
മനാമ: ഷെയ്ഖ് ഈസ ബിൻ സൽമാൻ കോസ്വേയിൽ റോഡ് നവീകരണ പ്രവൃത്തികളുടെ ഭാഗമായി രണ്ട് ലെയിനുകൾ താൽക്കാലികമായി അടയ്ക്കുമെന്ന് ബഹ്റൈൻ പൊതുമരാമത്ത് മന്ത്രാലയം അറിയിച്ചു.
മുഹറഖിലേക്കുള്ള കിഴക്കുദിശയിലെ അതിവേഗ ലെയിനും മധ്യ ലെയിനുമാണ് അടയ്ക്കുന്നത്. ഈ സമയത്ത് വാഹനഗതാഗതത്തിനായി ഒരു ലെയിൻ മാത്രമായിരിക്കും ലഭ്യമാകുക.

ജൂലൈ 24 വെള്ളിയാഴ്ച പുലർച്ചെ 12 മണി മുതൽ ജൂലൈ 26 ഞായറാഴ്ച പുലർച്ചെ അഞ്ചുമണി വരെയാണ് നിയന്ത്രണം പ്രാബല്യത്തിലുണ്ടാകുക.
യാത്രക്കാർ ഗതാഗതക്കുരുക്ക് കണക്കിലെടുത്ത് യാത്രകൾ മുൻകൂട്ടി ക്രമീകരിക്കണമെന്നും സാധ്യമെങ്കിൽ ബദൽ പാതകൾ ഉപയോഗിക്കണമെന്നും അധികൃതർ അഭ്യർഥിച്ചു. എല്ലാവരുടെയും സുരക്ഷയ്ക്കായി ട്രാഫിക് നിയമങ്ങളും മുന്നറിയിപ്പ് ബോർഡുകളും കൃത്യമായി പാലിക്കണമെന്നും മന്ത്രാലയം നിർദേശിച്ചു.


