കൊച്ചി: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അവഹേളിച്ചെന്ന പരാതിയിൽ മേക്കപ്പ് ആർടിസ്റ്റ് ജാൻമണി അറസ്റ്റിൽ. മഹിളാ മോർച്ച നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ കോഴിക്കോട് സിറ്റി സൈബർ പൊലീസാണ് ജാൻമണിയെ അറസ്റ്റ് ചെയ്തത്. ജാമ്യം ലഭിക്കാവുന്ന വകുപ്പുകളാണ് ചുമത്തിയിരിക്കുന്നതെന്നാണ് പൊലീസ് വ്യക്തമാക്കുന്നത്. ഇതിന്റെ അടിസ്ഥാനത്തിൽ സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയക്കുമെന്നാണ് വിവരം.
ജന്തർ മന്തറിൽ നടന്ന സമരത്തിന്റെ പശ്ചാത്തലത്തിലായിരുന്നു പ്രധാനമന്ത്രിക്കെതിരെ ജാൻമണി വിവാദ പരാമർശം നടത്തിയത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും അദ്ദേഹത്തിന്റെ മാതാവിനെയും അധിക്ഷേപിക്കുന്ന തരത്തിലായിരുന്നു പരാമർശമെന്നാണ് പരാതി.
പരാമർശം വിവാദമായതോടെ ജാൻമണി പിന്നീട് മാപ്പ് പറഞ്ഞിരുന്നു. ആരെയും വേദനിപ്പിക്കാൻ ഉദ്ദേശിച്ചല്ല പരാമർശം നടത്തിയതെന്നും പരസ്യമായി ക്ഷമ ചോദിക്കാൻ ആഗ്രഹിക്കുന്നുവെന്നും ജാൻമണി ഇൻസ്റ്റഗ്രാമിലൂടെ വ്യക്തമാക്കിയിരുന്നു.
എന്നാൽ ജാൻമണിയുടെ മാപ്പപേക്ഷ അംഗീകരിക്കില്ലെന്ന നിലപാടാണ് മഹിളാ മോർച്ച സ്വീകരിച്ചത്. തെറ്റ് ചെയ്തതിന് ശേഷം മാപ്പ് പറഞ്ഞതുകൊണ്ട് മാത്രം വിഷയം അവസാനിക്കില്ലെന്നും സംഘടന വ്യക്തമാക്കിയിരുന്നു.

