
മനാമ: ബഹ്റൈനിലെ തൊഴിൽവിപണിയുടെ സുസ്ഥിരതയും മത്സരക്ഷമതയും ഉറപ്പാക്കുന്നതിന്റെ ഭാഗമായി ലേബർ മാർക്കറ്റ് റെഗുലേറ്ററി അതോറിറ്റി (എൽ.എം.ആർ.എ) 2026 ജൂലൈയിൽ രാജ്യത്തുടനീളം 3,633 പരിശോധനാ ക്യാമ്പെയ്നുകളും സന്ദർശനങ്ങളും നടത്തി.
തൊഴിൽ–താമസ നിയമങ്ങൾ ലംഘിച്ചതായി കണ്ടെത്തിയ 114 തൊഴിലാളികളെ പരിശോധനകളുടെ ഭാഗമായി കസ്റ്റഡിയിലെടുത്തു. നേരത്തെ പിടിയിലായവരടക്കം 420 നിയമലംഘകരായ പ്രവാസികളെ നിയമനടപടികൾ പൂർത്തിയാക്കി നാടുകടത്തിയതായും എൽ.എം.ആർ.എ അറിയിച്ചു.
വിവിധ സ്ഥാപനങ്ങളിലായി 3,449 പരിശോധനാ സന്ദർശനങ്ങളും സർക്കാർ ഏജൻസികളുമായി സഹകരിച്ച് 184 സംയുക്ത പരിശോധനാ ക്യാമ്പെയ്നുകളുമാണ് നടത്തിയത്. എൽ.എം.ആർ.എ നിയമത്തിലെയും ബഹ്റൈൻ റസിഡൻസി നിയമത്തിലെയും വിവിധ വ്യവസ്ഥകളുടെ ലംഘനങ്ങൾ പരിശോധനകളിൽ കണ്ടെത്തി. നിയമലംഘകർക്കെതിരെ ആവശ്യമായ നടപടികൾ സ്വീകരിച്ചതായും അധികൃതർ വ്യക്തമാക്കി.
നാഷണാലിറ്റി, പാസ്പോർട്ട് ആൻഡ് റെസിഡൻസ് അഫയേഴ്സ്, ക്രൈം ഡിറ്റക്ഷൻ ആൻഡ് ഫോറൻസിക് സയൻസ് ജനറൽ ഡയറക്ടറേറ്റ്, വിവിധ ഗവർണറേറ്റുകളിലെ പൊലീസ് ഡയറക്ടറേറ്റുകൾ, സിവിൽ ഡിഫൻസ് എന്നിവരുമായി സഹകരിച്ചാണ് സംയുക്ത പരിശോധനകൾ നടത്തിയത്.
വ്യവസായ–വാണിജ്യ മന്ത്രാലയം, ബഹ്റൈൻ ടൂറിസം ആൻഡ് എക്സിബിഷൻസ് അതോറിറ്റി, സോഷ്യൽ ഇൻഷുറൻസ് ഓർഗനൈസേഷൻ, ഇലക്ട്രിസിറ്റി ആൻഡ് വാട്ടർ അതോറിറ്റി, നാഷണൽ ഹെൽത്ത് റെഗുലേറ്ററി അതോറിറ്റി തുടങ്ങിയ സർക്കാർ സ്ഥാപനങ്ങളും പരിശോധനകളിൽ പങ്കെടുത്തു.
നിയമവിരുദ്ധ തൊഴിൽരീതികൾ തടയുന്നതിനായി രാജ്യവ്യാപക പരിശോധനകൾ തുടരുമെന്ന് എൽ.എം.ആർ.എ അറിയിച്ചു. നിയമലംഘനങ്ങളെക്കുറിച്ച് www.lmra.gov.bh, കോൾ സെന്റർ നമ്പരായ 17506055, അല്ലെങ്കിൽ സർക്കാർ പരാതിപരിഹാര സംവിധാനമായ ‘തവാസുൽ’ വഴി അറിയിക്കാം.


