
ചെന്നൈ: തമിഴ് സിനിമയും രാഷ്ട്രീയവും വീണ്ടും ചരിത്രനിമിഷത്തിന് സാക്ഷിയാകുന്നു. തമിഴ്നാട് മുഖ്യമന്ത്രിയായിരിക്കെ സി. ജോസഫ് വിജയ് നായകനായി അഭിനയിച്ച ‘ജനനായകൻ’ വൻ ആരാധകാഘോഷങ്ങളോടെ വ്യാഴാഴ്ച തിയേറ്ററുകളിലെത്തി. മുഖ്യമന്ത്രിപദം ഏറ്റെടുത്തശേഷം തിയേറ്ററുകളിലെത്തുന്ന വിജയ് ചിത്രം എന്ന പ്രത്യേകതയും ‘ജനനായകനുണ്ട്’.

1977-ൽ എം.ജി. രാമചന്ദ്രൻ തമിഴ്നാട് മുഖ്യമന്ത്രിയായി അധികാരമേറ്റതിന് പിന്നാലെ അദ്ദേഹം നായകനായ ‘മീനവ നൻബൻ’ റിലീസ് ചെയ്തിരുന്നു. അതിനുശേഷം ഏകദേശം അഞ്ച് പതിറ്റാണ്ടുകൾ പിന്നിടുമ്പോഴാണ് തമിഴകത്തിന്റെ മുഖ്യമന്ത്രി കേന്ദ്രകഥാപാത്രത്തെ അവതരിപ്പിച്ച മറ്റൊരു ചിത്രം പ്രദർശനത്തിനെത്തുന്നത്. വിജയ് മുഖ്യമന്ത്രിയായി ചുമതലയേറ്റ് രണ്ടുമാസത്തിലേറെ പിന്നിടുമ്പോഴാണ് ‘ജനനായകന്റെ’ റിലീസ്.

വിജയ്യുടെ അവസാന സിനിമയെന്ന നിലയിൽ പ്രഖ്യാപിക്കപ്പെട്ട ചിത്രം നേരത്തേ ജനുവരിയിൽ റിലീസ് ചെയ്യാനായിരുന്നു തീരുമാനം. എന്നാൽ സെൻട്രൽ ബോർഡ് ഓഫ് ഫിലിം സർട്ടിഫിക്കേഷനുമായി ബന്ധപ്പെട്ട നടപടികളും തുടർന്നുണ്ടായ നിയമപോരാട്ടങ്ങളും കാരണം റിലീസ് മാസങ്ങളോളം വൈകുകയായിരുന്നു. ആവശ്യപ്പെട്ട മാറ്റങ്ങൾ വരുത്തിയതിനെത്തുടർന്ന് ചിത്രം ‘എ’ സർട്ടിഫിക്കറ്റോടെയാണ് പ്രദർശനാനുമതി നേടിയത്.

എച്ച്. വിനോദ് സംവിധാനം ചെയ്ത പൊളിറ്റിക്കൽ ആക്ഷൻ ചിത്രത്തിൽ വിരമിച്ച പൊലീസ് ഉദ്യോഗസ്ഥനായാണ് വിജയ് എത്തുന്നത്. സാമൂഹികനീതിയും സാധാരണക്കാരുടെ സംരക്ഷണവും ഉൾപ്പെടെയുള്ള വിഷയങ്ങളാണ് ചിത്രത്തിന്റെ പ്രമേയമെന്നാണ് പുറത്തുവരുന്ന വിവരം. പൂജ ഹെഗ്ഡെ, ബോബി ഡിയോൾ, മമിത ബൈജു, പ്രകാശ് രാജ് തുടങ്ങിയവരും പ്രധാന വേഷങ്ങളിലുണ്ട്.

റിലീസിന് മുമ്പുതന്നെ ചിത്രത്തിന് വൻതോതിൽ ടിക്കറ്റ് ബുക്കിങ് ലഭിച്ചു. ആദ്യഘട്ട കണക്കുകൾ പ്രകാരം 6.45 ലക്ഷത്തിലധികം ടിക്കറ്റുകൾ മുൻകൂട്ടി വിറ്റഴിഞ്ഞപ്പോൾ, റിലീസ് ദിനത്തോടെ വിൽപ്പന ഏഴുലക്ഷം പിന്നിട്ടതായാണ് റിപ്പോർട്ടുകൾ. ആദ്യദിന ആഗോള കളക്ഷൻ 100 കോടി രൂപയിലെത്തുമെന്ന പ്രതീക്ഷയിലാണ് സിനിമാ വ്യാപാരലോകം.

തമിഴ്നാടിന് പുറമെ കേരളം, കർണാടക തുടങ്ങിയ സംസ്ഥാനങ്ങളിലും വിദേശരാജ്യങ്ങളിലും വിപുലമായ റിലീസാണ് ചിത്രത്തിന് ലഭിച്ചിരിക്കുന്നത്. കേരളത്തിൽ പുലർച്ചെ മുതൽ പ്രദർശനങ്ങൾ ആരംഭിച്ചു. തമിഴ്നാട്ടിൽ രാവിലെ ഒമ്പതിനായിരുന്നു ആദ്യ ഷോ. പുതുച്ചേരിയിൽ നിശ്ചയിച്ചിരുന്ന ചില പ്രഭാതപ്രദർശനങ്ങൾ ടിക്കറ്റ് വിതരണവുമായി ബന്ധപ്പെട്ട പ്രശ്നങ്ങളെ തുടർന്ന് റദ്ദാക്കിയതായും റിപ്പോർട്ടുണ്ട്.
മുഖ്യമന്ത്രിയായിരിക്കെ വിജയ്യുടെ ചിത്രം തിയേറ്ററുകളിലെത്തിയതോടെ സിനിമാ-രാഷ്ട്രീയ രംഗങ്ങളിൽ ‘ജനനായകൻ’ വലിയ ചർച്ചയായി മാറിയിരിക്കുകയാണ്. ആരാധകരെ സംബന്ധിച്ചിടത്തോളം ഇത് ആഘോഷ റിലീസ് മാത്രമല്ല, വിജയ്യുടെ ദീർഘമായ സിനിമാ ജീവിതത്തിനുള്ള വികാരനിർഭരമായ വിടവാങ്ങൽ കൂടിയാണ്.


