത്. തുടർന്ന് സഹോദരിയും പി.ജി. ഉടമയും ചേർന്ന് നടത്തിയ തിരച്ചിലിൽ യുവതിയെ കണ്ടെത്താനാകാതിരുന്നതോടെ പൊലീസിൽ വിവരമറിയിക്കുകയായിരുന്നു.
പൊലീസും ബന്ധുക്കളും ചേർന്ന് നടത്തിയ അന്വേഷണത്തിലാണ് അഗര തടാകത്തിൽനിന്ന് മൃതദേഹം കണ്ടെത്തിയത്. വാണിശ്രീയുടെ സഹോദരി നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ അഭിഷേകിനെതിരെ ആത്മഹത്യാ പ്രേരണക്കുറ്റം ചുമത്തി പൊലീസ് കേസെടുത്തു.
അഭിഷേക് വാണിശ്രീയെ നിരന്തരം ശല്യപ്പെടുത്തുകയും മാനസികമായി പീഡിപ്പിക്കുകയും ചെയ്തിരുന്നതായാണ് പരാതിയിലെ ആരോപണം. സംഭവത്തിൽ പൊലീസ് അന്വേഷണം തുടരുകയാണ്.

