തിരുവനന്തപുരം: ലഹരിവിരുദ്ധ നടപടികളുടെ ഭാഗമായി കേരള പൊലീസ് സംസ്ഥാന വ്യാപകമായി നടപ്പാക്കുന്ന ‘ഓപ്പറേഷൻ തൂഫാൻ’ പരിശോധനയിൽ 38 കേസുകളിലായി 38 പേർ കൂടി അറസ്റ്റിലായി. ഇതോടെ ഓപ്പറേഷന്റെ ഭാഗമായി രജിസ്റ്റർ ചെയ്ത കേസുകളുടെ എണ്ണം 9,085 ആയും ആകെ അറസ്റ്റിലായവരുടെ എണ്ണം 9,795 ആയും ഉയർന്നു.
ഇതുവരെ നടത്തിയ പരിശോധനകളിൽ 7,460.567 ഗ്രാം എംഡിഎംഎ, 961.450 കിലോഗ്രാം കഞ്ചാവ്, 4,720.909 ഗ്രാം ഹാഷിഷ് ഓയിൽ എന്നിവ പിടിച്ചെടുത്തതായി പൊലീസ് അറിയിച്ചു.
കഴിഞ്ഞ ദിവസം രജിസ്റ്റർ ചെയ്ത കേസുകളിൽ ചെറിയ അളവിൽ ലഹരിവസ്തു കൈവശംവച്ചതിന് 10 കേസുകളും ഇടത്തരം അളവിൽ കൈവശംവച്ചതിന് ഒരു കേസും ഉൾപ്പെടുന്നു. എൻഡിപിഎസ് നിയമപ്രകാരം 27 കേസുകളും കോട്പ നിയമപ്രകാരം 16 കേസുകളും രജിസ്റ്റർ ചെയ്തു. പ്രതികളിൽനിന്ന് 3.343 കിലോഗ്രാം കഞ്ചാവും പിടിച്ചെടുത്തു.
ഓപ്പറേഷന്റെ ഭാഗമായി കഴിഞ്ഞ ദിവസം മാത്രം സംസ്ഥാനത്തുടനീളം 65 ലഹരിവിരുദ്ധ ബോധവത്കരണ ക്ലാസുകൾ സംഘടിപ്പിച്ചു. ഇതുവരെ 8,994 ബോധവത്കരണ ക്ലാസുകളും 564 കൗൺസലിങ് സെഷനുകളും നടത്തിയിട്ടുണ്ട്. സ്കൂൾ–കോളേജ് പ്രൊട്ടക്ഷൻ ഗ്രൂപ്പുകളുടെ നേതൃത്വത്തിൽ 6,482 ബോധവത്കരണ പരിപാടികളും സംഘടിപ്പിച്ചു.
ലഹരിവിൽപ്പനയും വിതരണവുമായി ബന്ധപ്പെട്ട വിവരങ്ങൾ പൊതുജനങ്ങൾക്ക് 9497979794, 9497927797 എന്നീ നമ്പറുകളിൽ നേരിട്ടോ 9995966666 എന്ന വാട്സ്ആപ്പ് നമ്പറിലൂടെയോ പൊലീസിനെ അറിയിക്കാം. വിവരം നൽകുന്നവരുടെ വിശദാംശങ്ങൾ രഹസ്യമായി സൂക്ഷിക്കുമെന്ന് പൊലീസ് വ്യക്തമാക്കി.

