
മനാമ: റസ്റ്റാറന്റുകളുടെ മെനുകളിലും ഫുഡ് ഡെലിവറി ആപ്പുകളിലും കൃത്രിമബുദ്ധി ഉപയോഗിച്ച് നിർമിച്ച ഭക്ഷണചിത്രങ്ങൾ നൽകി ഉപഭോക്താക്കളെ തെറ്റിദ്ധരിപ്പിക്കുന്നത് തടയാൻ പുതിയ നിയമനിർദേശവുമായി ബഹ്റൈൻ പാർലമെന്റ് അംഗം മർയം അൽ ദഈൻ.
എ.ഐ. ഉപയോഗിച്ച് നിർമിക്കുന്ന ചിത്രങ്ങൾ യഥാർഥ ചിത്രങ്ങളിൽനിന്ന് തിരിച്ചറിയാൻ കഴിയാത്തവിധം വ്യക്തതയുള്ളതാണെന്ന് എം.പി. ചൂണ്ടിക്കാട്ടി. ഇത്തരം ചിത്രങ്ങളിൽ ഭക്ഷണം കൂടുതൽ രുചികരമായും അളവിൽ കൂടുതലായും കാണിച്ചേക്കാം. എന്നാൽ ഓർഡർ ലഭിക്കുമ്പോൾ ചിത്രത്തിൽ കാണിച്ചതിനേക്കാൾ നിലവാരവും അളവും കുറഞ്ഞിരിക്കുന്നത് ഉപഭോക്താക്കളെ നിരാശരാക്കുന്നതായും അവർ പറഞ്ഞു.
എ.ഐ. ഉപയോഗിച്ച് നിർമിച്ച എല്ലാ ഭക്ഷണചിത്രങ്ങൾക്കുമൊപ്പം അത് വ്യക്തമാക്കുന്ന മുന്നറിയിപ്പ് നിർബന്ധമാക്കണമെന്നാണ് നിർദേശം. ഉൽപ്പന്നങ്ങളെക്കുറിച്ച് തെറ്റായ ധാരണ സൃഷ്ടിക്കുന്നതും വ്യാജ അവകാശവാദങ്ങൾ ഉന്നയിക്കുന്നതുമായ പരസ്യങ്ങൾ നിയമപ്രകാരം കുറ്റകരമാക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.
ഭക്ഷണം യഥാർഥത്തിലുള്ളതിനേക്കാൾ മികച്ചതായി ചിത്രീകരിച്ച് ഉപഭോക്താക്കളെ കബളിപ്പിക്കുന്നത് തടയുകയാണ് നിർദേശത്തിന്റെ ലക്ഷ്യം. വ്യാജചിത്രങ്ങളുടെ ഉപയോഗം റസ്റ്റാറന്റുകളിലുള്ള പൊതുജനവിശ്വാസം നഷ്ടപ്പെടാൻ കാരണമാകുമെന്നും മർയം അൽ ദഈൻ കൂട്ടിച്ചേർത്തു.


