ന്യൂഡൽഹി: ജന്തർ മന്തറിൽ വിദ്യാർഥികൾ നടത്തിയ പ്രതിഷേധവുമായി ബന്ധപ്പെട്ട ക്രിമിനൽ കേസുകൾ പിൻവലിക്കാനുള്ള നീക്കത്തിനെതിരെ സുപ്രീംകോടതിയിൽ പൊതുതാൽപ്പര്യ ഹർജി. കേസുകൾ പിൻവലിക്കുന്നത് ഭാവിയിലെ പ്രതിഷേധങ്ങളിൽ അപകടകരമായ കീഴ്വഴക്കം സൃഷ്ടിക്കുമെന്ന് ചൂണ്ടിക്കാട്ടി മനീഷ് കുമാർ സോളങ്കിയാണ് ഹർജി സമർപ്പിച്ചത്.
പ്രതിഷേധക്കാർക്കെതിരേ രജിസ്റ്റർ ചെയ്ത എഫ്ഐആറുകൾ പിൻവലിക്കാമെന്ന് ഓഗസ്റ്റ് മൂന്നിന് സുപ്രീംകോടതി വ്യക്തമാക്കിയിരുന്നു. എന്നാൽ രാഷ്ട്രീയ സമ്മർദത്തിന്റെ അടിസ്ഥാനത്തിൽ കേസുകൾ പിൻവലിക്കുന്നതിൽനിന്ന് കേന്ദ്ര-സംസ്ഥാന സർക്കാരുകളെ തടയണമെന്നാണ് പുതിയ ഹർജിയിലെ ആവശ്യം.
രാജസ്ഥാനിൽ അടുത്തിടെ ഉണ്ടായ ക്രമസമാധാന പ്രശ്നവും ഒരു യുവാവിന്റെ മരണവും ചൂണ്ടിക്കാട്ടിയ ഹർജിക്കാരന്റെ അഭിഭാഷകൻ, രാജ്യതലസ്ഥാനത്തെ പ്രതിഷേധങ്ങൾക്കുമുന്നിൽ സർക്കാർ വഴങ്ങിയാൽ മറ്റു സംസ്ഥാനങ്ങളിലും സമാനമായ സാഹചര്യമുണ്ടാകുമെന്ന് വാദിച്ചു. ഇന്ന് ഒരു വിഭാഗത്തിന്റെ കേസുകൾ പിൻവലിച്ചാൽ നാളെ ‘ആൽഫയും ബീറ്റയും ഡെൽറ്റയും’ സമാനമായ ആവശ്യവുമായി എത്തുമെന്നും അഭിഭാഷകൻ പറഞ്ഞു.
ശംഭു അതിർത്തിയിൽനിന്നുള്ള പ്രതിഷേധക്കാർ ട്രാക്ടറുകളുമായി പാർലമെന്റിലേക്ക് എത്തുന്നതും ഷാഹീൻബാഗിൽനിന്നുള്ളവർ സമാനമായ പ്രതിഷേധം നടത്തുന്നതും ഗുരുതരമായ സുരക്ഷാപ്രശ്നങ്ങൾക്ക് വഴിവെക്കുമെന്ന ആശങ്കയും കോടതിയിൽ ഉന്നയിച്ചു.
പൊലീസിനും സുരക്ഷാസേനയ്ക്കുമെതിരെ അധിക്ഷേപകരമോ അപകീർത്തികരമോ ആയ ഭാഷ ഉപയോഗിച്ചവരെ കണ്ടെത്തി കമ്മ്യൂണിറ്റി സർവീസിന് നിയോഗിക്കണമെന്നും ഹർജിയിൽ ആവശ്യപ്പെട്ടിട്ടുണ്ട്.
ചീഫ് ജസ്റ്റിസ് സൂര്യകാന്ത്, ജസ്റ്റിസുമാരായ ജോയ്മല്യ ബാഗ്ചി, വി. മോഹന എന്നിവരടങ്ങിയ ബെഞ്ച് വിദ്യാർഥി പ്രതിഷേധവുമായി ബന്ധപ്പെട്ട മറ്റു കേസുകൾക്കൊപ്പം ഈ ഹർജിയും പിന്നീട് പരിഗണിക്കും.

