
മനാമ: ഇന്ത്യൻ ക്ലബ് ബഹ്റൈന്റെ നേതൃത്വത്തിൽ ഇന്ത്യയുടെ 80-ാം സ്വാതന്ത്ര്യദിനം ആഘോഷിച്ചു. രാവിലെ 6.30ന് ക്ലബ് അങ്കണത്തിൽ ലളിതവും പ്രൗഢവുമായ ചടങ്ങുകളോടെയായിരുന്നു ആഘോഷം. ഇന്ത്യൻ ക്ലബ് അംഗങ്ങൾ, സമ്മർ ക്യാമ്പിൽ പങ്കെടുക്കുന്ന കുട്ടികൾ, രക്ഷിതാക്കൾ എന്നിവരുൾപ്പെടെ നൂറിലധികം പേർ ചടങ്ങിൽ പങ്കെടുത്തു. ദേശീയപതാക ഉയർത്തിയതിനു പിന്നാലെ എല്ലാവരും ചേർന്ന് ദേശീയഗാനം ആലപിച്ചു. ക്ലബ് ജനറൽ സെക്രട്ടറി അനിൽ കുമാർ ആർ. ചടങ്ങിൽ പങ്കെടുത്തവരെ സ്വാഗതം ചെയ്തു. തുടർന്ന് പ്രസിഡന്റ് ജോസഫ് ജോയ് സ്വാതന്ത്ര്യദിന സന്ദേശം നൽകി. രാജ്യസ്നേഹവും ഐക്യബോധവും നിറഞ്ഞ അന്തരീക്ഷത്തിൽ നടന്ന ആഘോഷത്തിന് ശേഷം പങ്കെടുത്തവർക്കായി പ്രഭാതഭക്ഷണവും ഒരുക്കിയിരുന്നു.


