കണ്ണൂർ: അർജുൻ ആയങ്കിക്കെതിരെ കേരള സാമൂഹ്യവിരുദ്ധ പ്രവർത്തനങ്ങൾ (തടയൽ) നിയമപ്രകാരം കാപ്പ ചുമത്തി ജില്ലാ കളക്ടർ ഉത്തരവിട്ടു. കണ്ണൂർ സിറ്റി പൊലീസ് കമ്മീഷണർ സമർപ്പിച്ച ശുപാർശ ജില്ലാ കളക്ടർ പി. വിഷ്ണുരാജ് അംഗീകരിക്കുകയായിരുന്നു.
കഴിഞ്ഞ ഏഴ് വർഷത്തിനിടെ ഒൻപത് ക്രിമിനൽ കേസുകളിൽ പ്രതിയായ അർജുൻ സമൂഹത്തിന് ഭീഷണിയാണെന്ന് ഉത്തരവിൽ പറയുന്നു. നിലവിൽ ജുഡീഷ്യൽ കസ്റ്റഡിയിൽ കഴിയുന്ന ഇയാൾക്ക് ജാമ്യം ലഭിച്ചാൽ തുടർന്നും കുറ്റകൃത്യങ്ങളിൽ ഏർപ്പെടാൻ സാധ്യതയുണ്ടെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് നടപടി.
കാപ്പ നിയമപ്രകാരം അർജുനെ കണ്ണൂർ സെൻട്രൽ ജയിലിൽ കരുതൽ തടങ്കലിൽ പാർപ്പിക്കാനാണ് ഉത്തരവ്. നടപടി ഉടൻ നടപ്പാക്കി ഇയാളെ അറസ്റ്റ് ചെയ്ത് കണ്ണൂർ സെൻട്രൽ ജയിൽ സൂപ്രണ്ടിന് മുമ്പാകെ ഹാജരാക്കണമെന്ന് ജില്ലാ കളക്ടർ സിറ്റി പൊലീസ് കമ്മീഷണർക്ക് നിർദേശം നൽകി.
അർജുനെതിരെ രണ്ട് വധശ്രമക്കേസുകൾ, ആയുധം ഉപയോഗിച്ച് മാരകമായി പരിക്കേൽപ്പിച്ച കേസ്, തട്ടിക്കൊണ്ടുപോകൽ കേസ് എന്നിവയുൾപ്പെടെ ഗുരുതര വകുപ്പുകൾ ചുമത്തിയ കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്. 2014 മുതൽ ഇയാൾ നിരന്തരം കുറ്റകൃത്യങ്ങളിൽ ഏർപ്പെടുന്ന വ്യക്തിയാണെന്ന് വിവിധ കേസുകളിൽ നേരത്തെ സമർപ്പിച്ച കുറ്റപത്രങ്ങളിൽ വ്യക്തമാക്കിയിരുന്നു

